2010, നവംബർ 8, തിങ്കളാഴ്‌ച

‘സൂപ്പര്‍വൈസര്‍ അമ്മിണി’


വീട്ടില്‍ അമ്മേടെ സഹായത്തിന് വരുന്ന ചേച്ചിയാണ് അമ്മിണിചേച്ചി. അവിടെ അടുത്ത് തന്നെയാണ് വീടും. പക്ഷെ ചേച്ചീടെ മട്ടും ഭാവവും കണ്ടാല്‍ അവരാണ് ഇപ്പോള്‍ തൃശ്ശൂര്‍ ഭരിക്കുന്നതെന്ന് തോന്നും. കവലയിലെ ചെക്കന്‍മാരെ വഴക്കു പറഞ്ഞും, വഴിയില്‍ വെച്ച് കാണുന്നവരുടെ വിശേഷങ്ങള്‍ ചോദിച്ചും, ചേച്ചി വീട്ടിലേക്ക് വരുന്നത് ഒരാഘോഷമായിട്ടാണ്. നാട്ടുകാരുടെ മുഴുവന്‍ ദുഖങ്ങളും തന്റേതാണെന്ന തോന്നലില്‍ എല്ലാം ഏറ്റെടുത്ത് ഇടയ്ക്ക് നെടുവീര്‍പ്പിട്ടും ആശ്വാസവാക്കുകള്‍ പറഞ്ഞുമാണ് നടപ്പ്. പാടവരമ്പത്തു നിന്നേ അമ്മിണിയേച്ചീടെ ശബ്ദം കേള്‍ക്കാം. നാട്ടുകാരോട് സൊറ പറഞ്ഞ് നടക്കുന്നതില്‍ കവിഞ്ഞ് വേറൊരു ആനന്ദം ഇല്ലെന്ന അഭിപ്രായക്കാരിയാണ് ചേച്ചി.

ഒന്നുമുണ്ടാകില്ലെങ്കിലും ഏതോ കമ്പനിയില്‍ ജോലിക്ക് പോകുന്ന പോലെ ഒരു സഞ്ചി എപ്പോഴും അമ്മിണിചേച്ചീടെ കൂടെ ഉണ്ടാകും. വീട്ടിലെത്തിയാല്‍ പിന്നെ ഭരണം ഏറ്റെടുക്കലായി. വീട്ടിലെ പുറം കാര്യങ്ങളെല്ലാം നോക്കുന്നത് അവരാണ്. തെങ്ങുകയറ്റക്കാരോട് കൂലിക്ക് വേണ്ടി പേശിയും, കളക്കാരെ ശാസിച്ചും, വഴിയില്‍ കാണുന്ന പുല്ല് പറിച്ചു കളഞ്ഞും ചേച്ചിയങ്ങനെ വീട്ടിലെ കാര്യസ്ഥയായി വിലസുകയാണ്. അതിനുള്ള സ്വാതന്ത്യ്രം അമ്മ അവര്‍ക്ക് കൊടുത്തിട്ടുമുണ്ട്. പുറത്തെ ജോലികളെല്ലാം ചേച്ചിയോട് ചോദിച്ചിട്ടേ അമ്മയും ചെയ്യൂ. താന്‍ നോക്കി നടന്നില്ലങ്കില്‍ ഒന്നും ശരിയാവില്ലെന്നൊരു വിശ്വാസവും ചേച്ചിക്കെങ്ങനോ കിട്ടിയിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും ഒരു നൂറ് അഭിപ്രായവും ചേച്ചിയുടെതായി കേള്‍ക്കാം. അങ്ങനെ ആ നാട്ടുകാര്‍ ചേച്ചിക്കൊരു പേരിട്ടു. ‘സൂപ്പര്‍വൈസര്‍ അമ്മിണി’.

ഇടയ്ക്ക് എന്നെ കേറി ഉപദേശിക്കുന്നതാണ് ആകെയുള്ളൊരു വിഷമം. വീട്ടിലൊന്ന് വൈകി വന്നാല്‍ അല്ലെങ്കില്‍ കൂട്ടുകാരുമൊത്ത് കറങ്ങി നടന്നാല്‍ എല്ലാത്തിനും കുറ്റമാണ്. ചിലപ്പോള്‍ ഉപദേശം ശാസനയിലും എത്തും. ഞാന്‍ വകവെച്ചില്ലെങ്കിലും ഇതെല്ലാം പറയേണ്ടത് തന്റെ കടമയാണെന്ന മട്ടില്‍ ചേച്ചി അങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. എന്തൊക്കെയായാലും ആളൊരു ശുദ്ധഗതിക്കാരിയാണ് കേട്ടോ!

ഇടയ്ക്ക് എനിക്കും പ്രവീണിനും ഓരോ സാധനങ്ങള്‍ കൊണ്ടുവന്നു തരും. ഞങ്ങളെ ഉത്സവങ്ങള്‍ക്ക് കൊണ്ടു പോകുന്നതും ചേച്ചിയാണ്. ചേച്ചിടെ കൂടെ പാടത്തും പറമ്പിലും ചുറ്റി നടക്കാന്‍ എനിക്കിഷ്ടമാണ്. വള്ളികളില്‍ നിന്നും വേലിയില്‍ നിന്നുമെല്ലാം പഴങ്ങള്‍ പറിച്ച് തിന്നും. എനിക്കും തരും. കാരപ്പഴം, ചുണ്ടങ്ങ എന്നിങ്ങനെ ഓരോ പേരുകളാണ് പഴങ്ങള്‍ക്ക്. ചിലപ്പോള്‍ പുല്ലില്‍ നിന്ന് വീഴാറായി നില്‍ക്കുന്ന വെള്ളതുള്ളിയെടുത്ത് കണ്ണില്‍ ഒഴിക്കുന്നതു കാണാം. തണ്ണീര്‍ക്കുടമെന്നാണത്രേ അതിനെ പറയാ. ലോകത്തിലെ എല്ലാ കാര്യങ്ങളിലും ചേച്ചിക്ക് ഗണ്യമായ ജ്ഞാനമുണ്ടെന്ന് ഞാനും വിശ്വസിച്ചിരുന്നു.

ചേച്ചിയറിയോതെ ഓരോ കുസൃതികള്‍ ഒപ്പിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു. വൈകുന്നേരം പോകാന്‍ നേരമാകുമ്പോഴേക്കും ചേച്ചിടെ സഞ്ചി എടുത്തൊളിപ്പിക്കുക, പറഞ്ഞതനുസരിക്കാതെ കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുക, തുടച്ച് വൃത്തിയാക്കിയ മുറികളില്‍ ചെളിയുള്ള കാലുമായി കയറി നടക്കുക എന്നതൊക്കെയായിരുന്നു എന്റെ വിനോദങ്ങള്‍. എത്ര പണിയുണ്ടെങ്കിലും ഉച്ചക്കൊരു മയക്കം അമ്മിണിചേച്ചിടെ പതിവാണ്. അത് തെറ്റിയാല്‍ ക്ഷീണമാണത്രേ. ആ നേരം നോക്കി വളപ്പിലെ മാവില്‍ കല്ലെറിയാനും ഉണക്കാന്‍ വെച്ച ഉപ്പിട്ട പുളി കട്ടെടുക്കാനും എന്ത് തിടുക്കമായിരുന്നു!

വര്‍ഷങ്ങള്‍ മുന്നോട്ട് പോയത് പലതും പിന്നിലേക്കാക്കിയിട്ടായിരുന്നു. ചുണ്ടങ്ങയും ഞൊട്ടിങ്ങയും തണ്ണീര്‍ക്കുടവുമെല്ലാം ഈ പ്രവാസജീവിതത്തിലെവിടെ കിട്ടും. നാട്ടിലെ ഓരോ കുഞ്ഞു കാര്യങ്ങളും എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാകുന്നത് ഇപ്പോഴാണ്. മരുഭൂമിയിലെ ഫ്ലാറ്റുകള്‍ക്കും മാളുകള്‍ക്കുമിടയില്‍ ജീവിതം മുന്നോട്ടോടുമ്പോള്‍ ഇന്നതെല്ലാം വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്. കണ്ണില്‍ ഒരിറ്റുവെള്ളം നിറയ്ക്കാന്‍ പോലും കെല്‍പ്പില്ലാത്ത ചില പിന്നാമ്പുറങ്ങള്‍...

2 അഭിപ്രായങ്ങൾ: