ആരോ വലിച്ചെറിഞ്ഞ തൂലികത്തുമ്പിലെ ഒരിറ്റു മഷികൊണ്ട് ഞാനീ ലോകത്തെ എന്റേതാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു. എന്റേതല്ലയീ ഭൂമിയെന്നറിഞ്ഞിട്ടും...
2016, മാർച്ച് 6, ഞായറാഴ്‌ച
മഴയോര്‍മ്മകള്‍... (1)
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു എടവമാസക്കാലത്ത്...
ജൂണ്‍ ഒന്ന്. സ്‌കൂളില്‍ പോകാന്‍ മടിയാണേലും പുതിയ ബാഗും പുസ്‌തകങ്ങളും കുടയുമായി ഇന്ന് സ്‌കൂളില്‍ പോവാന്‍ വലിയ ഉത്സാഹമാണ്. എന്നെപ്പോലെ തന്നെ പറഞ്ഞും കേട്ടും തീരാത്ത വിശേഷങ്ങളുടെ ഭാണ്ഡവും പേറിയാകും എല്ലാവരുടേയും വരവ്. ചാവക്കാട് പോലീസ് കോട്ടേഴ്‌സിലേക്ക് കയറി വന്ന ചന്ദ്രേട്ടന്റെ ട്രക്കറിന്റെ ഹോണ്‍ കേട്ടാല്‍ വീട്ടില്‍ നിന്നിറങ്ങി ഒരു ഓട്ടമാണ്. ചിലപ്പോള്‍ നേരത്തെ തന്നെ വഴിയില്‍ പോയി കാത്തു നില്‍ക്കും. ഞാനും അനിയനുമുണ്ട്. ഞങ്ങള്‍ ചെറിയ കുട്ടികളായതുകൊണ്ട് വണ്ടിയില്‍ ഞങ്ങള്‍ക്ക് സീറ്റില്ല. ഞങ്ങള്‍ക്കെന്നല്ല, കുട്ടികള്‍ക്കാര്‍ക്കും സീറ്റുണ്ടാവില്ല. ചുരിദാറിട്ട ചേച്ചിമാരുടെ മടിയിലാണ് ഇരിക്കാറ്. മഴക്കാലമായതുകൊണ്ട് കുടയുണ്ടായിട്ടും കാര്യമൊന്നുമില്ല. ഉടുപ്പില്‍ നിറയെ വെള്ളമായിട്ടാണ് ഓടിക്കേറുക. ഇസ്‌ത്തിരിയിട്ട് മിനുക്കിയ നീല ടോപ്പും വെള്ള ബോട്ടവും ഷോളുമിട്ട് ചുളിക്കാതെ ഇരിക്കുന്ന ചേച്ചിമാര്‍ക്ക് ഞങ്ങളുടെ വരവത്ര സുഖിക്കില്ല. പിന്നെ ദേഷ്യം പുറത്തു കാട്ടാതെ പിടിച്ചു വലിച്ച് മടിയിലിരുത്തും. എന്തൊക്കെയായാലും ഞാന്‍ ചുരിദാറിട്ട ഹൈസ്‌കൂള്‍ ചേച്ചിമാരുടെ കടുത്ത ആരാധികയാണ്. അവരുടെ പൊട്ടും വളയും കമ്മലുമൊക്കെ നോക്കി നിന്ന് സ്‌കുള്‍ എത്തുന്നത് അറിയാറേയില്ല. പക്ഷെ എനിക്കിനീം അഞ്ച് വര്‍ഷം കാത്തിരിക്കണം ഇതുപോലെ ചുരിദാറിടാന്‍.
ഒരു വലിയ നെടുവീര്‍പ്പോടെ വണ്ടിയങ്ങനെ പതുക്കെ നീങ്ങിത്തുടങ്ങി. പെയ്‌തു കഴിഞ്ഞിട്ട് വേണം എങ്ങോട്ടോ പോവാന്‍ എന്നോണം മഴ തിരക്കിട്ട് പെയ്യുകയാണ്. റോഡ് നിറയെ വെള്ളമാണ്. നോക്കുന്നിടത്തല്ലാം വെള്ളം. സര്‍വത്ര വെള്ളം. ഭൂമിയങ്ങനെ നീരാടി തണുത്തുറഞ്ഞ് നില്‍ക്കുന്നു. സ്‌കൂളിലെത്തിയിട്ട് കൂട്ടുകാരുമൊത്ത് കളിക്കുന്നതും വിശേഷങ്ങള്‍ പറയുന്നതും സ്വപ്‌നം കണ്ടാണ് യാത്ര. സ്‌കൂളില്‍ ഞങ്ങള്‍ രണ്ടാം ക്ലാസിലെ കുട്ടികള്‍ക്കാണ് എല്‍. കെ. ജി കുട്ടികളെ നോക്കേണ്ട ചുമതല. ടീച്ചര്‍മാര്‍ വരുന്നതു വരെയും ഇന്റര്‍വെല്ലിന് അവരെ വരിയായി മൂത്രമൊഴിക്കാന്‍ കൊണ്ടു പോകുന്നതും ഞങ്ങളാണ്. ചൂരലുമായി അവരെ അനുസരിപ്പിച്ച് ചേച്ചി ചമയാന്‍ ഞങ്ങള്‍ക്ക് മത്സരമാണ്. ലക്ഷ്‌മി, സന, അശ്വതി, ടിന്റു, മരിയ... അങ്ങനെ ഒരുപാട് അനിയത്തിമാര്‍ ഞങ്ങള്‍ക്കവിടെ ഉണ്ടായിരുന്നു. ഇവരെ കളിപ്പിക്കാന്‍ വേണ്ടി ഇന്റെര്‍വ്വെല്ലിനായി കാത്തിരിക്കുമായിരുന്നു ഞങ്ങള്‍.
ലക്ഷ്‌മിയും അശ്വതിയുമായിരുന്നു എനിക്കേറ്റവും പ്രിയപ്പെട്ടവര്‍. അവര്‍ക്ക് മഴയിലോടിക്കാന്‍ കടലാസ് വഞ്ചിയുണ്ടാക്കി കൊടുത്തിരുന്നതും ചോറ് വാരി കൊടുത്തിരുന്നതും ഉച്ചക്ക് ഉറക്കികൊടുത്തിരുന്നതുമെല്ലാം ഞാന്‍ തന്നെയാണ്. അവര്‍ക്കും എന്നെ ഒരുപാട് ഇഷ്ടമാണ്. എന്നെത്തിരക്കി ഒരിക്കെ കരഞ്ഞ് ക്ലാസില്‍ വന്ന് എല്ലാവരേയും അമ്പരപ്പിച്ചിട്ടുണ്ട് ലക്ഷ്‌മി. സ്‌കൂളിന്റെ മുറ്റത്തുള്ള വലിയ വാകമരം അശ്വതിക്കൊത്തിരി ഇഷ്ടമായിരുന്നു. അതില്‍ നിന്ന് പൊഴിഞ്ഞു വീഴുന്ന പൂക്കള്‍ അവള്‍ക്ക് പെറുക്കി കൊടുക്കുന്നതും എന്റെ ജോലിയായിരുന്നു. സ്‌കൂള്‍ വിട്ടാല്‍ വീട്ടില്‍ പോകാന്‍ പോലും സമ്മതിക്കാതെ എന്നെ കെട്ടിപ്പിടിച്ച് കരയുന്ന ലക്ഷ്‌മിയേയും അശ്വതിയേയും കാണുമ്പോള്‍ ഞാനവരുടെ അമ്മയായിരുന്നെങ്കില്‍ എന്നെനിക്ക് തോന്നാറുണ്ട്. ഇതിപ്പൊ വെക്കേഷനു ശേഷം അവര്‍ യു. കെ. ജിലേക്കും ഞാന്‍ മൂന്നിലേക്കും.
സ്‌കുള്‍ എത്താറായി. കാറ്റത്ത് മഴ വണ്ടിക്കുള്ളിലേക്ക് വരാതിരിക്കാനായി കെട്ടിവെച്ചിരുന്ന ടാര്‍പ്പായയില്‍ നിന്ന് ഊര്‍ന്നിറങ്ങിയ വെള്ളം വീണ് ഞാന്‍ ഒരുവിധമെല്ലാം നനഞ്ഞു കഴിഞ്ഞിരുന്നു. റോഡിന്റെ ഇരുവശത്തു കൂടി പോകുന്ന കുട്ടികളുടെ കുടകളിലായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. അച്ഛന്‍ ദുബായില്‍ നിന്ന് കൊണ്ടു വന്ന മഞ്ഞയില്‍ പലവര്‍ണ്ണ പൂക്കളുള്ള കാലന്‍കുടയാണ് എന്റേത്. അതിലും ഭംഗിയുള്ളത് വേറെയാര്‍ക്കെങ്കിലും ഉണ്ടാകുമോ എന്ന ആകാംഷയിലാണ് ഞാന്‍.
മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവറിന്റെ ഗേറ്റ് ദൂരേന്ന് കാണാനുണ്ട്. റോഡാകെ ബ്ലോക്കായി. ഓട്ടോറിക്ഷയും ട്രക്കറും കാറുകളും ബസ്സുമൊക്കെ മുന്നോട്ട് പോകാന്‍ കഴിയാതെ നിര്‍ത്തി ഹോണ്‍ മുഴക്കികൊണ്ടിരിക്കുന്നു. മഴയുടെ ഇരമ്പല്‍ കേള്‍ക്കാനേയില്ല. ആകെ ബഹളമയം. ഇതിന്റെ ഇടയില്‍ അവിടിവിടെയായി നൂറോളം സൈക്കിളുകള്‍. നീലയും വെള്ളയും നിറങ്ങള്‍ കലക്കിയ സാഗരം കരകവിഞ്ഞൊഴുകുന്ന പോലെ...
സ്‌കൂളില്‍ ബെല്ലടിച്ചു. ഒരു സൈഡില്‍ വണ്ടി നിര്‍ത്തി എല്ലാവരും ചാടിയിറങ്ങി ഓട്ടം തുടങ്ങി. വണ്ടികള്‍ക്കിടയിലൂടെ ഓടി മുന്നിലെത്താറായപ്പൊ ഒരാള്‍ക്കൂട്ടം. ബാഗുകളും കുടകളുമൊക്കെ താഴെ കിടപ്പുണ്ട്. വേഗം അരികത്തു കൂടി സ്‌കൂളിലേക്ക് കടന്നു. ക്ലാസില്‍ എത്തിയപ്പോഴേക്കും തലയടക്കം മുഴുവന്‍ നനഞ്ഞിരുന്നു.
ആദ്യത്തെ ദിവസമായ കാരണം ടീച്ചര്‍മാര്‍ എത്തിയിട്ടില്ല. വിശേഷങ്ങളുടെ പൊതികള്‍ ഓരോരുത്തരായി അഴിച്ചു തുടങ്ങി. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളും കഥകളും... ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും സ്‌കൂളില്‍ കൂട്ടമണിയടിച്ചു. സാധാരണ ഉച്ചവരെ ഉണ്ടാവാറുള്ളതാണ്. ഇന്നെന്താ നേരത്തെ വിട്ടതെന്ന ആശങ്കയിലാണ് എല്ലാരും. അപ്പോഴേക്കും മൈക്കിലൂടെ ഹെഡ്‌മിസ്‌റ്റ്രസിന്റെ പരുപരുത്ത ശബ്ദം.
" ഇന്ന് രാവിലെ സ്‌കൂളിനു മുന്നില്‍ വണ്ടിയിടിച്ച് സ്‌കൂള്‍ക്കുട്ടികളടങ്ങിയ ഓട്ടോ മറിഞ്ഞ് യു. കെ. ജിയിലെ അശ്വതി മേനോന്‍ മരിച്ചു. രണ്ട് കുട്ടികള്‍ ആശുപത്രിയിലാണ്. സ്‌കൂളിന് ഇന്ന് അവധി. എല്ലാവരും എഴുനേറ്റ് നിന്ന് അവര്‍ക്കു വേണ്ടി ഒരു മിനിറ്റ് പ്രാര്‍ത്ഥിക്കുക" .
കേട്ടതെന്താണെന്ന് തിരിച്ചറിയാനാകാത്ത പോലെ... ഒരു തരിപ്പോ ഞെട്ടലോ മാത്രമായിരുന്നു മനസ്സില്‍. വീണ്ടും വീണ്ടും ഓര്‍ത്തിട്ടും വിശ്വസിക്കാനായില്ല. കരയണമെന്നുണ്ടെങ്കിലും ഒരു തുള്ളി കണ്ണുനീര്‍ പോലുമില്ല. സംസാരിക്കാന്‍ കഴിയാതെ ഞാന്‍ ബാഗുമെടുത്ത് ഇറങ്ങി നടന്നു. എല്‍. കെ. ജി ക്ലാസിന്റെ മുന്നിലേക്ക് നോക്കാതെ നടന്നു. വണ്ടി കാത്തുനില്‍ക്കുന്ന കുട്ടികള്‍ വഞ്ചിയുണ്ടാക്കി വെള്ളത്തിലിട്ട് കളിക്കുകയാണ്. ചാറ്റല്‍ മഴയെ വകവെക്കാതെ ചിലര്‍ ഓടി കളിക്കുന്നുണ്ട്. കൈ പിടിക്കാൻ ആരും കൂടെയില്ലെന്നറിഞ്ഞിട്ടും ഞാൻ വെറുതെ കൈ മുറുക്കി പിടിച്ചു. നിശബ്ദയായി പെയ്‌ത് മഴയെന്റെ കണ്ണൂനീരിനൊപ്പം കരയുന്നുണ്ട്. പെറുക്കാന്‍ ആളില്ലാഞ്ഞിട്ടും ആ വാകമരം അപ്പോഴും പൂക്കള്‍ പൊഴിച്ചു കൊണ്ടിരിക്കുകയാണ്...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഫേസ്ബുക്കിലെ ബ്ലോഗ് ലിങ്കിലൂടെ ബ്ലോഗിൽ എത്താൻ കഴിയുന്നില്ല, ആ ലിങ്കിനു എന്തോ തകരാർ ഉണ്ട് അത് ഫിക്സ് ചെയ്യുക. പിന്നെ വിനിതയുടെ sunny days ൽ നിന്നും തികച്ചും അവിചാരിതമായി ഈ ബ്ലോഗിലെത്തി എന്നു പറയട്ടെ!
മറുപടിഇല്ലാതാക്കൂദുഖത്തിലാഴ്ത്തിയ മഴയോർമ്മകൾ വളരെ ഹൃദ്യമായി അവതരിപ്പിച്ചു. തുടക്കം ആവേശത്തോടു വായിച്ചെങ്കിലും അവസാനം ദുഃഖത്തിലാഴ്ത്തി എന്നു പറയട്ടെ.
അടുത്തിടെ കനൽ സംഘടിപ്പിച്ച മഴയോർമ്മ രചനയിൽ ഞാനും ഒരു കുറിപ്പ് എഴുതി, ലിങ്ക് ഇവിടെ ചേർക്കുന്നു. വായിക്കുക അഭിപ്രായം കുറിക്കുക. മഴയോര്‍മ്മകള്‍
വീണ്ടും കാണാം
എഴുതുക
അറിയിക്കുക
ആശംസകൾ
നന്ദി നമസ്കാരം
ഫിലിപ്പ് ഏരിയൽ, സിക്കന്തരാബാദ്
മഴ കണ്ടു കൊണ്ടാണ് ഇത് വായിച്ചത്.
മറുപടിഇല്ലാതാക്കൂവിഷമിപ്പിച്ചു എങ്കിലും എഴുത്തു നന്നായിരിക്കുന്നു.നന്മകൾ.❤️