ഉറക്കം നഷ്ടപ്പെടുത്തിയ രാത്രികളിൽ
ഞാൻ നിന്നെ തിരഞ്ഞുകൊണ്ടേയിരുന്നു
പിടിതരാതെ നീ വഴുതി മാറുമ്പോഴും
നിനക്കായി ഞാൻ കാത്തിരിപ്പു തുടർന്നു
മനസ്സിൽ കോറിയിട്ട അവ്യക്തമായ കുത്തുകൾ
എന്നെ മാറി മാറി അസ്വസ്ഥമാക്കി
നിന്റെ മൌനം എന്റെ തലച്ചോറിനെ ഇളക്കി-
മറിച്ചപ്പോഴും നീ ഊറിച്ചിരിച്ചതേയുള്ളൂ
കുത്തുകൾ കൂടിച്ചേർന്ന് വരകളേയും
വരകൾ അക്ഷരങ്ങളേയും
അക്ഷരങ്ങൾ വരികളേയും ഗർഭം ധരിച്ചു
അങ്ങനെ നിലാവുള്ളൊരു രാത്രിയിൽ
നക്ഷത്രങ്ങളെ സാക്ഷിയാക്കിയവൾ
ആശയങ്ങൾക്കു ജന്മം നൽകി....