2017, ജനുവരി 1, ഞായറാഴ്‌ച

നീ...



അവസാന നിമിഷം വരെ
നിന്നോട് സംസാരിചിരിക്കണം...
കൂടെയുള്ള ഓരോ നിമിഷവും
വർണങ്ങൾ കൂടി കൊണ്ടേയിരിക്കുന്നു...
ആ നിമിഷങ്ങൾക്കു കണ്ണേറു വരാതെ
നിന്റെ അധരതോട് ചേർത്ത് വെക്കണം.
ദുഖങ്ങളെ നിന്റെ നെഞ്ചിൽ
കിടത്തിയുറക്കണം.
പ്രണയനിലാവൊഴുകുന്ന രാത്രികളിൽ
എല്ലാം മറന്നു നിന്നിൽ പടർന്നുകേറണം.
ഉണരാത്ത പകലിലേക്ക് വഴുതി വീഴുമ്പോൾ
നീപോലുമറിയാതെ നിന്നിൽ ലയിക്കണം....

2016, മാർച്ച് 9, ബുധനാഴ്‌ച

നിറമില്ലാത്തവരുടെ രാഷ്ട്രീയം


കറുപ്പിന്റെ ഏഴഴകിനെ വര്‍ണ്ണിച്ച്‌ പാടുമ്പോഴും സത്യത്തില്‍ കറുപ്പ്‌ എന്നത്‌ നിറമില്ലാത്ത ഒന്നു മാത്രമായിട്ടാണ്‌ പലരുടേയും മനസ്സില്‍. പുരാതനകാലം മുതല്‍ക്കേ സവര്‍ണ്ണനെന്നും അവര്‍ണ്ണനെന്നുമുള്ള തരം തിരിവിലാണല്ലോ നാട്ടാചാരങ്ങളും കേട്ടുകേള്‍വിയുമെല്ലാം. ഇന്ത്യയിലിപ്പോള്‍ ദളിതരെന്ന്‌ വിളിക്കുന്നവരെല്ലാം കറുത്തവരും കീഴ്‌ജാതിക്കാരും എന്നാണ്‌ പൊതു സങ്കല്‍പ്പം. എന്നാല്‍ "മുന്തിയ ഇനം" എന്നു കരുതപ്പെടുന്ന ജാതികളില്‍ കറുത്തവര്‍ ഉണ്ടാകുന്നതും കീഴ്‌ജാതിയില്‍ വെളുത്തവരെ കാണുന്നതുമായ ജനിതകസമസ്യ നമ്മുടെ വിഷയമേ അല്ല. കൊളോണിയലിസം മുതല്‍ ഈ രണ്ട്‌ നിറങ്ങളും മേലാള-കീഴാള ബന്ധത്തില്‍ കോര്‍ത്തെടുത്ത്‌ ചൂഷിക്കപ്പെട്ടു വരുന്നു എന്നതാണ്‌ സത്യം. ഇതിനെതിരെ പല സംഘടിത കലാപങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും, നിറത്തിലൊന്നും മനുഷ്യന്റെ പച്ചയായ വികാരവിചാരങ്ങള്‍ക്ക്‌ മാറ്റമില്ലെന്നും ഒരു പിടി അന്നത്തിനായി എല്ലുമുറിയെ അദ്ധ്വാനിക്കുന്നവരുടെ വിയര്‍പ്പിന്റെ ഗന്ധം ഒന്നു തന്നെയാണെന്നുമൊക്കെ അറിയാമെങ്കിലും ജന്മി-കുടിയാന്‍ വ്യവസ്ഥയെ വെച്ചാരാധിക്കുന്നവര്‍ ഇന്നും ഈ സൗന്ദര്യശാസ്‌ത്രത്തെ മനസ്സാ പാലിക്കുന്നുണ്ട്‌. അത്തരക്കാര്‍ക്ക്‌ ഞാനീ ലേഖനം സമര്‍പ്പിക്കട്ടെ...

വരണ്ടുകീറിയ ചുണ്ടുകളും എല്ലുന്തിയ മാംസവുമായുള്ളവര്‍ ഒരു പൊതിച്ചോറിനായി മത്സരിച്ചു വീഴുന്നത്‌ നമ്മുടെ കണ്‍മുന്നില്‍ തന്നെയാണ്‌. വാര്‍ത്തകളില്‍ നിറയുന്ന സിറിയയിലും നൈജീരിയയിലും മാത്രമല്ല; വിശപ്പിനാല്‍ കത്തിച്ചാമ്പലാകുന്നവരുടെ അന്ത്യവിളികള്‍ നമ്മുടെ ഉള്‍നാടുകളിലുമുണ്ടെന്നറിയുക. പോഷകാഹാരക്കുറവു മൂലം വയനാടില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം കവിയുമ്പോള്‍ കുടിവെള്ളത്തിനായി പിടഞ്ഞൊടുങ്ങിയ നാവുകളും കുറവല്ല. ഒരു മേല്‍ക്കൂരയ്‌ക്കു കീഴെ കഴിയുന്നവരും ഒരേ മണ്ണില്‍ കിടന്നുറങ്ങുന്നവര്‍ക്കുമിടയില്‍ ലോകാനുരാഗത്തിന്റേയും മനുഷ്യത്വത്തിന്റേയും വിത്തുകള്‍ പാകിയിരുന്നെങ്കില്‍ പല വിപ്ലവങ്ങളും ഭാരതാംബയുടെ കൈകളില്‍ പിടഞ്ഞു ചോരചിന്തുകയില്ലായിരുന്നു. വിശപ്പിന്റെ വിളിയില്‍ ഈ പറയുന്ന നിറങ്ങള്‍ക്ക്‌ എന്താണ്‌ വില? അവന്‍ ശ്വസിച്ചു വിടുന്ന വായു ശ്വസിക്കുന്ന നമ്മള്‍ എങ്ങനെ അവനില്‍ നിന്ന്‌ വ്യത്യസ്ഥനായി? ഉത്തരം കിട്ടാത്ത ചോദ്യങ്ങളല്ല ഇവയൊന്നും. മനപ്പൂര്‍വ്വം കണ്ടില്ലെന്നു നടിക്കാനാണ്‌ പലര്‍ക്കുമിഷ്ടം. ഈ നിറവ്യത്യാസത്തിന്‌ മരിച്ചു കഴിഞ്ഞാല്‍ ജീര്‍ണ്ണിച്ചഴുകുന്ന മണ്ണിന്റെ വിലയേയുള്ളു എന്നു മനസ്സിലാക്കിയിരുന്നെങ്കില്‍ കാള്‍സാഗനെപ്പോലെ എഴുതാനാശിച്ച്‌ നക്ഷത്രങ്ങളെ സ്വപ്‌നം കണ്ടുറങ്ങിയിരുന്നവന്‌ ഇന്നീ നിഴലില്‍ നിന്ന്‌ നക്ഷത്രങ്ങളിലേക്ക്‌ ഒളിക്കേണ്ടി വരില്ലായിരുന്നു. കൃത്രിമം കലര്‍ന്ന സ്‌നേഹത്തിന്റേയും പഴകിമടുത്ത ചിന്തകളുടേയും തോളില്‍ തലചായ്‌ച്ച്‌ ആ യാത്രാകുറിപ്പെഴുതുമ്പോള്‍ ശാസ്‌ത്രമാ ശാസ്‌ത്രസ്‌നേഹിക്കു മുന്നില്‍ തോറ്റു പോകുകയാണ്‌ ചെയ്‌തത്‌.

ഇലക്‌ക്ഷനടുക്കുമ്പോള്‍ വോട്ടിനു വരുന്നവര്‍ക്കില്ലാത്ത നിറവ്യത്യാസം ജയിച്ചു കഴിഞ്ഞാല്‍ പൊട്ടിമുളയ്‌ക്കുന്നതെങ്ങനെ? വരുന്നവന്‍ ആരായാലും തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലെ പൊള്ളയായ കറുത്ത മഷിയെ വിശ്വസിച്ച്‌ തങ്ങളുടെ സ്വപ്‌നങ്ങളില്‍ നിറങ്ങള്‍ വിരിയുന്നതുകൊണ്ടാണ്‌ വീണ്ടും വീണ്ടും നിങ്ങള്‍ക്ക്‌ മേലാള ഭരണത്തിനും സാധ്യത കൈവരുന്നത്‌. രാജ്യസ്‌നേഹത്തിന്‌ മുദ്രാവാക്യങ്ങളുടെ പിന്‍വിളികളല്ല പകരം അടുത്തുള്ളവന്റെ വയറിലേക്കുള്ള എത്തിനോട്ടമാണ്‌ വേണ്ടതെന്ന ചിന്തയാണ്‌ ആദ്യം മനസ്സിലാക്കേണ്ടതും. ഒരു രാത്രി വെളുക്കും മുന്‍പ്‌ തലയ്‌ക്ക്‌ പതിന്നൊന്നു ലക്ഷവും നാവിന്‌ അഞ്ച്‌ ലക്ഷവും ആയി മാറിയതും നിറമില്ലാത്ത ഒരു ബീഹാറിക്കു തന്നെയാണ്‌. ഇന്ത്യയ്‌ക്കുള്ളിലെ സ്വാതന്ത്യം അവകാശപ്പെടാനുള്ള അവന്റെ മൗലികാവകാശത്തെ എന്തിന്‌ ഭയക്കണം. വെറും തെരുവ്‌ രാഷ്ട്രീയത്തിന്റെ കണ്ണികളാവാന്‍ മാത്രം വിധിക്കപ്പെട്ട "കനയ്യ-ഖാലിദ്‌" മാരുടെ നാടാണോ ഇത്‌? ഒരു വലിയ മാറ്റത്തിനായി മാറാന്‍ തയ്യാറെടുക്കുന്നവര്‍ അവര്‍ക്കു പിന്നിലെ തെളിവുകളാണ്‌. അടിമയെന്നും അടിമതന്നെയായിരിക്കാന്‍ അനുശാസിക്കുന്ന മനോനീതിക്ക്‌ മാറ്റം സംഭവിക്കട്ടെ. ദളിതന്‌ ശാസ്‌തജ്ഞനോ വേണമെങ്കില്‍ പ്രധാനമന്ത്രിയോ ആകാന്‍ കഴിയട്ടെ. നിറങ്ങളുടെ സ്വപ്‌നരാജ്യം വിട്ട്‌ എന്നും നമുക്ക്‌ ഹോളി ആഘോഷിക്കാന്‍ കഴിയട്ടെ...!

2016, മാർച്ച് 6, ഞായറാഴ്‌ച

മഴയോര്‍മ്മകള്‍... (1)


വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള ഒരു എടവമാസക്കാലത്ത്‌...
ജൂണ്‍ ഒന്ന്‌. സ്‌കൂളില്‍ പോകാന്‍ മടിയാണേലും പുതിയ ബാഗും പുസ്‌തകങ്ങളും കുടയുമായി ഇന്ന്‌ സ്‌കൂളില്‍ പോവാന്‍ വലിയ ഉത്സാഹമാണ്‌. എന്നെപ്പോലെ തന്നെ പറഞ്ഞും കേട്ടും തീരാത്ത വിശേഷങ്ങളുടെ ഭാണ്ഡവും പേറിയാകും എല്ലാവരുടേയും വരവ്‌. ചാവക്കാട്‌ പോലീസ്‌ കോട്ടേഴ്‌സിലേക്ക്‌ കയറി വന്ന ചന്ദ്രേട്ടന്റെ ട്രക്കറിന്റെ ഹോണ്‍ കേട്ടാല്‍ വീട്ടില്‍ നിന്നിറങ്ങി ഒരു ഓട്ടമാണ്‌. ചിലപ്പോള്‍ നേരത്തെ തന്നെ വഴിയില്‍ പോയി കാത്തു നില്‍ക്കും. ഞാനും അനിയനുമുണ്ട്‌. ഞങ്ങള്‍ ചെറിയ കുട്ടികളായതുകൊണ്ട്‌ വണ്ടിയില്‍ ഞങ്ങള്‍ക്ക്‌ സീറ്റില്ല. ഞങ്ങള്‍ക്കെന്നല്ല, കുട്ടികള്‍ക്കാര്‍ക്കും സീറ്റുണ്ടാവില്ല. ചുരിദാറിട്ട ചേച്ചിമാരുടെ മടിയിലാണ്‌ ഇരിക്കാറ്‌. മഴക്കാലമായതുകൊണ്ട്‌ കുടയുണ്ടായിട്ടും കാര്യമൊന്നുമില്ല. ഉടുപ്പില്‍ നിറയെ വെള്ളമായിട്ടാണ്‌ ഓടിക്കേറുക. ഇസ്‌ത്തിരിയിട്ട്‌ മിനുക്കിയ നീല ടോപ്പും വെള്ള ബോട്ടവും ഷോളുമിട്ട്‌ ചുളിക്കാതെ ഇരിക്കുന്ന ചേച്ചിമാര്‍ക്ക്‌ ഞങ്ങളുടെ വരവത്ര സുഖിക്കില്ല. പിന്നെ ദേഷ്യം പുറത്തു കാട്ടാതെ പിടിച്ചു വലിച്ച്‌ മടിയിലിരുത്തും. എന്തൊക്കെയായാലും ഞാന്‍ ചുരിദാറിട്ട ഹൈസ്‌കൂള്‍ ചേച്ചിമാരുടെ കടുത്ത ആരാധികയാണ്‌. അവരുടെ പൊട്ടും വളയും കമ്മലുമൊക്കെ നോക്കി നിന്ന്‌ സ്‌കുള്‍ എത്തുന്നത്‌ അറിയാറേയില്ല. പക്ഷെ എനിക്കിനീം അഞ്ച്‌ വര്‍ഷം കാത്തിരിക്കണം ഇതുപോലെ ചുരിദാറിടാന്‍.
ഒരു വലിയ നെടുവീര്‍പ്പോടെ വണ്ടിയങ്ങനെ പതുക്കെ നീങ്ങിത്തുടങ്ങി. പെയ്‌തു കഴിഞ്ഞിട്ട്‌ വേണം എങ്ങോട്ടോ പോവാന്‍ എന്നോണം മഴ തിരക്കിട്ട്‌ പെയ്യുകയാണ്‌. റോഡ്‌ നിറയെ വെള്ളമാണ്‌. നോക്കുന്നിടത്തല്ലാം വെള്ളം. സര്‍വത്ര വെള്ളം. ഭൂമിയങ്ങനെ നീരാടി തണുത്തുറഞ്ഞ്‌ നില്‍ക്കുന്നു. സ്‌കൂളിലെത്തിയിട്ട്‌ കൂട്ടുകാരുമൊത്ത്‌ കളിക്കുന്നതും വിശേഷങ്ങള്‍ പറയുന്നതും സ്വപ്‌നം കണ്ടാണ്‌ യാത്ര. സ്‌കൂളില്‍ ഞങ്ങള്‍ രണ്ടാം ക്ലാസിലെ കുട്ടികള്‍ക്കാണ്‌ എല്‍. കെ. ജി കുട്ടികളെ നോക്കേണ്ട ചുമതല. ടീച്ചര്‍മാര്‍ വരുന്നതു വരെയും ഇന്റര്‍വെല്ലിന്‌ അവരെ വരിയായി മൂത്രമൊഴിക്കാന്‍ കൊണ്ടു പോകുന്നതും ഞങ്ങളാണ്‌. ചൂരലുമായി അവരെ അനുസരിപ്പിച്ച്‌ ചേച്ചി ചമയാന്‍ ഞങ്ങള്‍ക്ക്‌ മത്സരമാണ്‌. ലക്ഷ്‌മി, സന, അശ്വതി, ടിന്റു, മരിയ... അങ്ങനെ ഒരുപാട്‌ അനിയത്തിമാര്‍ ഞങ്ങള്‍ക്കവിടെ ഉണ്ടായിരുന്നു. ഇവരെ കളിപ്പിക്കാന്‍ വേണ്ടി ഇന്റെര്‍വ്വെല്ലിനായി കാത്തിരിക്കുമായിരുന്നു ഞങ്ങള്‍.
ലക്ഷ്‌മിയും അശ്വതിയുമായിരുന്നു എനിക്കേറ്റവും പ്രിയപ്പെട്ടവര്‍. അവര്‍ക്ക്‌ മഴയിലോടിക്കാന്‍ കടലാസ്‌ വഞ്ചിയുണ്ടാക്കി കൊടുത്തിരുന്നതും ചോറ്‌ വാരി കൊടുത്തിരുന്നതും ഉച്ചക്ക്‌ ഉറക്കികൊടുത്തിരുന്നതുമെല്ലാം ഞാന്‍ തന്നെയാണ്‌. അവര്‍ക്കും എന്നെ ഒരുപാട്‌ ഇഷ്ടമാണ്‌. എന്നെത്തിരക്കി ഒരിക്കെ കരഞ്ഞ്‌ ക്ലാസില്‍ വന്ന്‌ എല്ലാവരേയും അമ്പരപ്പിച്ചിട്ടുണ്ട്‌ ലക്ഷ്‌മി. സ്‌കൂളിന്റെ മുറ്റത്തുള്ള വലിയ വാകമരം അശ്വതിക്കൊത്തിരി ഇഷ്ടമായിരുന്നു. അതില്‍ നിന്ന്‌ പൊഴിഞ്ഞു വീഴുന്ന പൂക്കള്‍ അവള്‍ക്ക്‌ പെറുക്കി കൊടുക്കുന്നതും എന്റെ ജോലിയായിരുന്നു. സ്‌കൂള്‍ വിട്ടാല്‍ വീട്ടില്‍ പോകാന്‍ പോലും സമ്മതിക്കാതെ എന്നെ കെട്ടിപ്പിടിച്ച്‌ കരയുന്ന ലക്ഷ്‌മിയേയും അശ്വതിയേയും കാണുമ്പോള്‍ ഞാനവരുടെ അമ്മയായിരുന്നെങ്കില്‍ എന്നെനിക്ക്‌ തോന്നാറുണ്ട്‌. ഇതിപ്പൊ വെക്കേഷനു ശേഷം അവര്‍ യു. കെ. ജിലേക്കും ഞാന്‍ മൂന്നിലേക്കും.
സ്‌കുള്‍ എത്താറായി. കാറ്റത്ത്‌ മഴ വണ്ടിക്കുള്ളിലേക്ക്‌ വരാതിരിക്കാനായി കെട്ടിവെച്ചിരുന്ന ടാര്‍പ്പായയില്‍ നിന്ന്‌ ഊര്‍ന്നിറങ്ങിയ വെള്ളം വീണ്‌ ഞാന്‍ ഒരുവിധമെല്ലാം നനഞ്ഞു കഴിഞ്ഞിരുന്നു. റോഡിന്റെ ഇരുവശത്തു കൂടി പോകുന്ന കുട്ടികളുടെ കുടകളിലായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. അച്ഛന്‍ ദുബായില്‍ നിന്ന്‌ കൊണ്ടു വന്ന മഞ്ഞയില്‍ പലവര്‍ണ്ണ പൂക്കളുള്ള കാലന്‍കുടയാണ്‌ എന്റേത്‌. അതിലും ഭംഗിയുള്ളത്‌ വേറെയാര്‍ക്കെങ്കിലും ഉണ്ടാകുമോ എന്ന ആകാംഷയിലാണ്‌ ഞാന്‍.
മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവറിന്റെ ഗേറ്റ്‌ ദൂരേന്ന്‌ കാണാനുണ്ട്‌. റോഡാകെ ബ്ലോക്കായി. ഓട്ടോറിക്ഷയും ട്രക്കറും കാറുകളും ബസ്സുമൊക്കെ മുന്നോട്ട്‌ പോകാന്‍ കഴിയാതെ നിര്‍ത്തി ഹോണ്‍ മുഴക്കികൊണ്ടിരിക്കുന്നു. മഴയുടെ ഇരമ്പല്‍ കേള്‍ക്കാനേയില്ല. ആകെ ബഹളമയം. ഇതിന്റെ ഇടയില്‍ അവിടിവിടെയായി നൂറോളം സൈക്കിളുകള്‍. നീലയും വെള്ളയും നിറങ്ങള്‍ കലക്കിയ സാഗരം കരകവിഞ്ഞൊഴുകുന്ന പോലെ...
സ്‌കൂളില്‍ ബെല്ലടിച്ചു. ഒരു സൈഡില്‍ വണ്ടി നിര്‍ത്തി എല്ലാവരും ചാടിയിറങ്ങി ഓട്ടം തുടങ്ങി. വണ്ടികള്‍ക്കിടയിലൂടെ ഓടി മുന്നിലെത്താറായപ്പൊ ഒരാള്‍ക്കൂട്ടം. ബാഗുകളും കുടകളുമൊക്കെ താഴെ കിടപ്പുണ്ട്‌. വേഗം അരികത്തു കൂടി സ്‌കൂളിലേക്ക്‌ കടന്നു. ക്ലാസില്‍ എത്തിയപ്പോഴേക്കും തലയടക്കം മുഴുവന്‍ നനഞ്ഞിരുന്നു.
ആദ്യത്തെ ദിവസമായ കാരണം ടീച്ചര്‍മാര്‍ എത്തിയിട്ടില്ല. വിശേഷങ്ങളുടെ പൊതികള്‍ ഓരോരുത്തരായി അഴിച്ചു തുടങ്ങി. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളും കഥകളും... ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും സ്‌കൂളില്‍ കൂട്ടമണിയടിച്ചു. സാധാരണ ഉച്ചവരെ ഉണ്ടാവാറുള്ളതാണ്‌. ഇന്നെന്താ നേരത്തെ വിട്ടതെന്ന ആശങ്കയിലാണ്‌ എല്ലാരും. അപ്പോഴേക്കും മൈക്കിലൂടെ ഹെഡ്‌മിസ്‌റ്റ്രസിന്റെ പരുപരുത്ത ശബ്ദം.
" ഇന്ന്‌ രാവിലെ സ്‌കൂളിനു മുന്നില്‍ വണ്ടിയിടിച്ച്‌ സ്‌കൂള്‍ക്കുട്ടികളടങ്ങിയ ഓട്ടോ മറിഞ്ഞ്‌ യു. കെ. ജിയിലെ അശ്വതി മേനോന്‍ മരിച്ചു. രണ്ട്‌ കുട്ടികള്‍ ആശുപത്രിയിലാണ്‌. സ്‌കൂളിന്‌ ഇന്ന്‌ അവധി. എല്ലാവരും എഴുനേറ്റ്‌ നിന്ന്‌ അവര്‍ക്കു വേണ്ടി ഒരു മിനിറ്റ്‌ പ്രാര്‍ത്ഥിക്കുക" .
കേട്ടതെന്താണെന്ന്‌ തിരിച്ചറിയാനാകാത്ത പോലെ... ഒരു തരിപ്പോ ഞെട്ടലോ മാത്രമായിരുന്നു മനസ്സില്‍. വീണ്ടും വീണ്ടും ഓര്‍ത്തിട്ടും വിശ്വസിക്കാനായില്ല. കരയണമെന്നുണ്ടെങ്കിലും ഒരു തുള്ളി കണ്ണുനീര്‍ പോലുമില്ല. സംസാരിക്കാന്‍ കഴിയാതെ ഞാന്‍ ബാഗുമെടുത്ത്‌ ഇറങ്ങി നടന്നു. എല്‍. കെ. ജി ക്ലാസിന്റെ മുന്നിലേക്ക്‌ നോക്കാതെ നടന്നു. വണ്ടി കാത്തുനില്‍ക്കുന്ന കുട്ടികള്‍ വഞ്ചിയുണ്ടാക്കി വെള്ളത്തിലിട്ട്‌ കളിക്കുകയാണ്‌. ചാറ്റല്‍ മഴയെ വകവെക്കാതെ ചിലര്‍ ഓടി കളിക്കുന്നുണ്ട്‌. കൈ പിടിക്കാൻ ആരും കൂടെയില്ലെന്നറിഞ്ഞിട്ടും ഞാൻ വെറുതെ കൈ മുറുക്കി പിടിച്ചു. നിശബ്ദയായി പെയ്‌ത്‌ മഴയെന്റെ കണ്ണൂനീരിനൊപ്പം കരയുന്നുണ്ട്‌. പെറുക്കാന്‍ ആളില്ലാഞ്ഞിട്ടും ആ വാകമരം അപ്പോഴും പൂക്കള്‍ പൊഴിച്ചു കൊണ്ടിരിക്കുകയാണ്‌...

2015, ജൂലൈ 13, തിങ്കളാഴ്‌ച

ഒരു ചെറിയ ചിന്ത

ജീവിതം ഒരു പുഴപോലെയായിരുന്നെങ്കില്‍...
കുഞ്ഞു കുഞ്ഞു സ്വപ്ങ്ങളും പേറി ഒഴുകിയൊഴുകിയൊരു യാത്ര. ആ ഒഴുക്കിനിടയില്‍ പലവിധ ചവറുകളും കടലാസു തുണ്ടുകളും തടി കഷ്ണങ്ങളും കൂടെ യാത്രക്കൊരുങ്ങുന്നു. അങ്ങനെ പലതും പലരും...
ഒന്നിച്ചാണ് പിന്നീടുള്ള യാത്രയെന്ന് കരുതുമെങ്കിലും ചിലതെല്ലാം വഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. ദുര്‍ഘടമായ വഴികള്‍ വരുമ്പോള്‍ ചിലര്‍ നമ്മെ ഉപേക്ഷിച്ചും ചിലരെ നമ്മളുപേക്ഷിച്ചും. കുത്തനെയുള്ള മലകള്‍ക്കു മുകളില്‍ നിന്ന്  താഴേക്കുള്ള ഒഴുക്കില്‍ പാറകള്‍ക്കിടയില്‍ തടഞ്ഞു നിന്ന് തടി കഷ്ണം യാത്രയവസാനിപ്പിക്കുന്നു. കാട്ടു ചോലകളില്‍ വെച്ച് പുതിയൊരു സുഹൃത്തിനെ കിട്ടിയപ്പോള്‍ കടലാസു കഷ്ണവും വിട്ടു പിരിഞ്ഞു. എങ്കിലും അങ്ങകലെ ചുവന്നു തുടുത്ത ആ ലക്ഷ്യസ്ഥാനം ഒഴുക്കിന് ശക്തി പകര്‍ന്നുകൊണ്ടേയിരുന്നു.
നഷ്ടങ്ങള്‍ സംഭവിച്ചിട്ടും ആ കുഞ്ഞു സ്വപ്നങ്ങളുടെ നിറത്തിന് തിളക്കം കൂടിയതേയുള്ളൂ. ഒഴുക്കിനിടയില്‍ കടന്നു വരുന്ന തടസ്സങ്ങള്‍ വകവെയ്ക്കാതെ വഴിമാറിയൊഴുകി വീണ്ടും വീണ്ടും തുടരുന്ന ശക്തമായ യാത്ര. ആരോടും പരിഭവങ്ങളോ പിണക്കമോ ഇല്ലാതെ  നന്മ നിറഞ്ഞൊരു യാത്ര. എന്നിട്ടൊരിക്കലൊരു സായം സന്ധ്യയില്‍ സമുദ്രമെന്ന ലക്ഷ്യം ഭേദിച്ച് അതില്‍ മുങ്ങിക്കുളിച്ച് നൃത്തമാടുന്നു.
ശുഭപര്യവസായിയായ ഒരു തീരം തേടി ഓരോ ജീവിതവും...

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

കാക്കസ്വപ്നം

മഞ്ഞു മേഘങ്ങള്‍ക്കിടയിലൂടെ
ആരോ എത്തി നോക്കുന്നു
പ്രകാശംകൊണ്ട്
കണ്ണില്‍ ഇരുട്ടു കയറി
സ്വയം ഇത്രയും പ്രകാശം
എവിടെനിന്നാണവന്?
ചിതറിക്കിടക്കുന്ന സ്ഫടികങ്ങളില്‍

അവ്യക്തമായൊരു രൂപം
അഭൂതപൂര്‍വമായ ഒരു രാഗം
അതവനെ വലംവയ്ക്കുകയാണ്
ഇരമ്പലില്‍ ഒഴുകിവന്നാഗാനം
എന്നെ പുണരാന്‍ തുടങ്ങുകയാണോ?

പെട്ടെന്നൊരു ആക്രോശം
ഭീമന്‍ച്ചിറകുകള്‍ രാഞ്ചിയടുക്കുന്നു
ഓടിത്തളര്‍ന്നു വീണത്
ഒരു കട്ടിലിനു താഴെ

വീണ്ടും ആക്രോശങ്ങള്‍
വീടിനു പിന്നിലൊരു ബഹളം
മഴത്തുള്ളികള്‍ കൊണ്ട്
മുറ്റത്ത് സ്ഫടികപ്പൂക്കളം
ചാറ്റല്‍മഴ നനഞ്ഞു
അപ്പുവും കണ്ണനും
ഒപ്പം കൂടും കൂട്ടും നഷ്ടപ്പെട്ട
കാക്കക്കുട്ടിയും
അലറിവിളിക്കുന്ന അമ്മകാക്കകള്‍
ഞാന്‍ കേട്ട മനോഹരഗാനം പോലെ
മാവിലെ അമ്മകാക്കളെ
കാണാന്‍ കഴിയുന്നില്ല
അവിടേയും സ്വയം പ്രകാശിച്ച്
ആദിത്യന്‍ തന്നെ
വീട്ടിലേക്കു കയറാന്‍
വടി കുത്തേണ്ടി വന്നു
കണ്ണില്‍ ഇരുട്ടു കയറി
ഒരു കാക്കകുഞ്ഞിനെ പോലെ.

2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

മെഴുകു തിരികൾ

കത്തുന്ന സുര്യനു താഴെ 
ഉരുകിയൊലിക്കുന്ന നീല മെഴുക് 
ഉയർന്നു പൊങ്ങുന്ന തീപ്പെട്ടിക്കൂടുകൾക്ക് മേലെ
അനുസരണയോടെ ഉരുകാൻ വിധിക്കപെട്ടവൻ 
അനങ്ങാൻ കഴിയാത്ത വിധം
മെഴുകുകൊണ്ട് കാൽ ഒട്ടിയുറഞ്ഞു
മെഴുകുതുള്ളി പോലെയടരുന്ന
വിയർപ്പു തുള്ളികൾ
കാലുകൾ വലിച്ചൂരാൻ ശ്രമിച്ചില്ല
അണഞ്ഞു പോയാലോ എന്നു ഭയം
ആശ്വാസത്തിനായി പരതി നോക്കി
കൂടെയുള്ളവർക്ക് വെളിച്ചം കിട്ടുന്നുണ്ട്
ഉരുകിയുരുകി തിരിനാളത്തിലെ
മഞ്ഞനിറം താഴേക്കു പടർന്നു...


2013, ജൂൺ 5, ബുധനാഴ്‌ച

ഒളിത്താവളങ്ങൾ

കാണാതെ കണ്ട് അറിയാതെയറിഞ്ഞ്
നിന്നുദരത്തിലെന്നെ ഒളിപ്പിച്ചു വെച്ച്
കൊഞ്ചിയും തേങ്ങിയും ചവിട്ടിയും
അതെന്റെ ആദ്യ താവളമായി മാറിയിരുന്നു
                                     
കണ്ണിലൊളിപ്പിച്ച കുസൃതിയോടെ
അവളെന്നെക്കാട്ടി മോഹിപ്പിച്ച ആ
പുസ്തകത്താളിലെ മയിലപ്പീലിയിൽ 
ഒളിച്ചിരിക്കാനാഗ്രഹിച്ച് നടന്നിട്ടും
തോരാതെ പെയ്തൊരാ പെരുമഴയിലന്നു
നിന്റെ നനഞ്ഞപാവാട ശബ്ദവും,
വെളിച്ചെണ്ണമണമുള്ള മുടിത്തുമ്പിലെ- 
വെള്ളത്തുള്ളികളും കണ്മറയുന്നവരെ കണ്ടു ഞാൻ

ജനൽപ്പാളിയിലൂടെന്നെ എത്തിനോക്കിയ വിരലുകൾ
നിന്റെ പാദുകങ്ങളെ പിൻതുടർന്ന നാളുകൾ
കലാലയത്തിലെ ഒഴിഞ്ഞ ഇടനാഴികകൾ
വാചാലമായ നിന്റെ മൌനത്തിന് കാവലായി
വായനശാലയിലെ പുസ്തകങ്ങൾ
എനിക്കുവേണ്ടി കവിതകളെഴുതി
നിന്റെ കൊഞ്ചുന്ന ചിലങ്കകളെന്നെ പുളകമണിയിച്ചു
നോട്ടങ്ങളെന്നെ വാരിപ്പുണന്നു
നീ മറന്നു വെക്കുന്ന കടലാസുതുണ്ടുകൾ 
ഞാനെന്തിനോ വേണ്ടി എടുത്തുവെച്ചു
നിന്റെ ചിലങ്കയിലെ ഒരു മുത്തായി
മാറാ ഞാ കൊതിച്ചെങ്കിലും
കാലമെന്നെയീ മരുഭൂമിയിലെ കൂറ്റ 
കെട്ടിടങ്ങൾക്കിടയിലൊളിപ്പിച്ചു

നിന്റെ കൈവിട്ടോടിച്ചെന്നതിനിയുമറിയാത്ത
താവളങ്ങളിലേക്കാണെന്നറിഞ്ഞില്ല ഞാൻ
ഇനി നിന്റെയുദരത്തിലൊളിക്കാനാകില്ലെങ്കിലും
നിന്റെ മടിത്തട്ടിലൊളിക്കണമിനിയെന്നും

2013, മേയ് 29, ബുധനാഴ്‌ച

പിറവി


ഉറക്കം നഷ്ടപ്പെടുത്തിയ രാത്രികളിൽ
ഞാൻ നിന്നെ തിരഞ്ഞുകൊണ്ടേയിരുന്നു
പിടിതരാതെ നീ വഴുതി മാറുമ്പോഴും
നിനക്കായി ഞാൻ കാത്തിരിപ്പു തുടർന്നു
മനസ്സിൽ കോറിയിട്ട അവ്യക്തമായ കുത്തുക 
എന്നെ മാറി മാറി അസ്വസ്ഥമാക്കി
നിന്റെ മൌനം എന്റെ തലച്ചോറിനെ ഇളക്കി-
മറിച്ചപ്പോഴും നീ ഊറിച്ചിരിച്ചതേയുള്ളൂ

കുത്തുക കൂടിച്ചേർന്ന് വരകളേയും
വരക അക്ഷരങ്ങളേയും
അക്ഷരങ്ങ വരികളേയും ഗർഭം ധരിച്ചു
അങ്ങനെ നിലാവുള്ളൊരു രാത്രിയിൽ
നക്ഷത്രങ്ങളെ സാക്ഷിയാക്കിയവൾ
ആശയങ്ങക്കു ജന്മം നൽകി....

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

അങ്ങനെ ഒരു അവധിക്കാലത്ത്...

ഷാര്‍ജ ഇഡസ്ട്രിയല്‍ ഏരിയ 12. നാല് നിലയുള്ള കെട്ടിടത്തിലെ ഒന്നാമത്തെ ഫ്ലോറില്‍ റും നമ്പര്‍ വണ്ണിലിരുന്ന് അടുത്ത ബീര്‍ പൊട്ടിക്കാനുള്ള ആവേശത്തിലായിരുന്നു ഞാന്‍. ഗള്‍ഫിലെ ഈ അജ്ഞാതവാസക്കാലത്താണ് നാടിനെക്കുറിച്ചും അമ്മയുണ്ടാക്കി തരുന്ന ഭക്ഷണത്തിന്റെ രുചിയുമെല്ലാം ഓര്‍മ്മ വരിക. അവിയല്‍, പരിപ്പ് കുത്തിക്കാച്ചിയത്, ഉപ്പിലിട്ട നെല്ലക്ക, പുളിയിട്ട് വറ്റിച്ച മീന്‍കറി... ഹാ! വായില്‍ വെള്ളമൂറുന്നു. അമ്മയുണ്ടാക്കുന്ന ഓരോ കറിയും എടുത്തെടുത്ത് കുറ്റം പറഞ്ഞിരുന്ന പലരും ഉണക്ക റൊട്ടിയില്‍ സംതൃപ്തി കണ്ടു വരികയാണിവിടെ. നാടിന്റെ മണവും രുചിയുമെല്ലാം ഓര്‍ത്ത് അയവിറക്കി കൊണ്ടിരിക്കുമ്പോഴാണ് കുറച്ച് ദിവസത്തേക്ക് ലീവെടുത്ത് വരണമെന്ന് പറഞ്ഞ് അച്ഛന്റെ കോള്‍ വന്നത്. പ്രത്യേകിച്ചൊന്നുമില്ലെന്ന് പറഞ്ഞെങ്കിലും കാര്യമില്ലാതെ വരാന്‍ പറയില്ല. അഞ്ച് മാസമേ ആയിട്ടുള്ളൂ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയിട്ട്. എങ്കിലും എന്തിനാണെന്ന് ഞാന്‍ ചോദിച്ചില്ല.

ഇതിപ്പൊ ഈ വര്‍ഷം രണ്ടാമത്തെ പോക്കാണ്. നാട്ടില്‍ പോയിട്ടുള്ള കാര്യങ്ങളോര്‍ത്തപ്പോള്‍ ഇപ്പൊതന്നെ ഓടി തോന്നിപ്പോയി. ഇരുപ്പത്തിനാല് മണിക്കൂറും കൂട്ടുകാരുമൊത്ത് കറങ്ങി നടക്കലാണ് പ്രധാന ഹോബി. പിന്നെ കള്ളു കുടിച്ച് പൂസായി കാറില്‍ കിടന്നുറങ്ങുക, രാത്രി വൈകിവന്ന് വീടിന്റെ ഉമ്മറപ്പടിയില്‍ കിടന്ന് നേരം വെളുപ്പിക്കുക എന്നിങ്ങനെ വേറേയും കലാപരിപാടികളുണ്ട്.

ഞങ്ങള്‍ടെ നാടിനൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ആളുകള്‍ക്ക് ദിവസത്തില്‍ രണ്ട് പ്രാവശ്യം സുപ്രഭാത കീര്‍ത്തനം കേള്‍ക്കാം. ഒന്ന് വീടിനടുത്ത അമ്പലത്തില്‍ പുലര്‍ച്ചെ അഞ്ചിന് (പറഞ്ഞുകേട്ട അറിവാണ്). പിന്നെ പന്ത്രണ്ട് മണിക്കുള്ള എന്റെ സുപ്രഭാതവും. രാവിലത്തെ ബ്രേക്ഫാസ്റിന്റെ കാശ് വീട്ടുകാര്‍ക്ക് ലാഭം. പിന്നെ മാമന്റെ വീട്ടിലേക്കും മേമ്മമാരും മറ്റും വിളിക്കുന്ന സ്നേഹത്തിന്റെ വിരുന്നില്‍ പങ്കെടുക്കാന്‍ പോകുക. അവരുടെ സന്തോഷമല്ലേ നമുക്ക് വലുതെന്ന ഭാവത്തില്‍ അവരുണ്ടാക്കി തരുന്ന മട്ടനും ബീഫുമെല്ലാം ഒറ്റയിരിപ്പിന് അകത്താക്കുക. പിന്നെ നേരെ അടുത്തുള്ള ആശുപത്രിയിലേക്ക്. എന്തിനാണന്നല്ലേ? ദിവസവും രോഗികളെ പരിചരിച്ച് ബോറടിച്ചിരിക്കുന്ന പാവം കുറേ നേഴ്സുകള്‍ ഉണ്ടവിടെ. അവര്‍ക്കും വേണ്ടേ ഒരു ടൈം പാസ്. അങ്ങനെ ജീവിതം അടിച്ചുപൊളിച്ച് കഴിഞ്ഞിരുന്ന സമയത്താണ് പ്രവാസ ജീവിതം എന്നെ കൈക്കുള്ളിലാക്കിയത്.

അങ്ങനെ പതിനഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തി. അന്നു തന്നെ കറക്കവും ആരംഭിച്ചു. എത്തിയതിന്റെ പിന്നേന്ന് വീട്ടിലേക്ക് ചില്ലറ പാത്രങ്ങള്‍ വാങ്ങാന്‍ അമ്മ പറഞ്ഞത് പ്രമാണിച്ച് ടൌണിലെ കടയില്ലെത്തി. പുറത്ത് പൊള്ളുന്ന വെയിലില്‍ വിയര്‍ത്തൊലിച്ച് കുറച്ച് പണിക്കാര്‍ കാന വൃത്തിയാക്കുന്നുണ്ട്. ഒരു വീട്ടിലേക്കു വേണ്ട എല്ലാതരം പാത്രങ്ങളും ഉള്ള ഒരു ഹോള്‍സെയില്‍ ഷോപ്പാണ് മില്‍ട്ടന്‍ സ്റോഴ്സ്. എ. സി യിലിരുന്ന് ബോറടിക്കുന്ന ജോലിക്കാര്‍ക്ക് സമയം ചിലവിടുന്നതിനായി വലിയൊരു ഹോം തിയ്യറ്റര്‍ മുന്നില്‍തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഭംഗിയുള്ള സ്ഫടിക പാത്രങ്ങള്‍ നിരത്തി വെച്ച ഭാഗത്തേക്ക് ഞാന്‍ ചെന്നു. ഓരോന്നെടുത്ത് നോക്കുമ്പോഴും തൊടരുതെന്ന് ജോലിക്കാരുടെ നിര്‍ദ്ദേശം. അടക്കിപ്പിടിച്ചുള്ള കമന്റടികള്‍ വേറെ. എനിക്ക് കുറേശ്ശെ ദേഷ്യം വരുന്നുണ്ടെങ്കിലും എല്ലാരേയും നോക്കിച്ചിരിച്ച് പാത്രങ്ങള്‍ നോക്കി നടന്നു.

ഇളം നീല നിറത്തിലുള്ള ഡിന്നര്‍ സെറ്റില്‍ നിന്ന് ഒരു പ്ളേറ്റെടുത്ത് വെറുതെ തട്ടി നോക്കി. ‘ഇത് ഫ്യൂസ്ഡ് പ്ളേറ്റ്സാ. ഇറ്റലിയില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്തത്. അതുകൊണ്ട് പൊട്ടില്ല.’ പിന്നെ ഒന്നും ആലോചിച്ചില്ല. കടയിലുള്ളവര്‍ മുഴുവന്‍ ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ആര്‍ക്കും കാര്യം പെട്ടെന്ന് മനസ്സിലായില്ലെങ്കിലും പിന്നീടാണവര്‍ താഴെ ചിതറിക്കിടക്കുന്ന നീല സ്ഫടിക കഷ്ണങ്ങള്‍ കണ്ടത്. ഉടമസ്ഥനും മറ്റു ജോലിക്കാരും എന്നെ പൊതിഞ്ഞു. ഞാനേതോ തീവ്രവാദിയാണെന്ന് എനിക്കു തന്നെ തോന്നിപ്പോയി. അത്തരത്തിലായിരുന്നു അവരുടെ കണ്ണുകള്‍ എന്നില്‍ പതിച്ചത്. എന്റെ ഭാഗം എനിക്ക് ന്യായീകരിക്കണ്ടേ? ആള്‍ക്കൂട്ടത്തിനുള്ളിലേക്ക് ചൂണ്ടി ഞാന്‍ പറഞ്ഞു. ‘ആ കുട്ടിയാ പറഞ്ഞേ ഇത് പൊട്ടില്ലാന്ന്. അതുകൊണ്ടാ നിലത്തിട്ട് നോക്കിയത്.’ അവള്‍ അയാളുടെ നോട്ടത്തില്‍ ദഹിച്ചെന്ന് തോന്നുന്നു. പിന്നീടവിടെയെങ്ങും കണ്ടില്ല. കടയുടമസ്ഥന്‍ എന്നെ തിന്നാന്‍ റെഡിയായി നില്‍ക്കുകയാണ്. ഞാന്‍ വേറെ കുറേ പാത്രങ്ങള്‍ വാങ്ങാമെന്ന് പറഞ്ഞിട്ടും ഒരു രക്ഷയുമില്ല. അങ്ങനെ ഡിന്നര്‍സെറ്റിന്റെ പകുതി പണം നല്‍കി പ്രശ്നത്തില്‍ നിന്ന് ഊരേണ്ടി വന്നു.

ഇങ്ങനെ നൂലാമാലകളുമായി നടക്കുമ്പോഴാണ് അടുത്ത ഊരാക്കുടുക്കിലേക്കുള്ള ചുവട്. നാട്ടിലേക്ക് വരാന്‍ പറഞ്ഞതിന്റെ ഉദ്ദേശം തന്നെ എന്നെ പെണ്ണുകെട്ടിക്കാന്‍ വേണ്ടിയായിരുന്നുവെന്ന സത്യം ഞാന്‍ മനസ്സിലാക്കി! വീട്ടുകാര്‍ പെണ്‍കുട്ടിയെ കണ്ടു വെച്ചിട്ടുണ്ട്. കൂടുതലെന്തു പറയാന്‍. ഇനി അടുത്ത അഗ്നി പരീക്ഷ...

2011, ജൂൺ 8, ബുധനാഴ്‌ച

ലതയ്ക്കൊരു പ്രണയലേഖനം


ഇന്നലെ എനിക്കൊരു കത്തു കിട്ടി. കൂടെ കടലാസില്‍ പൊതിഞ്ഞ ഒരു വലിയ പാക്കറ്റും. കൈപ്പടയില്‍ എന്റെ വിലാസം കണ്ടിട്ട് നാളേറെയായി. തപാലില്‍പ്പെട്ടിക്കകത്ത് എത്ര ദിവസം കിടന്നിരിക്കും എനിക്കുള്ള ഈ കത്ത്. എന്റെ വിലാസത്തിലൊരു കഷ്ണം കടലാസ് അതിനകം കണ്ടിട്ട് തന്നെ വര്‍ഷങ്ങളായിക്കാണും. ഇന്നെല്ലാം ഇമെയില്‍ ആണല്ലോ? പ്രസാദകര്‍ വന്നാല്‍ ഉടന്‍ ചോദിക്കുക സാറിന്റെ ഇമെയില്‍ ഐഡി ഏതാണെന്നാണ്. അവര്‍ക്കു വേണ്ടിയാണ് kishore82@live.com എന്ന ഹോട്ട്മെയില്‍ ഐഡി ഞാന്‍ ക്രിയേറ്റ് ചെയ്തതും. ലേഖനങ്ങള്‍ക്കു വേണ്ടിയുള്ള കത്തുകളും, അഭിപ്രായങ്ങളുമെല്ലാം വരുന്നതും ഞാന്‍ കഥകളെഴുതി അയക്കുന്നതും മെയില്‍ വഴി തന്നെ. ഇന്റര്‍നെറ്റിന്റെ നീരാളിപ്പിടുത്തത്തില്‍ ഞാനും ഇരയാകാന്‍ നിന്നു കൊടുത്തു എന്ന് പറയുന്നതാകും ശരി.
ഇതിപ്പൊ ആരുടെ കത്താണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ചങ്ങനെ ഒരാളില്ല. പണ്ടെന്നോ എഴുതിയിരുന്ന ഒരു മാസികയുടെ അഡ്രസ്സാണ് പിന്നില്‍. കത്ത് കയ്യില്‍ കിട്ടിയെങ്കിലും തുറന്നു വായിച്ചിട്ടില്ല. എന്നിട്ടും എന്തെന്നില്ലാത്ത സന്തോഷം തോന്നി. നഷ്ടപ്പെട്ടുവെന്ന് കരുതിയ ഒരുപാട് ഓര്‍മ്മകള്‍ തിരികെ കിട്ടിയതുപോലെ...
പണ്ടൊക്കെ മാസികകളിലേക്ക് കവിതകളയക്കുമായിരുന്നു. പിറ്റേന്ന് മുതല്‍ ശിപായിക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്. എന്നു വെച്ചാല്‍ പോസ്റ്മാന്‍. ഇന്നത്തെ കുട്ടികള്‍ക്ക് ശിപായിയെന്ന് പറഞ്ഞാല്‍ അറിയില്ല. പക്ഷെ ഇവര്‍ ഭാഗ്യവാന്‍മാരാണ്. കാരണം ഇവര്‍ക്ക് പോസ്റ്മാനെ എങ്കിലും അറിയാം. അമ്പലത്തിലെ ആല്‍ത്തറയിലിരുന്നാണ് കാത്തിരിപ്പ്. തപാലില്‍ എനിക്കെന്തെങ്കിലും ഉണ്ടാകുമെന്നുറപ്പാണ്. ഒന്നുകില്‍ അയച്ച കവിത അവര്‍ തിരിച്ചയക്കും, അല്ലെങ്കില്‍ കവിതയടങ്ങിയ മാസിക... ആദ്യമൊക്കെ എന്നെ കാണുമ്പോള്‍ രാഘവേട്ടന്‍ പറയും. “എത്തിട്ടില്ല ട്ടൊ. വന്നാല്‍ ഉടന്‍ കൊണ്ടുതരാം.” പിന്നെ പിന്നെ ദിവസവും കണ്ടു മടുത്തെങ്കിലും ഒരു പുഞ്ചിരി ആ മുഖത്ത് മായാതെ ഉണ്ടാകുമായിരുന്നു. അതിനര്‍ത്ഥം ഇല്ല എന്നാണെന്നറിയാമെങ്കിലും രാഘവേട്ടന്റെ തപാലിനു വേണ്ടിയുള്ള കാത്തിരിപ്പ് ഞാന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.
തപാലിനെ ആശ്രയിച്ചായിരുന്നു അന്ന് വീടുകളില്‍ പ്രധാന കാര്യങ്ങള്‍ വരെ നിശ്ചയിച്ചിരുന്നത്. അന്നത്തെ ആളുകളുടെ ജീവിതത്തിലെ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകാന്‍ കത്തുകള്‍ക്ക് കഴിയുമായിരുന്നു. സിലോണിലെ പത്മിനിച്ചെറിയമ്മക്ക് ഇരട്ടക്കുട്ടികളാണെന്നറിയിച്ച കത്ത് കണ്ട് മുത്തശ്ശി കരഞ്ഞ് മൂന്ന് ദിവസം പട്ടിണി കിടന്നത്... അതെന്തിനാണെന്ന് ഞാനിപ്പഴും അത്ഭുതപ്പെടാറുണ്ട്. സ്കൂളില്‍ ഗോപാലന്‍ മാഷിന്റെ അടി കിട്ടാതെ എന്നെ രക്ഷിച്ചിരുന്നത് അച്ഛന്റെ കയ്പടയില്‍ സാബു എഴുതിതന്ന കത്തുകളായിരുന്നു. അടുത്ത വീട്ടിലെ ജാനുചേച്ചീടെ ആസ്മ ശമിപ്പിച്ചതു വരെ അവരുടെ മകന്റെ കത്താണ്. എന്തിനേറെ പറയുന്നു ഒരു യുദ്ധത്തിന് കൊടി പിടിക്കാന്‍തക്ക ശക്തിയുണ്ട് ഒരു കഷ്ണം വെള്ള കടലാസില്‍ കോറുന്ന മുനത്തുമ്പിന്...
ഒരു വേനലവധിക്ക് കോളേജിലെ നീണ്ട വരാന്തയില്‍ വെച്ച് ലതയ്ക്ക് കൊടുത്ത കത്താണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. എന്തെല്ലാം പൊല്ലാപ്പുകളായിരുന്നു അതേ ചൊല്ലി. ഓര്‍ക്കുമ്പൊ തന്നെയുണ്ട് ആ ഭീകരത. ആഗ്രഹിച്ച് മോഹിച്ച് ഒടുക്കം ആ കത്തവള്‍ക്കു കിട്ടാന്‍ മൂന്ന് വര്‍ഷം വേണ്ടി വന്നു. ഓരോ ദിവസവും അവള്‍ക്കു വേണ്ടി നെയ്തെടുത്ത ഓരോ കിനാവുകളായിരുന്നു അതു നിറയെ. പലപ്പോഴായി ഞാനെന്റെ ഹൃദയം കൊണ്ട് ചാലിച്ചെടുത്ത കവിതകള്‍...
അതൊരു യുദ്ധത്തില്‍ പരിണമിച്ചെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എനിക്ക് ബലി നല്‍കേണ്ടി വന്നത് എന്റെ പന്ത്രണ്ട് വര്‍ഷമാണ്. നാടു കടത്താനുള്ള തീരുമാനം വീട്ടുകാരുടേതായിരുന്നുവെങ്കിലും അതിനു കാരണക്കാരിയായ ലതയെ ഞാന്‍ വെറുത്തില്ല. അവള്‍ക്കു വേണ്ടി ഏഴു കടലും കടക്കാന്‍ ഞാനൊരുക്കമായിരുന്നു. എങ്കിലും പോകുന്നതിനു മുമ്പ് അവസാനമായി ഒന്നു കാണാന്‍ തീരുമാനിച്ചു. രാത്രി അവളുടെ വീട്ടുപടിക്കലെത്തിയത് ഓര്‍മ്മയുണ്ട്. പിന്നെ ഞാന്‍ കണ്ണു തുറക്കുന്നത് കണ്ണൂര് വല്യച്ഛന്റെ വീട്ടില്‍ വെച്ചാണ്. അവളുടെ ആങ്ങളമാരെ കുറ്റം പറയാനും പറ്റില്ല. നാലു പേര്‍ക്കു കൂടി ആകെയുള്ളതിനെ ജോലിയും കൂലിയുമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ കൊടുക്കും?

.........

വല്യച്ഛന്റെ വീട്ടില്‍ നിന്ന് നേരെ പോയത് ഡല്‍ഹിയിലെ ഒരു സുഹൃത്തിന്റെ അടുത്തേക്കാണ്. പിന്നീടുള്ള പന്ത്രണ്ട് വര്‍ഷം ഞാനെങ്ങനെ ജീവിച്ചെന്ന് ഒരു പിടിയുമില്ല. ഒരുപാട് യാത്രകള്‍ക്ക് വീണ്ടും വഴിവെച്ചെങ്കിലും കറങ്ങിത്തിരിഞ്ഞ് ഇവിടെ കരോള്‍ബാഗിനടുത്ത് താമസമുറപ്പിച്ചു. രണ്ട് വര്‍ഷമായി ഇവിടെത്തന്നെയാണ്. ഇതിനിടയില്‍ ഒരുപാട് സൌഹൃദങ്ങള്‍... ചിന്തകള്‍ കുറിച്ചിട്ട കുറച്ച് പുസ്തകങ്ങള്‍... ഇവയാണ് സമ്പാദ്യം.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ നാട്ടില്‍ നിന്ന് വന്നത് രണ്ട് കത്തുകളാണ്. സാബുവിന്റെ കത്തായിരുന്നു ഒരിക്കല്‍ വന്നത്. ഞാനിവിടെ എത്തി ഒരു വര്‍ഷം ആകുന്നതിനു മുമ്പാണ്. നാട്ടില്‍ അവനായിരുന്നു എല്ലാത്തിനും കൂടെ. പാടത്ത് തോട്ടയിട്ട് മീന്‍ പിടിക്കുന്നത് കാണാന്‍ കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ ഞാന്‍ പോകുമായിരുന്നു. സാബുവും അവന്റെ ചേട്ടന്റെ തോളില്‍ വരും. അന്നു തൊട്ടുള്ള കൂട്ടാണ് ഞങ്ങളുടേത്. സ്കൂളിലെ ആദ്യത്തെ ദിവസം ഞാന്‍ സ്ളേറ്റു മായ്ച്ചത് അവന്റെ മഷിത്തണ്ട് കൊണ്ടായിരുന്നു. ആല്‍മരത്തണലില്‍ ഇരുന്ന് സൊറ പറയാനും, പൊട്ടിയൊഴുകുന്ന ഓടയുടെ അരികു പിടിച്ച് വായനശാലയിലേക്ക് നടക്കാനും, പഞ്ചറായ സൈക്കിളില്‍ രാത്രിനാടകങ്ങള്‍ക്കു പോകാനും, മേലൂരിലെ വിപ്ളവത്തിന്റെ ആവേശത്തില്‍ കള്ളുഷാപ്പിനു മുന്നില്‍ ധര്‍ണ്ണ നടത്താനും എല്ലാം അവനുണ്ടായിരുന്നു കൂടെ. എന്റെ എല്ലാ കവിതകളും ആദ്യം വായിക്കുന്നതും തിരുത്തുന്നതും അവനായിരുന്നു. മൂന്ന് വര്‍ഷം ധൈര്യം സംഭരിച്ച് ലതയ്ക്കു കത്ത് കൊടുത്തത് അവന്റെ മാത്രം ബലത്തിലാണ്.
ഒരു നാടിന്റെ മുഴുവന്‍ വിശേഷങ്ങളുണ്ടായിരുന്നു ആ കത്തില്‍. അമ്പലത്തിലെ ആല്‍മരം വീണതും, ജോസേട്ടന്റെ പീടികയില്‍ വൈദ്യുതി വന്നതും, ഒളിച്ചോടിയ ജമീലയ്ക്ക് ആണ്‍കുഞ്ഞു പിറന്നതും, നാടകസമിതി പൊളിച്ച് പുതിയ ടെക്സ്റയില്‍ ഷോപ്പ് തുടങ്ങിയതും, എല്ലാം... കൂട്ടത്തില്‍ ഒരു വിശേഷം കൂടി. ലതയുടെ കല്യാണമാണെന്ന്... ദുരിതങ്ങള്‍ക്കിടയിലും പതറാതെ നിന്നിരുന്ന എന്റെ കണ്ണൊന്ന് നനഞ്ഞത് അന്നായിരുന്നു. അടുപ്പില്‍ നിന്ന് പാല്‍ തിളച്ചു പോയതു പോലെ.
പിന്നെ ഒരു കത്ത് കിട്ടിയത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് ഡല്‍ഹിക്ക് വരുന്ന ആരുടേയോ കയ്യില്‍ വല്യച്ഛന്‍ കൊടുത്തയച്ചതായിരുന്നു അത്.

കിഷോറേ...
നിന്റമ്മയെ മിനിഞ്ഞാനാണ് ആസ്പത്രിയില്‍ കൊണ്ടു പോയത്. കാര്യമായ അസുഖമൊന്നുണ്ടായിരുന്നില്ല. പക്ഷെ എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ? ഇന്ന് വെളുപ്പിനെ ആയിരുന്നു. നീ വരണം. ഒരു പിടി മണ്ണ് അവളുടെ ദേഹത്തിടാന്‍ നീ മാത്രേ ഉള്ളൂ.
എന്ന് സ്വന്തം,
വെല്ലിച്ചന്‍.
ഞാനന്ന് ആസ്ട്രേലിയയില്‍ വെച്ചു നടന്നിരുന്ന ഒരു ലിറ്ററേച്ചര്‍ മീറ്റില്‍ ആയിരുന്നു. തിരികെ വന്നപ്പോഴാണ് കത്തു കിട്ടിയത്. അപ്പോഴേക്കും അമ്മ മരിച്ച് ആറ് മാസം കഴിഞ്ഞിരുന്നു. അന്ന് തീരുമാനിച്ചതാണ് ഇനി നാട്ടിലേക്കില്ല എന്ന്. അതിനുശേഷം നാട്ടില്‍ നിന്ന് വരുന്നത് ഈ കത്താണ്.

..........

ബഹളം കേട്ടാണ് പെട്ടെന്ന് ശ്രദ്ധ മാറിയത്. താഴെ ഗല്ലികളില്‍ തളം കെട്ടികിടന്നിരുന്ന ചോരക്കറ പതുക്കെ പരന്നു തുടങ്ങിയിരുന്നു. ശ്യാംസുന്ദറിന്റെ ഡാബയില്‍ നല്ല തിരക്കാണ്. എന്നും ജോലി കഴിഞ്ഞ് പോകുന്ന ആളുകള്‍ ഇവിടെ വന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. സേവ് പുരി, പാനിപുരി, പാവ് ബാജി എന്നിങ്ങനെ ഒരുപാട് വിഭവങ്ങളുണ്ടവിടെ. കൂട്ടത്തില്‍ പുതിയ വിശേഷങ്ങളും കേള്‍ക്കാം. അതിന്റെ ബഹളമാണവിടെ. മെട്രൊ നഗരമാണെങ്കിലും ഇത്തരം ചെറിയ കടകള്‍ ഇവിടെ ധാരാളമുണ്ട്. ഡാബകള്‍ എന്നാണ് അവയെ പറയുന്നത്.
മേലൂരില്‍ ഗവണ്‍മെന്റ് ആസ്പത്രിക്കടുത്ത ചാക്കോമാപ്ളയുടെ തട്ടുകടയാണ് അത് കാണുമ്പൊ ഓര്‍മ്മ വരാ. വൈകുന്നേരമായാല്‍ അവിടെയും നല്ല തിരക്കാണ്. ആസ്പത്രിയിലെ ആളുകള്‍ക്കുള്ള ഭക്ഷണം അവിടുന്നായിരുന്നു എല്ലാവരും വാങ്ങിയിരുന്നത്. ഫാര്‍മസിയിലെ പെമ്പിള്ളേറെ കാണാന്‍ വൈകുന്നേരം ഞങ്ങളവിടെ പോയിരുക്കുമായിരുന്നു. ലതേടെ വീടും അവിടടുത്താണ്. കുട്ടനും, പത്രോസും, ശങ്കുവും, അപ്പുണ്ണിയും, ഷാജഹാനും, പിന്നെ ഞാനും സാബുവും. ആസ്പത്രിക്കടുത്ത ലേഡീസ് സ്റോറിലായിരുന്നു ജമീല ജോലിക്ക് പോയിരുന്നത്. അവളെ കാണാന്‍ വേണ്ടിയാണ് ഷാജഹാന്‍ ഞങ്ങള്‍ടെ കൂടെ ഇരുപ്പു തുടങ്ങിയത്. തമാശക്കാണെന്നാണ് വിചാരിച്ചതെങ്കിലും ഒരു ദിവസം ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവര്‍ ഒളിച്ചോടി. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ...

........

താഴെ കടയില്‍ നിന്ന് ശേഖര്‍ ഭക്ഷണപൊതിയുമായി മുകളില്‍ വന്നു. “സലാം സാബ്.” ഒരു സലാം. അതവന്റെ പതിവാണ്. അവകാശമെന്ന് വേണമെങ്കില്‍ പറയാം. ഭക്ഷണം മേശയില്‍ വെച്ചിട്ട് അവന്‍ താഴേക്കു തന്നെ പോയി. ജഗില്‍ നിന്ന് വെള്ളമെടുത്ത് കുടിച്ച് കിഷോര്‍ കത്തെടുത്ത് പൊട്ടിച്ചു.

ബഹുമാനപ്പെട്ട സര്‍,
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ‘മേലൂരിലെ പ്രണയലേഖനം’ എന്ന സാറിന്റെ നോവലിന്റെ അവസാനഭാഗം കഴിഞ്ഞ ലക്കമായിരുന്നല്ലോ? കഥയെ പറ്റിയുള്ള പ്രതികരണങ്ങളും അഭിപ്രായങ്ങളും കൊണ്ട് ഓഫീസ് നിറഞ്ഞിരിക്കുകയാണ്. ഫോണ്‍ കോളുകള്‍ വേറെ. എല്ലാവര്‍ക്കും സാറിന്റെ അഡ്രസ്സും ഫോണ്‍ നമ്പറുമാണ് ആവശ്യം. കത്തുകളില്‍ ചിലത് ഇതിനോടൊപ്പം കൊടുത്തയക്കുന്നു. സഹായസഹകരണങ്ങള്‍ക്ക് നന്ദി. സാറിന്റെ കഥകള്‍ ഇനിയും തുടര്‍ന്നു പ്രസ്ദ്ധീകരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.
വിശ്വസ്ഥതയോടെ.
എഡിറ്റര്‍.

പതിയെ കടലാസുപൊതിയെ ഒന്ന് സൂക്ഷിച്ചു നോക്കി. അതെടുത്ത് അലമാരക്കു കീഴെയുള്ള തട്ടില്‍ വെച്ചു. ദിവസങ്ങളും മാസങ്ങളും കടന്നു പോയത് പെട്ടെന്നായിരുന്നു. കവികളേയും എഴുത്തുകാരേയും ആദരിച്ചുകൊണ്ടുള്ള The Maureen Egen Writers Exchange Award 2010ന് കിഷോര്‍ അര്‍ഹനായി. ന്യൂയോര്‍ക്കിലെ ബിങ്ങ്ഹാംടണ്‍ യൂണിവേഴ്സിറ്റിയുടെ അതിഥിയായി യു. എസ്സിലേക്ക് പോകാനൊരുങ്ങുകയാണ് കിഷോര്‍. എയര്‍പോര്‍ട്ടില്‍ യാത്രയയക്കാന്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരിന്നു. എല്ലാവരോടുമായി മനസ്സില്‍ പറഞ്ഞു. ‘ഇനി ശിഷ്ട കാലം അവിടെ. തനിക്കാരുമില്ലാത്ത നാട്ടിലേക്ക് ഒരു തിരിച്ചുവരവില്ല.’
പുതിയ താമസക്കാര്‍ക്കു വേണ്ടി മുറി വൃത്തിയാക്കുകയാണ് ശേഖര്‍. കുറച്ച് കടലാസു കഷ്ണങ്ങളും ഒഴിഞ്ഞ പേനയും മാത്രമേ അവിടുള്ളൂ. അലമാരക്കടിയിലെ പൊതി അവനപ്പോഴാണ് ശ്രദ്ധിച്ചത്. എടുത്തപ്പോഴേക്കും അതഴിഞ്ഞു വീണു. മുറി നിറയെ കത്തുകള്‍. അവനതെല്ലാം വാരിപ്പെറുക്കി ചവറ്റുകൊട്ടയുടെ വിശപ്പകറ്റി കത്തിക്കാനായി പുറത്തേക്കു പോയി. വീണ കൂട്ടത്തില്‍ ഒരു കത്ത് മാത്രം കട്ടിലിനടിയില്‍ പെട്ടത് അവന്‍ കണ്ടില്ല. പോകാന്‍ മനസ്സു വരാതെ കട്ടിലിനടിയിലേക്ക് ഒളിച്ചിരുന്ന ഒരു കത്ത്. മറഞ്ഞു കിടക്കുന്ന ആ കത്തിനു പിന്നിലെ അഡ്രസ്സ് വ്യക്തമാണ്.
Letha K. A,
Karasseri House,
Near Gov. Hospital,
P. O. Meloor,
Chalakkudy.
................