2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

കണിക്കൊന്ന


മേടമാസത്തിലെ പൊന്‍ പ്രഭയില്‍ ഉദിച്ചുയരുന്ന ആദ്യ നാള്‍ നാം വിഷു ആഘോഷിക്കുന്നു. വര്‍ഷത്തിലെ തുടര്‍ന്നു വരുന്ന ദിവസങ്ങള്‍ നന്നാകാനാണെന്നാ അമ്മ പറയാറ്. വിഷുക്കണി (ആദ്യ ദര്‍ശനം) ഒരുക്കാന്‍ കുട്ടിക്കാലത്ത് എന്ത് ഉല്‍സാഹമായിരുന്നു വീട്ടില്‍. അരി, ചക്ക, സ്വര്‍ണ്ണമാല, മഞ്ഞ വെള്ളരിക്ക, നെല്ല്, പട്ടു പുടവ, നാളികേരം, എഴുത്തോല, പഴങ്ങള്‍ എന്നിവയെല്ലാം ഉരുളിയില്‍ നിരത്തി വാല്‍ക്കണ്ണാടിയില്‍ കാണത്തക്ക രീതിയില്‍ വെച്ച് കണ്ണന്റെ മുന്നില്‍ വയ്ക്കാന്‍ തിടുക്കമായിരുന്നു അന്ന്. കണ്ണനെ തുടച്ച് വയ്ക്കുന്നത് ഞാനാണ്. മറന്നിട്ടില്ല, കൊന്നപ്പൂവല്ലേ? വിശേഷ വസ്തുവിനെ ഒന്ന് വിശദമായി ഓര്‍ക്കാമെന്ന് വെച്ചു.

കണിക്കൊന്നയുടെ ശോഭ ഒന്ന് വേറെത്തന്നെയാണ്. കുളക്കടവിനടുത്തുള്ള കൊന്ന മരത്തില്‍ നിന്നാ എല്ലാവരും പറിക്കുന്നത്. ഞാനും സുമിയും ജിജിയും സംഗീതും ഓടിച്ചെല്ലുമായിരുന്നു കൊന്ന പെറുക്കാന്‍. അതൊരു പേരു മാത്രമാ... ശരിക്കും പറഞ്ഞാ പോകുന്നത് ചേട്ടന്‍മാര്‍ മരം കേറി പറിക്കുന്നത് കാണാന്‍ വേണ്ടിയാ!

രാത്രി അമ്മയാണ് കണി ഒരുക്കുക. പക്ഷെ മുഴുവന്‍ കാണാന്‍ ഞങ്ങളെ സമ്മതിക്കില്ല. അതുകൊണ്ട് ഞങ്ങള്‍ ഉറങ്ങുന്നത് വരെ കണിയൊരുക്കില്ല അമ്മ. പുലര്‍ച്ചയ്ക്ക് അമ്മ എന്റേയും സംഗീതിന്റേയും കണ്ണു പൊത്തി കൊണ്ട് വരും. എന്നിട്ടാ കണികാണിക്ക്യാ. ഹൊ, അഞ്ച് തിരിയിട്ട നിലവിളക്കിന്റെ ശോഭയില്‍ കുളിച്ച് നില്‍ക്കുന്ന എന്റെ കണ്ണനെ കാണാന്‍ എന്ത് ഭംഗിയായിരിക്കും അപ്പൊ.

പിന്നെ തിടുക്കം വിഷു കൈനീട്ടം കിട്ടാനാണ്. അച്ഛാഛനും അമ്മയും കൈനീട്ടം തരും. പിന്നെ കാശുകാരായതിന്റെ ഭാവമായിരിക്കും മനസ്സില്‍. അതുകൊണ്ട് എന്തു ചെയ്യണമെന്ന് രണ്ട് മാസം മുമ്പേ തീരുമാനിച്ചിട്ടുണ്ടാകും.

കുളി കഴിഞ്ഞാ കോടിയുടുപ്പാണ് വിഷുന് ഇടുക. കോടി വസ്ത്രങ്ങളും മുമ്പേ വാങ്ങി വെച്ചിരിക്കും.
രാവിലെ അടുക്കളയില്‍ എല്ലാവരും കൂടി ബഹളമായിരിക്കും. അച്ഛമ്മയും അമ്മയുമായിരിക്കും മേല്‍നോട്ടം. അച്ഛനും ഉണ്ടാകും ഓരോ നിര്‍ദ്ദേശങ്ങള്‍ പറയാന്‍. ഉപ്പ് കുറച്ചും കൂടി, പുളി ഇത്തറേം വേണ്ടേര്‍ന്നില്ല എന്നൊക്കെപ്പറഞ്ഞ്. വിഭവസമൃദമായ സദ്യ തന്നെയാവും. പക്ഷെ അതിലും ധൃതി വിഷുക്കട്ട കഴിക്കാനാണ്. അത് ഉണ്ടാക്കുന്നത് കാണാന്‍ തന്നെ രസമാണ്. പച്ചരിയും തേങ്ങയും തേങ്ങാപ്പാലും ജീരകവും ഉപ്പും ചേര്‍ത്ത്. തിളച്ച് കട്ടയായി വരുമ്പൊ നല്ലൊരു മണാ അതിന്. വലിയ വാഴയിലയില്‍ പരത്തി ചൂടാറിയതിന് ശേഷം മുറിച്ചെടുക്കും. അപ്പോഴേക്കും ക്ഷമ കൈവിട്ടു പോയിരിക്കും. അരികിലുള്ള കഷ്ണങ്ങള്‍ കഴിക്കാന്‍ ഞങ്ങള്‍ വഴക്കു കൂടുകയായിരിക്കും. അമ്മ ഉണ്ടാക്കുന്ന വിഷുക്കട്ടയ്ക്ക് എന്തു രുചിയാന്നോ.

അച്ഛനെ ശരിക്കും ഓര്‍ക്കും. ഗള്‍ഫിലല്ലേ, വരാന്‍ പറ്റില്ല. ചിലപ്പൊ സങ്കടം വരും. വിഷുന് ഭക്ഷണം കഴിക്കുന്ന സമയത്ത് അച്ഛന്‍ വിളിക്കും. എനിക്കിവിടത്തെ സദ്യ വട്ടങ്ങള്‍ പറയാന്‍ തോന്നില്ല. അച്ഛനവിടെ റൊട്ടിയോ മറ്റെന്തെങ്കിലുമായിരിക്കും കഴിച്ചിട്ടുണ്ടാകുക. അടുത്ത വര്‍ഷം അച്ഛനുണ്ടാകണേന്ന് പ്രാര്‍ത്ഥിക്കും.

ഭക്ഷണത്തിന് ശേഷം പടക്കം പൊട്ടിക്കാന്‍ ഓട്ടമാണ്. അച്ഛാഛന്‍ രണ്ട് ദിവസം മുമ്പ് സംഗീതിനേയും കൂട്ടി പടക്കം വാങ്ങി വരും. അതിലവനാ കേമന്‍. അമ്മ പറയും കഴിച്ചതൊന്ന് ശരിയായിട്ട് മതീന്ന്. പക്ഷെ ആര്‍ക്കാ കാത്തു നില്‍ക്കാന്‍ സമയം. സംഗീതിനാ തിരക്ക്. പൂത്തിരി, മത്താപ്പ്, ഓലപ്പടക്കം, നിലചക്രം അങ്ങനെ ഒരുപാടുണ്ടാകും. സുമിയും ജിജിയും സംഗീതും സിജുവും ഞാനും എല്ലാവരുമുണ്ടാകും ഞങ്ങടെ വീട്ടിലപ്പോള്‍. ഇവിടുത്തെ പൊട്ടിച്ച് കഴിഞ്ഞാ പിന്നെ ഓട്ടം സുമീടെ വീട്ടിലോട്ടാ, അതു കഴിഞ്ഞാ ജിജീടെ വീട്ടിലോട്ടും. അങ്ങനെ എല്ലാം കഴിഞ്ഞ് ക്ഷീണിച്ചിട്ടാകും തിരിച്ചു വരവ്.

അങ്ങനെ ഒരു വര്‍ഷത്തെ വിഷു കഴിഞ്ഞു. ഇനി അടുത്ത വര്‍ഷമാകണ്ടേ!