ലേബലുകള്‍

ഓർമ്മക്കുറിപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓർമ്മക്കുറിപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010, ജൂൺ 14, തിങ്കളാഴ്‌ച

എന്റെ മഴ



കാല്‍പ്പനികന്റെ സ്വപ്നങ്ങളാണ് മഴ. വീടിനകത്തിരുന്നാലും അവനെ നനയ്ക്കാന്‍ മഴയ്ക്കു സാധിക്കും. മഴ പല തരത്തിലാണെങ്കിലും മഴ സ്വപ്നങ്ങള്‍ മിക്കവര്‍ക്കും ഒരുപോലെയാണ്. വെളുപ്പാന്‍ കാലത്ത് പുറത്തിരമ്പിപ്പെയ്യുന്ന മഴയില്‍ തണുത്ത് വെറുങ്ങലിച്ച് ഒരു പുതപ്പിന് കീഴെ ഒളിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല.


വെള്ളം പണ്ടു മുതലേ എന്റെ സുഹൃത്താണ്. സാധാരണ കുളി എന്നു പറഞ്ഞാല്‍ എനിക്ക് നീരാട്ട് തന്നെയാണ്. ഡാന്‍സും പാട്ടും വെള്ളം കൊണ്ടുള്ള ഫൌണ്ടനുകളും എല്ലാം കഴിയുമ്പോള്‍ ഒരു നേരമാകും. ചിലപ്പോള്‍ ഒന്നും കൂടി മോട്ടര്‍ അടിക്കേണ്ടിയും വരും. അമ്മയ്ക്ക് കലിയിളകുമ്പോള്‍ ഊറിച്ചിരിച്ച് വീണ്ടും ഒരു പാട്ട് പാടാന്‍ തുടങ്ങിയിട്ടുണ്ടാകും ഞാന്‍. പക്ഷെ മഴക്കാലമായാല്‍ കഥ മാറി. ഒരു ബക്കറ്റ് വെള്ളം ധാരാളമാണ് കുളിക്കാന്‍. മാത്രമോ, രണ്ട് മിനിറ്റു കൊണ്ട് കുളിച്ച് ഓടിച്ചന്ന് അമ്മയെ കെട്ടിപ്പിടിക്കും. അമ്മയ്ക്കെപ്പോഴും നല്ല ചൂടായിരിക്കും.


മഴ മണങ്ങളും വ്യത്യസ്തമാണ്. പുതു മഴയ്ക്ക് പുതു മണ്ണിന്റെ മണം. നനഞ്ഞ് സ്കൂളില്‍ ചെന്നു കേറിയാലോ മഴയ്ക്ക് വിയര്‍പ്പിന്റെ മണമാണ്. കാലില്‍ ചളിയും ഡ്രസ്സില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ളവുമായി വീട്ടില്‍ വരുമ്പോള്‍ മഴയ്ക്ക് ഈറന്റെ മണമാണ്. അടുക്കളയില്‍ അമ്മ ഭക്ഷണമുണ്ടാക്കുമ്പോള്‍ ചോറു പുഴുങ്ങുന്ന മണമാണ് മഴയ്ക്ക്. കര്‍ക്കിടകത്തിലെ മഴയ്ക്കൊരു പ്രത്യേക സുഗന്ധമാണ്. മല്ലിയും കുടകപ്പാലരിയും വിഴലരിയും അയമോദകവും കരിംജീരകവും കരയാമ്പുവും കുരുമുളകും ചുക്കും നെയ്യും അങ്ങനെ എല്ലാം ചേര്‍ന്ന ഒരു ആയുര്‍വേദ മണം. ജനലഴികളില്‍ക്കൂടി വിദൂരതയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ മഴക്കൊരു വിഷാദ ഗന്ധമാണ്. ഏത് മണമായാലും മഴയെ സ്നേഹിക്കാന്‍ പ്രത്യേകിച്ചൊരു കാരണം വേണമെന്ന് തോന്നുന്നില്ല.


ഞാന്‍ പലപ്പോഴും മഴയോട് സംസാരിക്കാറുണ്ട്. എന്റെ കൂട്ടുകാര്‍ എന്നെ കളിയാക്കുമെങ്കിലും എനിക്കതൊരു ആശ്വാസവും സന്തോഷവുമാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമല്ല, ഇവിടം വെടിഞ്ഞവര്‍ക്കും മഴ ആസ്വദിക്കാന്‍ കഴിയുമെന്നെനിക്ക് തോന്നാറുണ്ട്. മഴയില്‍ നോക്കി സംസാരിക്കുമ്പോള്‍ എന്റെ കൂടെയില്ലാത്ത പലരേയും കാണാന്‍ കഴിയാറുണ്ട്. ഞാനവരോട് സംസാരിക്കാറുണ്ട്. പണ്ടാരോ പറഞ്ഞതു പോലെ “ആത്മാക്കളുടെ സന്തോഷമാണ് മഴ”യെന്ന് ഞാനും വിശ്വസിക്കുന്നു.

2010, ജൂൺ 1, ചൊവ്വാഴ്ച

സ്കൂള്‍ തുറന്നു... വീണ്ടും...



ഇന്ന് ജൂണ്‍ ഒന്ന്. പുതിയ ബാഗ്, പുതിയ കുട, പുതിയ പുസ്തകങ്ങള്‍, പുതിയ യൂണിഫോം. ഈ പുത്തനുണര്‍വിന്റെ നിറവില്‍ ഒരു പുതിയ മേച്ചില്‍പ്പുറം തേടി നടന്നകന്നവരാണ് ഒരിക്കല്‍ നമ്മളും. പുതു മഴയുടെ ലഹരിയില്‍ ഉയര്‍ന്നു വരുന്ന പുതു മണ്ണിന്റെ ഉന്മാദഗന്ധത്തെ ആസ്വദിക്കാത്തവര്‍ നമ്മളില്‍ ആരും തന്നെ ഉണ്ടാവുകയുമില്ല. ചാറ്റല്‍ മഴയുള്ള ദിവസം ടീച്ചര്‍ കാണാതെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കാന്‍...

സ്കൂള്‍... അന്നതൊരു കാരാഗ്രഹമായി തോന്നിയിരുന്നെങ്കിലും ഇന്നത്രയും നൈര്‍മല്യമേറിയ സ്ഥലം വേറെയില്ല എന്നതാണ് സത്യം. അവിടെ എല്ലാം നിഷ്കളങ്കമായിരുന്നു. കരച്ചിലും, വഴക്കും, പേടിയും, കുസൃതിയും, ശാസനയും, ലാളനയും അങ്ങനെ എല്ലാം. കൂട്ടത്തില്‍ മറ്റൊരു ലോകത്തെപ്പറ്റിയുള്ള തിരിച്ചറിവും...

രാവിലെ എണീക്കാന്‍ മടി. കുളിക്കാന്‍ അതിലേറെ മടി. തണുപ്പത്ത് മൂടിപ്പുതച്ച് ഉറങ്ങാന്‍ കഴിയാത്ത വിഷമം. യൂണിഫോം ഇടണത് വിഷമം. അമ്മയെ കാണാത്ത വിഷമം. എ. ബി. സി. ഡി.. തെറ്റാതെ ചൊല്ലാന്‍ വിഷമം. ഭക്ഷണം മുഴുവന്‍ കഴിക്കാന്‍ വിഷമം. അങ്ങനെ ലോകത്തെ ഏറ്റവും സങ്കീര്‍ണമായ വിഷമങ്ങളെല്ലാം നമുക്ക് മാത്രമായിരുന്നു.

പിന്നീടെപ്പഴോ നമ്മളറിയാതെ തന്നെ വിഷമങ്ങളുടെ രൂപവും മാറിമറിഞ്ഞു. പണ്ടു കണ്ടിരുന്ന വര്‍ണ്ണങ്ങള്‍ക്ക് പകരം മഴവില്ലുകള്‍ വിരിയാന്‍ തുടങ്ങി. പുഞ്ചിരികള്‍ പൊട്ടിച്ചിരികളായി... വഴക്കുകള്‍ പരിഭവങ്ങളായി... ശാസനകള്‍ കൊഞ്ചലുകളായി... കുസൃതികള്‍ കള്ളത്തരങ്ങളും.

പഠനത്തിന്റെ മുള്‍മുനയിലും, പരീക്ഷയുടെ ആലകളിലും, പ്രശ്നങ്ങളുടെ തീച്ചൂളയിലും സൌഹൃദമായിരുന്നു ഏക ആവേശം. എന്നും എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരുന്ന ആ സൌഹൃദങ്ങള്‍ മാത്രമാണ് ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാകുന്നതെന്ന് മനസ്സിലായത് വളരെ വൈകിയായിരുന്നു.

മഴവില്ലിന്റെ നിറം മങ്ങി വരുന്നതിനു മുന്‍പ് അതിനെ എത്തിപ്പിടിക്കാനുള്ള വ്യഗ്രതയാണ് പിന്നീട്. ജീവിതത്തെ കണ്ടെത്താനുള്ള ഓട്ടം. എങ്ങോട്ടൊക്കെയോ... ചിലര്‍ കാല്‍ തെറ്റി വഴിയില്‍ വീണു പോകും. കുറച്ചു പേര്‍ എഴുനേറ്റ് വീണ്ടും ഓടാന്‍ ശ്രമിക്കും. ബാക്കിയുള്ളവര്‍ മറ്റുള്ളവര്‍ ഓടുന്ന വഴിയില്‍ തന്നെ കിടക്കും. ഒരുമിച്ച് ഓട്ടം ആരംഭിച്ചവര്‍ വഴിയില്‍ വെച്ച് പിരിഞ്ഞു പോയത് അവരറിഞ്ഞില്ല. മറ്റു ചിലര്‍ ഓടി ആദ്യമെത്തി തിരിഞ്ഞു നോക്കുമ്പോഴാണ് പിന്നില്‍ ആരുമില്ലെന്ന് തിരിച്ചറിയുക... ഇന്ന് ഓട്ടം ആരംഭിച്ചവരുടെ ഒപ്പമാണ് ഞാനും. കൈയ്യില്‍ പലതും വാരിക്കൂട്ടി ഓടുന്നതിനിടെ ചിലതെല്ലാം വഴിയില്‍ കൊഴിഞ്ഞും പോകുന്നുണ്ട്. എങ്കിലും ഇന്നൊരാഗ്രഹം. ഓട്ടം നിര്‍ത്തി ഒന്ന് തിരിഞ്ഞു നോക്കാന്‍.

തിരക്കുകള്‍ക്കിടയിലും ഈ ദിവസം ഹൃദയത്തിന്റെ ഉള്ളിലെവിടെയോ ഒരു നെടുവീര്‍പ്പാണ്. ഒരു വിങ്ങലാണ്. പണ്ട് രണ്ട് മാസത്തെ അവധിക്ക് ശേഷം കാണുമ്പോള്‍ പറയാന്‍ ഒരു വര്‍ഷത്തെ വിശേഷമുണ്ടാകും. ഇതിപ്പൊ വര്‍ഷങ്ങളുടെ വിശേഷമുണ്ട്... പറയാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാവരേയും ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍... റോഡ് മുഴുവന്‍ സ്കൂളില്‍ പോകുന്ന കുട്ടികളാണ്. അവരുടെ ബഹളവും...

2010, മേയ് 28, വെള്ളിയാഴ്‌ച

വഴി മാറുന്ന ഓര്‍മ്മകള്‍



അമ്മയുടെ താരാട്ട് എന്നും കാതില്‍ മുഴങ്ങിക്കേള്‍ക്കാന്‍ കൊതിക്കുന്ന പ്രായമായിരുന്നു അപ്പോള്‍. മൂന്ന് വയസ്സ് വരെ ഗള്‍ഫിലായിരുന്നു. ഫ്ളാറ്റിലായിരുന്നുവത്രേ താമസം. അച്ഛനോടൊപ്പം കളിച്ചിരുന്നതെല്ലാം അമ്മ പറഞ്ഞ ഓര്‍മയേ ഉള്ളൂ. അച്ഛനും ഞാനും ഒന്നിച്ചിരുന്ന് കസേര പൊട്ടിച്ചത്, കട്ടിലില്‍ നിന്ന് വീണ് കാലൊടിഞ്ഞത്, തീപ്പെട്ടി മരുന്ന് കഴിച്ച് ആശുപത്രിയിലായത്, പനി കൂടി ഐസില്‍ കിടത്തിയത്, അടുത്ത റൂമിലെ സുജിത്ത് വന്ന് അടുക്കളയില്‍ നിന്ന് മീന്‍ കട്ടു തിന്നുന്നത്, അമ്മയുടെ കൂടെ ആശുപത്രിയില്‍ പോകുമ്പൊ ഈന്തപ്പഴം പൊട്ടിച്ചത്, വാച്ച്മേന്‍ വരുന്നത് കണ്ട് അമ്മ പേടിച്ചത്... എല്ലാം പറഞ്ഞ് കേട്ട അറിവ് മാത്രം. എന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളാണതെന്ന് ചിന്തിക്കാനേ വയ്യ. ഒന്നും ഒരു തരി പോലും ഓര്‍മ്മയില്ല. കാലം എന്നേ അതെടുത്ത് ഓടി ഒളിച്ചു.

നാട്ടില്‍ വന്നതിനു ശേഷവും പണ്ടത്തെ കഥകള്‍ പറയുമായിരുന്നു അമ്മ. അന്നിട്ടിരുന്ന ഉടുപ്പിന്റെ നിറം പോലും അമ്മയ്ക്കറിയാം. കറുപ്പില്‍ പിങ്ക് നിറമുള്ള പൂക്കളുള്ള ഉടുപ്പ്. അന്നൊക്കെ ഞാന്‍ വിചാരിക്കും. ഈ അമ്മയ്ക്കെന്തൊരു ഓര്‍മ്മയാ. ഒരു മുത്തശ്ശിക്കഥ കണക്ക് അതു കേള്‍ക്കാന്‍ എനിക്കും വലിയ ഇഷ്ടമാണ്. അമ്മയ്ക്കെപ്പോഴും പറയാനുണ്ടാകും കുറേ കഥകള്‍. മറ്റുള്ളവരോട് പറയാന്‍ ആര്‍ക്കും അറിയാത്ത, എന്റെ മാത്രമായ കുറേ കാര്യങ്ങള്‍ എനിക്കും വേണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ഞാനപ്പോള്‍.

സ്കൂള്‍ തലം കഴിഞ്ഞു കോളേജെത്തി. പത്താം ക്ളാസ് വരെ മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവറില്‍, പ്ളസ്ടു വരെ ഗുരുവായൂര്‍ ശ്രീ കൃഷ്ണയില്‍... അപ്പോഴേക്കും ഓര്‍ത്തു വയ്ക്കാന്‍ കുറച്ച് കാര്യങ്ങള്‍ എനിക്കുമായി. ഞാനവ ഒരു മയില്‍പ്പീലി പോലെ സൂക്ഷിച്ചു വെച്ചു. പിന്നെ എല്‍. എഫ് കോളേജില്‍ മൂന്ന് വര്‍ഷത്തെ ബിരുദം. ഇലക്ഷന്‍, ആര്‍ട്ട്സ് ഡെ (വിധു പ്രതാപ്), ക്ളാസ് കട്ട് ചെയ്യല്‍, ആര്‍ട്ട്സ് ഫെസ്റിവല്‍, കോളേജ് ഡെ, ഫാഷന്‍ ഷോയില്‍ റെഹിമയുടെ ചാക്ക്, കമ്പയിന്‍ സ്റഡി എന്ന പേരില്‍ ഞാവല്‍പ്പഴം തീറ്റ അങ്ങിനെ എന്തൊക്കെ...

അതു കഴിഞ്ഞ് ഇരിങ്ങാലക്കുട സെന്റ് ജോസഫിലെ ബിരുദാനന്തര ബിരുദം. ഡീസോണ്‍, കോളേജ് ഡെ, ക്ളാസ് കട്ട് ചെയ്യല്‍, കണിച്ചായി വോളിബോള്‍ ട്രോഫി, ഡെല്‍ഹി ടൂര്‍, കൂട്ടുകാരുമായുള്ള സിനിമ കാണല്‍, ഹോസ്റല്‍ മേളങ്ങള്‍, സ്പോര്‍ട്ട്സ് ഡെ, വാര്‍ഡന്‍ കാണാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങുക, റിക്ക്രിയേഷന്‍ പാട്ടുകള്‍, മൊബൈല്‍ ചാറ്റിംഗ്, ഹോസ്റല്‍ ഡെ, ലൂവിക്ക മോഷണം. ഹൊ എന്തൊരു ബഹളമായിരുന്നു... പിണക്കങ്ങളും ഇണക്കങ്ങളും ഒരു ഭാഗത്ത് വേറെ. എല്ലാം സുഖമുള്ള ഓര്‍മകളാണ്.

പക്ഷെ പുസ്തകത്തിലൊളിപ്പിച്ച മയില്‍പ്പീലി പോലെ ഞാനൊളുപ്പിച്ചു വെച്ച പലതിന്റേയും നിറം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. നഷ്ടങ്ങള്‍ എന്റെ കൈ പിടിച്ച് പിച്ച വെയ്ക്കാന്‍ തുടങ്ങി. ഹൃദയത്തിന്റെ കോണിലെവിടേയോ എന്തോ കൈ വിട്ടു പോയതു പോലെ... അമ്മ പറഞ്ഞു തന്നിരുന്ന ആ മറവിയുടെ കഥകളിലേക്ക് ചേക്കേറാന്‍ പലതും തിടുക്കം കൂട്ടി. പതിയെ പലതും മറക്കാന്‍ ഞാനും വഴിയൊരുക്കിയെന്ന് പറയുന്നതാകും നല്ലത്. പെട്ടെന്ന് പെയ്ത മഴയില്‍ എല്ലാം ഒഴുകിപ്പരന്നു. ഞാന്‍ മാത്രം ഒലിച്ചു പോയില്ല. മയില്‍പ്പീലികളില്‍ മഴയുതിര്‍ന്നു വീണ് പലതും മാഞ്ഞു പോയി. അതോ കണ്ണു നീരിന്റെ നനവ് പടര്‍ന്നുവോ... ഇപ്പോഴുള്ള സന്തോഷങ്ങളും ഓര്‍മ്മകളും ഒരു തുലാസില്‍ ഇട്ടു നോക്കുമ്പോള്‍ ഏതിനാണ് ഭാരം? അറിയില്ല; കാരണം ഓര്‍മ്മകളെല്ലാം മഴയില്‍ കുതിര്‍ന്നു പോയില്ലേ?