കറുപ്പിന്റെ ഏഴഴകിനെ വര്‍ണ്ണിച്ച് പാടുമ്പോഴും സത്യത്തില്‍ കറുപ്പ് എന്നത് നിറമില്ലാത്ത ഒന്നു മാത്രമായിട്ടാണ് പലരുടേയും മനസ്സില്‍. പുരാതനകാലം മുതല്‍ക്കേ സവര്‍ണ്ണനെന്നും അവര്‍ണ്ണനെന്നുമുള്ള തരം തിരിവിലാണല്ലോ നാട്ടാചാരങ്ങളും കേട്ടുകേള്‍വിയുമെല്ലാം. ഇന്ത്യയിലിപ്പോള്‍ ദളിതരെന്ന് വിളിക്കുന്നവരെല്ലാം കറുത്തവരും കീഴ്‌ജാതിക്കാരും എന്നാണ് പൊതു സങ്കല്‍പ്പം. എന്നാല്‍ "മുന്തിയ ഇനം" എന്നു കരുതപ്പെടുന്ന ജാതികളില്‍ കറുത്തവര്‍ ഉണ്ടാകുന്നതും കീഴ്‌ജാതിയില്‍ വെളുത്തവരെ കാണുന്നതുമായ ജനിതകസമസ്യ നമ്മുടെ വിഷയമേ അല്ല. കൊളോണിയലിസം മുതല്‍ ഈ രണ്ട് നിറങ്ങളും മേലാള-കീഴാള ബന്ധത്തില്‍ കോര്‍ത്തെടുത്ത് ചൂഷിക്കപ്പെട്ടു വരുന്നു എന്നതാണ് സത്യം. ഇതിനെതിരെ പല സംഘടിത കലാപങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും, നിറത്തിലൊന്നും മനുഷ്യന്റെ പച്ചയായ വികാരവിചാരങ്ങള്‍ക്ക് മാറ്റമില്ലെന്നും ഒരു പിടി അന്നത്തിനായി എല്ലുമുറിയെ അദ്ധ്വാനിക്കുന്നവരുടെ വിയര്‍പ്പിന്റെ ഗന്ധം ഒന്നു തന്നെയാണെന്നുമൊക്കെ അറിയാമെങ്കിലും ജന്മി-കുടിയാന്‍ വ്യവസ്ഥയെ വെച്ചാരാധിക്കുന്നവര്‍ ഇന്നും ഈ സൗന്ദര്യശാസ്‌ത്രത്തെ മനസ്സാ പാലിക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് ഞാനീ ലേഖനം സമര്‍പ്പിക്കട്ടെ...
വരണ്ടുകീറിയ ചുണ്ടുകളും എല്ലുന്തിയ മാംസവുമായുള്ളവര്‍ ഒരു പൊതിച്ചോറിനായി മത്സരിച്ചു വീഴുന്നത് നമ്മുടെ കണ്‍മുന്നില്‍ തന്നെയാണ്. വാര്‍ത്തകളില്‍ നിറയുന്ന സിറിയയിലും നൈജീരിയയിലും മാത്രമല്ല; വിശപ്പിനാല്‍ കത്തിച്ചാമ്പലാകുന്നവരുടെ അന്ത്യവിളികള്‍ നമ്മുടെ ഉള്‍നാടുകളിലുമുണ്ടെന്നറിയുക. പോഷകാഹാരക്കുറവു മൂലം വയനാടില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം കവിയുമ്പോള്‍ കുടിവെള്ളത്തിനായി പിടഞ്ഞൊടുങ്ങിയ നാവുകളും കുറവല്ല. ഒരു മേല്‍ക്കൂരയ്‌ക്കു കീഴെ കഴിയുന്നവരും ഒരേ മണ്ണില്‍ കിടന്നുറങ്ങുന്നവര്‍ക്കുമിടയില്‍ ലോകാനുരാഗത്തിന്റേയും മനുഷ്യത്വത്തിന്റേയും വിത്തുകള്‍ പാകിയിരുന്നെങ്കില്‍ പല വിപ്ലവങ്ങളും ഭാരതാംബയുടെ കൈകളില്‍ പിടഞ്ഞു ചോരചിന്തുകയില്ലായിരുന്നു. വിശപ്പിന്റെ വിളിയില്‍ ഈ പറയുന്ന നിറങ്ങള്‍ക്ക് എന്താണ് വില? അവന്‍ ശ്വസിച്ചു വിടുന്ന വായു ശ്വസിക്കുന്ന നമ്മള്‍ എങ്ങനെ അവനില്‍ നിന്ന് വ്യത്യസ്ഥനായി? ഉത്തരം കിട്ടാത്ത ചോദ്യങ്ങളല്ല ഇവയൊന്നും. മനപ്പൂര്‍വ്വം കണ്ടില്ലെന്നു നടിക്കാനാണ് പലര്‍ക്കുമിഷ്ടം. ഈ നിറവ്യത്യാസത്തിന് മരിച്ചു കഴിഞ്ഞാല്‍ ജീര്‍ണ്ണിച്ചഴുകുന്ന മണ്ണിന്റെ വിലയേയുള്ളു എന്നു മനസ്സിലാക്കിയിരുന്നെങ്കില്‍ കാള്‍സാഗനെപ്പോലെ എഴുതാനാശിച്ച് നക്ഷത്രങ്ങളെ സ്വപ്‌നം കണ്ടുറങ്ങിയിരുന്നവന് ഇന്നീ നിഴലില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക് ഒളിക്കേണ്ടി വരില്ലായിരുന്നു. കൃത്രിമം കലര്‍ന്ന സ്‌നേഹത്തിന്റേയും പഴകിമടുത്ത ചിന്തകളുടേയും തോളില്‍ തലചായ്‌ച്ച് ആ യാത്രാകുറിപ്പെഴുതുമ്പോള്‍ ശാസ്‌ത്രമാ ശാസ്‌ത്രസ്‌നേഹിക്കു മുന്നില്‍ തോറ്റു പോകുകയാണ് ചെയ്‌തത്.
ഇലക്‌ക്ഷനടുക്കുമ്പോള്‍ വോട്ടിനു വരുന്നവര്‍ക്കില്ലാത്ത നിറവ്യത്യാസം ജയിച്ചു
കഴിഞ്ഞാല്‍ പൊട്ടിമുളയ്‌ക്കുന്നതെങ്ങനെ? വരുന്നവന്‍ ആരായാലും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ
പൊള്ളയായ കറുത്ത മഷിയെ വിശ്വസിച്ച് തങ്ങളുടെ സ്വപ്‌നങ്ങളില്‍ നിറങ്ങള്‍ വിരിയുന്നതുകൊണ്ടാണ്
വീണ്ടും വീണ്ടും നിങ്ങള്‍ക്ക് മേലാള ഭരണത്തിനും സാധ്യത കൈവരുന്നത്. രാജ്യസ്‌നേഹത്തിന്
മുദ്രാവാക്യങ്ങളുടെ പിന്‍വിളികളല്ല പകരം അടുത്തുള്ളവന്റെ വയറിലേക്കുള്ള എത്തിനോട്ടമാണ്
വേണ്ടതെന്ന ചിന്തയാണ് ആദ്യം മനസ്സിലാക്കേണ്ടതും. ഒരു രാത്രി വെളുക്കും മുന്‍പ് തലയ്‌ക്ക്
പതിന്നൊന്നു ലക്ഷവും നാവിന് അഞ്ച് ലക്ഷവും ആയി മാറിയതും നിറമില്ലാത്ത ഒരു ബീഹാറിക്കു
തന്നെയാണ്. ഇന്ത്യയ്‌ക്കുള്ളിലെ സ്വാതന്ത്യം അവകാശപ്പെടാനുള്ള അവന്റെ മൗലികാവകാശത്തെ
എന്തിന് ഭയക്കണം. വെറും തെരുവ് രാഷ്ട്രീയത്തിന്റെ കണ്ണികളാവാന്‍ മാത്രം വിധിക്കപ്പെട്ട
"കനയ്യ-ഖാലിദ്" മാരുടെ നാടാണോ ഇത്? ഒരു വലിയ മാറ്റത്തിനായി മാറാന്‍ തയ്യാറെടുക്കുന്നവര്‍
അവര്‍ക്കു പിന്നിലെ തെളിവുകളാണ്. അടിമയെന്നും അടിമതന്നെയായിരിക്കാന്‍ അനുശാസിക്കുന്ന
മനോനീതിക്ക് മാറ്റം സംഭവിക്കട്ടെ. ദളിതന് ശാസ്‌തജ്ഞനോ വേണമെങ്കില്‍ പ്രധാനമന്ത്രിയോ
ആകാന്‍ കഴിയട്ടെ. നിറങ്ങളുടെ സ്വപ്‌നരാജ്യം വിട്ട് എന്നും നമുക്ക് ഹോളി ആഘോഷിക്കാന്‍
കഴിയട്ടെ...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ