2011, ജൂൺ 8, ബുധനാഴ്‌ച

ലതയ്ക്കൊരു പ്രണയലേഖനം


ഇന്നലെ എനിക്കൊരു കത്തു കിട്ടി. കൂടെ കടലാസില്‍ പൊതിഞ്ഞ ഒരു വലിയ പാക്കറ്റും. കൈപ്പടയില്‍ എന്റെ വിലാസം കണ്ടിട്ട് നാളേറെയായി. തപാലില്‍പ്പെട്ടിക്കകത്ത് എത്ര ദിവസം കിടന്നിരിക്കും എനിക്കുള്ള ഈ കത്ത്. എന്റെ വിലാസത്തിലൊരു കഷ്ണം കടലാസ് അതിനകം കണ്ടിട്ട് തന്നെ വര്‍ഷങ്ങളായിക്കാണും. ഇന്നെല്ലാം ഇമെയില്‍ ആണല്ലോ? പ്രസാദകര്‍ വന്നാല്‍ ഉടന്‍ ചോദിക്കുക സാറിന്റെ ഇമെയില്‍ ഐഡി ഏതാണെന്നാണ്. അവര്‍ക്കു വേണ്ടിയാണ് kishore82@live.com എന്ന ഹോട്ട്മെയില്‍ ഐഡി ഞാന്‍ ക്രിയേറ്റ് ചെയ്തതും. ലേഖനങ്ങള്‍ക്കു വേണ്ടിയുള്ള കത്തുകളും, അഭിപ്രായങ്ങളുമെല്ലാം വരുന്നതും ഞാന്‍ കഥകളെഴുതി അയക്കുന്നതും മെയില്‍ വഴി തന്നെ. ഇന്റര്‍നെറ്റിന്റെ നീരാളിപ്പിടുത്തത്തില്‍ ഞാനും ഇരയാകാന്‍ നിന്നു കൊടുത്തു എന്ന് പറയുന്നതാകും ശരി.
ഇതിപ്പൊ ആരുടെ കത്താണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ചങ്ങനെ ഒരാളില്ല. പണ്ടെന്നോ എഴുതിയിരുന്ന ഒരു മാസികയുടെ അഡ്രസ്സാണ് പിന്നില്‍. കത്ത് കയ്യില്‍ കിട്ടിയെങ്കിലും തുറന്നു വായിച്ചിട്ടില്ല. എന്നിട്ടും എന്തെന്നില്ലാത്ത സന്തോഷം തോന്നി. നഷ്ടപ്പെട്ടുവെന്ന് കരുതിയ ഒരുപാട് ഓര്‍മ്മകള്‍ തിരികെ കിട്ടിയതുപോലെ...
പണ്ടൊക്കെ മാസികകളിലേക്ക് കവിതകളയക്കുമായിരുന്നു. പിറ്റേന്ന് മുതല്‍ ശിപായിക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്. എന്നു വെച്ചാല്‍ പോസ്റ്മാന്‍. ഇന്നത്തെ കുട്ടികള്‍ക്ക് ശിപായിയെന്ന് പറഞ്ഞാല്‍ അറിയില്ല. പക്ഷെ ഇവര്‍ ഭാഗ്യവാന്‍മാരാണ്. കാരണം ഇവര്‍ക്ക് പോസ്റ്മാനെ എങ്കിലും അറിയാം. അമ്പലത്തിലെ ആല്‍ത്തറയിലിരുന്നാണ് കാത്തിരിപ്പ്. തപാലില്‍ എനിക്കെന്തെങ്കിലും ഉണ്ടാകുമെന്നുറപ്പാണ്. ഒന്നുകില്‍ അയച്ച കവിത അവര്‍ തിരിച്ചയക്കും, അല്ലെങ്കില്‍ കവിതയടങ്ങിയ മാസിക... ആദ്യമൊക്കെ എന്നെ കാണുമ്പോള്‍ രാഘവേട്ടന്‍ പറയും. “എത്തിട്ടില്ല ട്ടൊ. വന്നാല്‍ ഉടന്‍ കൊണ്ടുതരാം.” പിന്നെ പിന്നെ ദിവസവും കണ്ടു മടുത്തെങ്കിലും ഒരു പുഞ്ചിരി ആ മുഖത്ത് മായാതെ ഉണ്ടാകുമായിരുന്നു. അതിനര്‍ത്ഥം ഇല്ല എന്നാണെന്നറിയാമെങ്കിലും രാഘവേട്ടന്റെ തപാലിനു വേണ്ടിയുള്ള കാത്തിരിപ്പ് ഞാന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.
തപാലിനെ ആശ്രയിച്ചായിരുന്നു അന്ന് വീടുകളില്‍ പ്രധാന കാര്യങ്ങള്‍ വരെ നിശ്ചയിച്ചിരുന്നത്. അന്നത്തെ ആളുകളുടെ ജീവിതത്തിലെ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകാന്‍ കത്തുകള്‍ക്ക് കഴിയുമായിരുന്നു. സിലോണിലെ പത്മിനിച്ചെറിയമ്മക്ക് ഇരട്ടക്കുട്ടികളാണെന്നറിയിച്ച കത്ത് കണ്ട് മുത്തശ്ശി കരഞ്ഞ് മൂന്ന് ദിവസം പട്ടിണി കിടന്നത്... അതെന്തിനാണെന്ന് ഞാനിപ്പഴും അത്ഭുതപ്പെടാറുണ്ട്. സ്കൂളില്‍ ഗോപാലന്‍ മാഷിന്റെ അടി കിട്ടാതെ എന്നെ രക്ഷിച്ചിരുന്നത് അച്ഛന്റെ കയ്പടയില്‍ സാബു എഴുതിതന്ന കത്തുകളായിരുന്നു. അടുത്ത വീട്ടിലെ ജാനുചേച്ചീടെ ആസ്മ ശമിപ്പിച്ചതു വരെ അവരുടെ മകന്റെ കത്താണ്. എന്തിനേറെ പറയുന്നു ഒരു യുദ്ധത്തിന് കൊടി പിടിക്കാന്‍തക്ക ശക്തിയുണ്ട് ഒരു കഷ്ണം വെള്ള കടലാസില്‍ കോറുന്ന മുനത്തുമ്പിന്...
ഒരു വേനലവധിക്ക് കോളേജിലെ നീണ്ട വരാന്തയില്‍ വെച്ച് ലതയ്ക്ക് കൊടുത്ത കത്താണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. എന്തെല്ലാം പൊല്ലാപ്പുകളായിരുന്നു അതേ ചൊല്ലി. ഓര്‍ക്കുമ്പൊ തന്നെയുണ്ട് ആ ഭീകരത. ആഗ്രഹിച്ച് മോഹിച്ച് ഒടുക്കം ആ കത്തവള്‍ക്കു കിട്ടാന്‍ മൂന്ന് വര്‍ഷം വേണ്ടി വന്നു. ഓരോ ദിവസവും അവള്‍ക്കു വേണ്ടി നെയ്തെടുത്ത ഓരോ കിനാവുകളായിരുന്നു അതു നിറയെ. പലപ്പോഴായി ഞാനെന്റെ ഹൃദയം കൊണ്ട് ചാലിച്ചെടുത്ത കവിതകള്‍...
അതൊരു യുദ്ധത്തില്‍ പരിണമിച്ചെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എനിക്ക് ബലി നല്‍കേണ്ടി വന്നത് എന്റെ പന്ത്രണ്ട് വര്‍ഷമാണ്. നാടു കടത്താനുള്ള തീരുമാനം വീട്ടുകാരുടേതായിരുന്നുവെങ്കിലും അതിനു കാരണക്കാരിയായ ലതയെ ഞാന്‍ വെറുത്തില്ല. അവള്‍ക്കു വേണ്ടി ഏഴു കടലും കടക്കാന്‍ ഞാനൊരുക്കമായിരുന്നു. എങ്കിലും പോകുന്നതിനു മുമ്പ് അവസാനമായി ഒന്നു കാണാന്‍ തീരുമാനിച്ചു. രാത്രി അവളുടെ വീട്ടുപടിക്കലെത്തിയത് ഓര്‍മ്മയുണ്ട്. പിന്നെ ഞാന്‍ കണ്ണു തുറക്കുന്നത് കണ്ണൂര് വല്യച്ഛന്റെ വീട്ടില്‍ വെച്ചാണ്. അവളുടെ ആങ്ങളമാരെ കുറ്റം പറയാനും പറ്റില്ല. നാലു പേര്‍ക്കു കൂടി ആകെയുള്ളതിനെ ജോലിയും കൂലിയുമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ കൊടുക്കും?

.........

വല്യച്ഛന്റെ വീട്ടില്‍ നിന്ന് നേരെ പോയത് ഡല്‍ഹിയിലെ ഒരു സുഹൃത്തിന്റെ അടുത്തേക്കാണ്. പിന്നീടുള്ള പന്ത്രണ്ട് വര്‍ഷം ഞാനെങ്ങനെ ജീവിച്ചെന്ന് ഒരു പിടിയുമില്ല. ഒരുപാട് യാത്രകള്‍ക്ക് വീണ്ടും വഴിവെച്ചെങ്കിലും കറങ്ങിത്തിരിഞ്ഞ് ഇവിടെ കരോള്‍ബാഗിനടുത്ത് താമസമുറപ്പിച്ചു. രണ്ട് വര്‍ഷമായി ഇവിടെത്തന്നെയാണ്. ഇതിനിടയില്‍ ഒരുപാട് സൌഹൃദങ്ങള്‍... ചിന്തകള്‍ കുറിച്ചിട്ട കുറച്ച് പുസ്തകങ്ങള്‍... ഇവയാണ് സമ്പാദ്യം.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ നാട്ടില്‍ നിന്ന് വന്നത് രണ്ട് കത്തുകളാണ്. സാബുവിന്റെ കത്തായിരുന്നു ഒരിക്കല്‍ വന്നത്. ഞാനിവിടെ എത്തി ഒരു വര്‍ഷം ആകുന്നതിനു മുമ്പാണ്. നാട്ടില്‍ അവനായിരുന്നു എല്ലാത്തിനും കൂടെ. പാടത്ത് തോട്ടയിട്ട് മീന്‍ പിടിക്കുന്നത് കാണാന്‍ കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ ഞാന്‍ പോകുമായിരുന്നു. സാബുവും അവന്റെ ചേട്ടന്റെ തോളില്‍ വരും. അന്നു തൊട്ടുള്ള കൂട്ടാണ് ഞങ്ങളുടേത്. സ്കൂളിലെ ആദ്യത്തെ ദിവസം ഞാന്‍ സ്ളേറ്റു മായ്ച്ചത് അവന്റെ മഷിത്തണ്ട് കൊണ്ടായിരുന്നു. ആല്‍മരത്തണലില്‍ ഇരുന്ന് സൊറ പറയാനും, പൊട്ടിയൊഴുകുന്ന ഓടയുടെ അരികു പിടിച്ച് വായനശാലയിലേക്ക് നടക്കാനും, പഞ്ചറായ സൈക്കിളില്‍ രാത്രിനാടകങ്ങള്‍ക്കു പോകാനും, മേലൂരിലെ വിപ്ളവത്തിന്റെ ആവേശത്തില്‍ കള്ളുഷാപ്പിനു മുന്നില്‍ ധര്‍ണ്ണ നടത്താനും എല്ലാം അവനുണ്ടായിരുന്നു കൂടെ. എന്റെ എല്ലാ കവിതകളും ആദ്യം വായിക്കുന്നതും തിരുത്തുന്നതും അവനായിരുന്നു. മൂന്ന് വര്‍ഷം ധൈര്യം സംഭരിച്ച് ലതയ്ക്കു കത്ത് കൊടുത്തത് അവന്റെ മാത്രം ബലത്തിലാണ്.
ഒരു നാടിന്റെ മുഴുവന്‍ വിശേഷങ്ങളുണ്ടായിരുന്നു ആ കത്തില്‍. അമ്പലത്തിലെ ആല്‍മരം വീണതും, ജോസേട്ടന്റെ പീടികയില്‍ വൈദ്യുതി വന്നതും, ഒളിച്ചോടിയ ജമീലയ്ക്ക് ആണ്‍കുഞ്ഞു പിറന്നതും, നാടകസമിതി പൊളിച്ച് പുതിയ ടെക്സ്റയില്‍ ഷോപ്പ് തുടങ്ങിയതും, എല്ലാം... കൂട്ടത്തില്‍ ഒരു വിശേഷം കൂടി. ലതയുടെ കല്യാണമാണെന്ന്... ദുരിതങ്ങള്‍ക്കിടയിലും പതറാതെ നിന്നിരുന്ന എന്റെ കണ്ണൊന്ന് നനഞ്ഞത് അന്നായിരുന്നു. അടുപ്പില്‍ നിന്ന് പാല്‍ തിളച്ചു പോയതു പോലെ.
പിന്നെ ഒരു കത്ത് കിട്ടിയത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് ഡല്‍ഹിക്ക് വരുന്ന ആരുടേയോ കയ്യില്‍ വല്യച്ഛന്‍ കൊടുത്തയച്ചതായിരുന്നു അത്.

കിഷോറേ...
നിന്റമ്മയെ മിനിഞ്ഞാനാണ് ആസ്പത്രിയില്‍ കൊണ്ടു പോയത്. കാര്യമായ അസുഖമൊന്നുണ്ടായിരുന്നില്ല. പക്ഷെ എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ? ഇന്ന് വെളുപ്പിനെ ആയിരുന്നു. നീ വരണം. ഒരു പിടി മണ്ണ് അവളുടെ ദേഹത്തിടാന്‍ നീ മാത്രേ ഉള്ളൂ.
എന്ന് സ്വന്തം,
വെല്ലിച്ചന്‍.
ഞാനന്ന് ആസ്ട്രേലിയയില്‍ വെച്ചു നടന്നിരുന്ന ഒരു ലിറ്ററേച്ചര്‍ മീറ്റില്‍ ആയിരുന്നു. തിരികെ വന്നപ്പോഴാണ് കത്തു കിട്ടിയത്. അപ്പോഴേക്കും അമ്മ മരിച്ച് ആറ് മാസം കഴിഞ്ഞിരുന്നു. അന്ന് തീരുമാനിച്ചതാണ് ഇനി നാട്ടിലേക്കില്ല എന്ന്. അതിനുശേഷം നാട്ടില്‍ നിന്ന് വരുന്നത് ഈ കത്താണ്.

..........

ബഹളം കേട്ടാണ് പെട്ടെന്ന് ശ്രദ്ധ മാറിയത്. താഴെ ഗല്ലികളില്‍ തളം കെട്ടികിടന്നിരുന്ന ചോരക്കറ പതുക്കെ പരന്നു തുടങ്ങിയിരുന്നു. ശ്യാംസുന്ദറിന്റെ ഡാബയില്‍ നല്ല തിരക്കാണ്. എന്നും ജോലി കഴിഞ്ഞ് പോകുന്ന ആളുകള്‍ ഇവിടെ വന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. സേവ് പുരി, പാനിപുരി, പാവ് ബാജി എന്നിങ്ങനെ ഒരുപാട് വിഭവങ്ങളുണ്ടവിടെ. കൂട്ടത്തില്‍ പുതിയ വിശേഷങ്ങളും കേള്‍ക്കാം. അതിന്റെ ബഹളമാണവിടെ. മെട്രൊ നഗരമാണെങ്കിലും ഇത്തരം ചെറിയ കടകള്‍ ഇവിടെ ധാരാളമുണ്ട്. ഡാബകള്‍ എന്നാണ് അവയെ പറയുന്നത്.
മേലൂരില്‍ ഗവണ്‍മെന്റ് ആസ്പത്രിക്കടുത്ത ചാക്കോമാപ്ളയുടെ തട്ടുകടയാണ് അത് കാണുമ്പൊ ഓര്‍മ്മ വരാ. വൈകുന്നേരമായാല്‍ അവിടെയും നല്ല തിരക്കാണ്. ആസ്പത്രിയിലെ ആളുകള്‍ക്കുള്ള ഭക്ഷണം അവിടുന്നായിരുന്നു എല്ലാവരും വാങ്ങിയിരുന്നത്. ഫാര്‍മസിയിലെ പെമ്പിള്ളേറെ കാണാന്‍ വൈകുന്നേരം ഞങ്ങളവിടെ പോയിരുക്കുമായിരുന്നു. ലതേടെ വീടും അവിടടുത്താണ്. കുട്ടനും, പത്രോസും, ശങ്കുവും, അപ്പുണ്ണിയും, ഷാജഹാനും, പിന്നെ ഞാനും സാബുവും. ആസ്പത്രിക്കടുത്ത ലേഡീസ് സ്റോറിലായിരുന്നു ജമീല ജോലിക്ക് പോയിരുന്നത്. അവളെ കാണാന്‍ വേണ്ടിയാണ് ഷാജഹാന്‍ ഞങ്ങള്‍ടെ കൂടെ ഇരുപ്പു തുടങ്ങിയത്. തമാശക്കാണെന്നാണ് വിചാരിച്ചതെങ്കിലും ഒരു ദിവസം ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവര്‍ ഒളിച്ചോടി. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ...

........

താഴെ കടയില്‍ നിന്ന് ശേഖര്‍ ഭക്ഷണപൊതിയുമായി മുകളില്‍ വന്നു. “സലാം സാബ്.” ഒരു സലാം. അതവന്റെ പതിവാണ്. അവകാശമെന്ന് വേണമെങ്കില്‍ പറയാം. ഭക്ഷണം മേശയില്‍ വെച്ചിട്ട് അവന്‍ താഴേക്കു തന്നെ പോയി. ജഗില്‍ നിന്ന് വെള്ളമെടുത്ത് കുടിച്ച് കിഷോര്‍ കത്തെടുത്ത് പൊട്ടിച്ചു.

ബഹുമാനപ്പെട്ട സര്‍,
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ‘മേലൂരിലെ പ്രണയലേഖനം’ എന്ന സാറിന്റെ നോവലിന്റെ അവസാനഭാഗം കഴിഞ്ഞ ലക്കമായിരുന്നല്ലോ? കഥയെ പറ്റിയുള്ള പ്രതികരണങ്ങളും അഭിപ്രായങ്ങളും കൊണ്ട് ഓഫീസ് നിറഞ്ഞിരിക്കുകയാണ്. ഫോണ്‍ കോളുകള്‍ വേറെ. എല്ലാവര്‍ക്കും സാറിന്റെ അഡ്രസ്സും ഫോണ്‍ നമ്പറുമാണ് ആവശ്യം. കത്തുകളില്‍ ചിലത് ഇതിനോടൊപ്പം കൊടുത്തയക്കുന്നു. സഹായസഹകരണങ്ങള്‍ക്ക് നന്ദി. സാറിന്റെ കഥകള്‍ ഇനിയും തുടര്‍ന്നു പ്രസ്ദ്ധീകരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.
വിശ്വസ്ഥതയോടെ.
എഡിറ്റര്‍.

പതിയെ കടലാസുപൊതിയെ ഒന്ന് സൂക്ഷിച്ചു നോക്കി. അതെടുത്ത് അലമാരക്കു കീഴെയുള്ള തട്ടില്‍ വെച്ചു. ദിവസങ്ങളും മാസങ്ങളും കടന്നു പോയത് പെട്ടെന്നായിരുന്നു. കവികളേയും എഴുത്തുകാരേയും ആദരിച്ചുകൊണ്ടുള്ള The Maureen Egen Writers Exchange Award 2010ന് കിഷോര്‍ അര്‍ഹനായി. ന്യൂയോര്‍ക്കിലെ ബിങ്ങ്ഹാംടണ്‍ യൂണിവേഴ്സിറ്റിയുടെ അതിഥിയായി യു. എസ്സിലേക്ക് പോകാനൊരുങ്ങുകയാണ് കിഷോര്‍. എയര്‍പോര്‍ട്ടില്‍ യാത്രയയക്കാന്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരിന്നു. എല്ലാവരോടുമായി മനസ്സില്‍ പറഞ്ഞു. ‘ഇനി ശിഷ്ട കാലം അവിടെ. തനിക്കാരുമില്ലാത്ത നാട്ടിലേക്ക് ഒരു തിരിച്ചുവരവില്ല.’
പുതിയ താമസക്കാര്‍ക്കു വേണ്ടി മുറി വൃത്തിയാക്കുകയാണ് ശേഖര്‍. കുറച്ച് കടലാസു കഷ്ണങ്ങളും ഒഴിഞ്ഞ പേനയും മാത്രമേ അവിടുള്ളൂ. അലമാരക്കടിയിലെ പൊതി അവനപ്പോഴാണ് ശ്രദ്ധിച്ചത്. എടുത്തപ്പോഴേക്കും അതഴിഞ്ഞു വീണു. മുറി നിറയെ കത്തുകള്‍. അവനതെല്ലാം വാരിപ്പെറുക്കി ചവറ്റുകൊട്ടയുടെ വിശപ്പകറ്റി കത്തിക്കാനായി പുറത്തേക്കു പോയി. വീണ കൂട്ടത്തില്‍ ഒരു കത്ത് മാത്രം കട്ടിലിനടിയില്‍ പെട്ടത് അവന്‍ കണ്ടില്ല. പോകാന്‍ മനസ്സു വരാതെ കട്ടിലിനടിയിലേക്ക് ഒളിച്ചിരുന്ന ഒരു കത്ത്. മറഞ്ഞു കിടക്കുന്ന ആ കത്തിനു പിന്നിലെ അഡ്രസ്സ് വ്യക്തമാണ്.
Letha K. A,
Karasseri House,
Near Gov. Hospital,
P. O. Meloor,
Chalakkudy.
................