2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

ഭാര്‍ഗവീനിലയം



ഞാനാ വീട്ടില്‍ താമസം തുടങ്ങിയിട്ട് മൂന്ന് മാസമായി. ഇതിനിടയില്‍ രണ്ട് ലോക മഹായുദ്ധവും ഒരു രാജ്യ പലായനവും കുറച്ച് മരണവും കഴിഞ്ഞു. എനിക്കു മുന്നേ വന്നവര്‍ ആറു മാസത്തിലധികമായി അവിടെ. വീട്ടിലേക്ക് വന്നു കയറുമ്പോഴും ഇറങ്ങി പോകുമ്പോഴും അടുത്തുള്ള ആളുകള്‍ കണ്‍വെട്ടത്തു നിന്ന് മറയുന്ന വരെ നോക്കികൊണ്ടിരിക്കും. എന്താണിങ്ങനെ എന്ന് ചിന്തിച്ചിരുന്നെങ്കിലും പിന്നീട് ഞങ്ങള്‍ സ്വയം ഉത്തരം കണ്ടെത്തി. ‘പെണ്ണുങ്ങളെ കണ്ടു കാണില്ല ഇവര്‍... കുറച്ച് സൌന്ദര്യം ഉണ്ടായിപ്പോയതിന് എന്തു ചെയ്യാനാ, അല്ലേ???’

വീട്ടുടമസ്ഥര്‍ ഇടയ്ക്കിടെ വന്ന് ‘കുഴപ്പമില്ലല്ലോ’ എന്ന് ചോദിച്ചു കൊണ്ടിരിക്കും. പുതിയ താമസക്കാരോടുള്ള സ്നേഹാന്വേഷണം ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടുണ്ടായ കുരുക്ഷേത്ര യുദ്ധത്തിന് ശേഷം നിലനിന്നിരുന്ന ശാന്തത ഭീകരതയുടെ മൂടുപടമായിരുന്നെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നില്ല. ചില അസ്വസ്ഥതകള്‍ ഉടലെടുക്കാന്‍ തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു. ഇതുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. അതോ കുഴപ്പങ്ങള്‍ ബഹളങ്ങളില്‍ മുങ്ങിപ്പോയതാണോ എന്നും അറിയില്ല. ഇപ്പൊ ചില ദുര്‍ലക്ഷണങ്ങളൊക്കെ കണ്ടു വരുന്നുണ്ട്. തനിയെ വീണു പൊട്ടുന്ന ബള്‍ബ്, അകത്തു കയറി അടച്ചാല്‍ തുറക്കാന്‍ കഴിയാത്ത വാതില്‍, കറങ്ങുന്നതിനിടെ നിന്നു പോകുന്ന ഫാന്‍... അങ്ങനെ ഉറക്കം കിട്ടാത്ത കുറേ രാത്രികള്‍ മാത്രം ബാക്കി.

ഒരു രാത്രി സംസാരിച്ചു കൊണ്ട് ഭക്ഷണമുണ്ടാക്കുകയായിരുന്നു ഞങ്ങള്‍. ഞാന്‍ സ്പൂണ്‍ കൊണ്ട് കറിയിളക്കുന്നു. പെട്ടെന്നാരോ എന്റെ കൈ പിടിച്ചു താഴേക്കാക്കി. കറി തട്ടി കൈ കുറച്ചു പൊള്ളിയെങ്കിലും അതത്ര കാര്യമാക്കിയില്ല. വീണ്ടും ഇളക്കാനാരംഭിച്ചെങ്കിലും വീണ്ടും അതുതന്നെ ആവര്‍ത്തിച്ചു. ആരോ കൈ ബലമായി പിടിച്ച് താഴേക്കാക്കുന്നപോലെ... എന്റെ ആകാംക്ഷ ഞാന്‍ മറച്ചു വെച്ചില്ല. കറി ഉണ്ടാക്കല്‍ നിര്‍ത്തി ഞങ്ങള്‍ ഹാളില്‍ വന്നിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. ചെറിയൊരു നിശബ്ദദയ്ക്കു ശേഷം ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞു. “ഒന്നുമില്ല... പക്ഷെ എന്തോ ഉണ്ട്...”

ഫോണെടുത്ത് പലരോടായി സ്ഥലത്തക്കുറിച്ചന്വേഷിച്ചു. പലര്‍ക്കും പല കേട്ടുകേള്‍വികള്‍. ഒരു സ്ത്രീയെയും കുഞ്ഞിനേയും ആരോ ആ വീട്ടില്‍ തീയ്യിട്ട് കൊന്നിട്ടുണ്ടന്നു കൂടി കേട്ടതോടെ സമാധാനമായി. മൂന്ന് റൂമിലായി കിടന്നിരുന്ന ഞങ്ങള്‍ ഒന്നിച്ച് ഹാളിലാണ് അന്ന് കിടന്നത്. പിറ്റേന്നു ഓഫീസില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ കൈയ്യില്‍ ബ്ളെസ്സ് ചെയ്ത ഒരു കൊന്തയുമുണ്ടായിരുന്നു. റൂമിലെത്തിയാല്‍ ഉടനെ കൊന്തയിടും. അതിനെ ആശ്രയിച്ചായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ ഉറക്കം.

കുറച്ചു ദിവസം കഴിഞ്ഞപ്പൊ ധൈര്യമെല്ലാം വീണ്ടെടുത്തു. ബഷീറിന്റെ നീലവെളിച്ചത്തിലെ പോലെ പലരേയും പ്രതീക്ഷിച്ചു. പക്ഷെ ആരും വന്നില്ല. പിന്നീടെപ്പഴോ എല്ലാം മാറിപ്പോയി. തിരക്കുപിടിച്ച ജോലിക്കിടെ ഇതിനെക്കുറിച്ചോര്‍ക്കാന്‍ സമയമില്ലാഞ്ഞിട്ടാവാം. ജീവിതം പഴയ പോലെ മുന്നോട്ട്. എന്നാലും ഇടയ്ക്ക് ഞാന്‍ മനസ്സില്‍ ഓര്‍ക്കാറുണ്ട്. അവരും ഓര്‍ക്കുന്നുണ്ടാകുമെന്നുറപ്പാണ്. “ഒന്നുമില്ല... പക്ഷെ എന്തോ ഉണ്ട്...”

4 അഭിപ്രായങ്ങൾ: