2010, ജൂൺ 14, തിങ്കളാഴ്‌ച

എന്റെ മഴ



കാല്‍പ്പനികന്റെ സ്വപ്നങ്ങളാണ് മഴ. വീടിനകത്തിരുന്നാലും അവനെ നനയ്ക്കാന്‍ മഴയ്ക്കു സാധിക്കും. മഴ പല തരത്തിലാണെങ്കിലും മഴ സ്വപ്നങ്ങള്‍ മിക്കവര്‍ക്കും ഒരുപോലെയാണ്. വെളുപ്പാന്‍ കാലത്ത് പുറത്തിരമ്പിപ്പെയ്യുന്ന മഴയില്‍ തണുത്ത് വെറുങ്ങലിച്ച് ഒരു പുതപ്പിന് കീഴെ ഒളിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല.


വെള്ളം പണ്ടു മുതലേ എന്റെ സുഹൃത്താണ്. സാധാരണ കുളി എന്നു പറഞ്ഞാല്‍ എനിക്ക് നീരാട്ട് തന്നെയാണ്. ഡാന്‍സും പാട്ടും വെള്ളം കൊണ്ടുള്ള ഫൌണ്ടനുകളും എല്ലാം കഴിയുമ്പോള്‍ ഒരു നേരമാകും. ചിലപ്പോള്‍ ഒന്നും കൂടി മോട്ടര്‍ അടിക്കേണ്ടിയും വരും. അമ്മയ്ക്ക് കലിയിളകുമ്പോള്‍ ഊറിച്ചിരിച്ച് വീണ്ടും ഒരു പാട്ട് പാടാന്‍ തുടങ്ങിയിട്ടുണ്ടാകും ഞാന്‍. പക്ഷെ മഴക്കാലമായാല്‍ കഥ മാറി. ഒരു ബക്കറ്റ് വെള്ളം ധാരാളമാണ് കുളിക്കാന്‍. മാത്രമോ, രണ്ട് മിനിറ്റു കൊണ്ട് കുളിച്ച് ഓടിച്ചന്ന് അമ്മയെ കെട്ടിപ്പിടിക്കും. അമ്മയ്ക്കെപ്പോഴും നല്ല ചൂടായിരിക്കും.


മഴ മണങ്ങളും വ്യത്യസ്തമാണ്. പുതു മഴയ്ക്ക് പുതു മണ്ണിന്റെ മണം. നനഞ്ഞ് സ്കൂളില്‍ ചെന്നു കേറിയാലോ മഴയ്ക്ക് വിയര്‍പ്പിന്റെ മണമാണ്. കാലില്‍ ചളിയും ഡ്രസ്സില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ളവുമായി വീട്ടില്‍ വരുമ്പോള്‍ മഴയ്ക്ക് ഈറന്റെ മണമാണ്. അടുക്കളയില്‍ അമ്മ ഭക്ഷണമുണ്ടാക്കുമ്പോള്‍ ചോറു പുഴുങ്ങുന്ന മണമാണ് മഴയ്ക്ക്. കര്‍ക്കിടകത്തിലെ മഴയ്ക്കൊരു പ്രത്യേക സുഗന്ധമാണ്. മല്ലിയും കുടകപ്പാലരിയും വിഴലരിയും അയമോദകവും കരിംജീരകവും കരയാമ്പുവും കുരുമുളകും ചുക്കും നെയ്യും അങ്ങനെ എല്ലാം ചേര്‍ന്ന ഒരു ആയുര്‍വേദ മണം. ജനലഴികളില്‍ക്കൂടി വിദൂരതയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ മഴക്കൊരു വിഷാദ ഗന്ധമാണ്. ഏത് മണമായാലും മഴയെ സ്നേഹിക്കാന്‍ പ്രത്യേകിച്ചൊരു കാരണം വേണമെന്ന് തോന്നുന്നില്ല.


ഞാന്‍ പലപ്പോഴും മഴയോട് സംസാരിക്കാറുണ്ട്. എന്റെ കൂട്ടുകാര്‍ എന്നെ കളിയാക്കുമെങ്കിലും എനിക്കതൊരു ആശ്വാസവും സന്തോഷവുമാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമല്ല, ഇവിടം വെടിഞ്ഞവര്‍ക്കും മഴ ആസ്വദിക്കാന്‍ കഴിയുമെന്നെനിക്ക് തോന്നാറുണ്ട്. മഴയില്‍ നോക്കി സംസാരിക്കുമ്പോള്‍ എന്റെ കൂടെയില്ലാത്ത പലരേയും കാണാന്‍ കഴിയാറുണ്ട്. ഞാനവരോട് സംസാരിക്കാറുണ്ട്. പണ്ടാരോ പറഞ്ഞതു പോലെ “ആത്മാക്കളുടെ സന്തോഷമാണ് മഴ”യെന്ന് ഞാനും വിശ്വസിക്കുന്നു.

4 അഭിപ്രായങ്ങൾ: