അമ്മയുടെ താരാട്ട് എന്നും കാതില്‍ മുഴങ്ങിക്കേള്‍ക്കാന്‍ കൊതിക്കുന്ന പ്രായമായിരുന്നു അപ്പോള്‍. മൂന്ന് വയസ്സ് വരെ ഗള്‍ഫിലായിരുന്നു. ഫ്ളാറ്റിലായിരുന്നുവത്രേ താമസം. അച്ഛനോടൊപ്പം കളിച്ചിരുന്നതെല്ലാം അമ്മ പറഞ്ഞ ഓര്‍മയേ ഉള്ളൂ. അച്ഛനും ഞാനും ഒന്നിച്ചിരുന്ന് കസേര പൊട്ടിച്ചത്, കട്ടിലില്‍ നിന്ന് വീണ് കാലൊടിഞ്ഞത്, തീപ്പെട്ടി മരുന്ന് കഴിച്ച് ആശുപത്രിയിലായത്, പനി കൂടി ഐസില്‍ കിടത്തിയത്, അടുത്ത റൂമിലെ സുജിത്ത് വന്ന് അടുക്കളയില്‍ നിന്ന് മീന്‍ കട്ടു തിന്നുന്നത്, അമ്മയുടെ കൂടെ ആശുപത്രിയില്‍ പോകുമ്പൊ ഈന്തപ്പഴം പൊട്ടിച്ചത്, വാച്ച്മേന്‍ വരുന്നത് കണ്ട് അമ്മ പേടിച്ചത്... എല്ലാം പറഞ്ഞ് കേട്ട അറിവ് മാത്രം. എന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളാണതെന്ന് ചിന്തിക്കാനേ വയ്യ. ഒന്നും ഒരു തരി പോലും ഓര്‍മ്മയില്ല. കാലം എന്നേ അതെടുത്ത് ഓടി ഒളിച്ചു.
നാട്ടില്‍ വന്നതിനു ശേഷവും പണ്ടത്തെ കഥകള്‍ പറയുമായിരുന്നു അമ്മ. അന്നിട്ടിരുന്ന ഉടുപ്പിന്റെ നിറം പോലും അമ്മയ്ക്കറിയാം. കറുപ്പില്‍ പിങ്ക് നിറമുള്ള പൂക്കളുള്ള ഉടുപ്പ്. അന്നൊക്കെ ഞാന്‍ വിചാരിക്കും. ഈ അമ്മയ്ക്കെന്തൊരു ഓര്‍മ്മയാ. ഒരു മുത്തശ്ശിക്കഥ കണക്ക് അതു കേള്‍ക്കാന്‍ എനിക്കും വലിയ ഇഷ്ടമാണ്. അമ്മയ്ക്കെപ്പോഴും പറയാനുണ്ടാകും കുറേ കഥകള്‍. മറ്റുള്ളവരോട് പറയാന്‍ ആര്‍ക്കും അറിയാത്ത, എന്റെ മാത്രമായ കുറേ കാര്യങ്ങള്‍ എനിക്കും വേണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ഞാനപ്പോള്‍.
സ്കൂള്‍ തലം കഴിഞ്ഞു കോളേജെത്തി. പത്താം ക്ളാസ് വരെ മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവറില്‍, പ്ളസ്ടു വരെ ഗുരുവായൂര്‍ ശ്രീ കൃഷ്ണയില്‍... അപ്പോഴേക്കും ഓര്‍ത്തു വയ്ക്കാന്‍ കുറച്ച് കാര്യങ്ങള്‍ എനിക്കുമായി. ഞാനവ ഒരു മയില്‍പ്പീലി പോലെ സൂക്ഷിച്ചു വെച്ചു. പിന്നെ എല്‍. എഫ് കോളേജില്‍ മൂന്ന് വര്‍ഷത്തെ ബിരുദം. ഇലക്ഷന്‍, ആര്‍ട്ട്സ് ഡെ (വിധു പ്രതാപ്), ക്ളാസ് കട്ട് ചെയ്യല്‍, ആര്‍ട്ട്സ് ഫെസ്റിവല്‍, കോളേജ് ഡെ, ഫാഷന്‍ ഷോയില്‍ റെഹിമയുടെ ചാക്ക്, കമ്പയിന്‍ സ്റഡി എന്ന പേരില്‍ ഞാവല്‍പ്പഴം തീറ്റ അങ്ങിനെ എന്തൊക്കെ...
അതു കഴിഞ്ഞ് ഇരിങ്ങാലക്കുട സെന്റ് ജോസഫിലെ ബിരുദാനന്തര ബിരുദം. ഡീസോണ്‍, കോളേജ് ഡെ, ക്ളാസ് കട്ട് ചെയ്യല്‍, കണിച്ചായി വോളിബോള്‍ ട്രോഫി, ഡെല്‍ഹി ടൂര്‍, കൂട്ടുകാരുമായുള്ള സിനിമ കാണല്‍, ഹോസ്റല്‍ മേളങ്ങള്‍, സ്പോര്‍ട്ട്സ് ഡെ, വാര്‍ഡന്‍ കാണാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങുക, റിക്ക്രിയേഷന്‍ പാട്ടുകള്‍, മൊബൈല്‍ ചാറ്റിംഗ്, ഹോസ്റല്‍ ഡെ, ലൂവിക്ക മോഷണം. ഹൊ എന്തൊരു ബഹളമായിരുന്നു... പിണക്കങ്ങളും ഇണക്കങ്ങളും ഒരു ഭാഗത്ത് വേറെ. എല്ലാം സുഖമുള്ള ഓര്‍മകളാണ്.
പക്ഷെ പുസ്തകത്തിലൊളിപ്പിച്ച മയില്‍പ്പീലി പോലെ ഞാനൊളുപ്പിച്ചു വെച്ച പലതിന്റേയും നിറം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. നഷ്ടങ്ങള്‍ എന്റെ കൈ പിടിച്ച് പിച്ച വെയ്ക്കാന്‍ തുടങ്ങി. ഹൃദയത്തിന്റെ കോണിലെവിടേയോ എന്തോ കൈ വിട്ടു പോയതു പോലെ... അമ്മ പറഞ്ഞു തന്നിരുന്ന ആ മറവിയുടെ കഥകളിലേക്ക് ചേക്കേറാന്‍ പലതും തിടുക്കം കൂട്ടി. പതിയെ പലതും മറക്കാന്‍ ഞാനും വഴിയൊരുക്കിയെന്ന് പറയുന്നതാകും നല്ലത്. പെട്ടെന്ന് പെയ്ത മഴയില്‍ എല്ലാം ഒഴുകിപ്പരന്നു. ഞാന്‍ മാത്രം ഒലിച്ചു പോയില്ല. മയില്‍പ്പീലികളില്‍ മഴയുതിര്‍ന്നു വീണ് പലതും മാഞ്ഞു പോയി. അതോ കണ്ണു നീരിന്റെ നനവ് പടര്‍ന്നുവോ... ഇപ്പോഴുള്ള സന്തോഷങ്ങളും ഓര്‍മ്മകളും ഒരു തുലാസില്‍ ഇട്ടു നോക്കുമ്പോള്‍ ഏതിനാണ് ഭാരം? അറിയില്ല; കാരണം ഓര്‍മ്മകളെല്ലാം മഴയില്‍ കുതിര്‍ന്നു പോയില്ലേ?