2010, ജൂൺ 17, വ്യാഴാഴ്‌ച

മോഡേണ്‍ കുരുക്ഷേത്ര


അടി! അടിയെന്ന് പറഞ്ഞാല്‍ എന്റമ്മോ ഇതുപോലൊരു അടി... എന്തോക്കെയോ എറിഞ്ഞുടയുന്ന ശബ്ദം. ആകെ ബഹളം. ആളുകള്‍ മാത്രമല്ല, അടുത്തുള്ള കുറുഞ്ഞിപ്പൂച്ചയും കുടുംബവും കാര്യമറിയാതെ മിഴിച്ചു നില്‍ക്കുകയാണ്. ദേഹോപദ്രവത്തിന്റേയോ പാത്രങ്ങള്‍ വീണുടയുന്നതിന്റേയോ ശബ്ദമല്ല ട്ടൊ. വാക്കുകള്‍ മുകളിലേക്കെറിഞ്ഞ് താഴെവീണു ചിതറുമ്പോള്‍ ഉണ്ടാകുന്ന സ്ഫോടന ശബ്ദമാണ്. കേള്‍ക്കാന്‍ വലിയ രസമൊന്നുമില്ലെങ്കിലും ഞാനുമാ കൂട്ടത്തില്‍ പങ്കാളിയായി നില്‍ക്കുന്നു. എങ്ങോട്ടെങ്കിലും ഓടി പോകാന്‍ തോന്നുന്നുണ്ട്. പക്ഷെ പറ്റില്ല. എന്താണെന്നല്ലേ? കഥ തുടരുന്നു...

ഇത് പഞ്ചപാണ്ഡവര്‍ താമസിക്കുന്ന വീടാണെന്ന് കരുതുക. അപ്പൊ കൂട്ടത്തില്‍ ഞാനാരാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ? യുധിഷ്ഠിരനും അര്‍ജ്ജുനനും ഒരു വശത്ത്. മറു വശത്ത് നകുലനും സഹദേവനും. ഇവര്‍ തമ്മിലാണ് യുദ്ധം. യുദ്ധം എന്തിനാണെന്നു ചോദിച്ചാല്‍ പ്രത്യേകിച്ചങ്ങനെ കാരണമില്ല. ജനറേഷന്‍ ഗ്യാപ്പെന്ന് വേണമെങ്കില്‍ പറയാം. യുദ്ധത്തില്‍ ഞാന്‍ ശ്രീകൃഷ്ണന്റെ റോള്‍ ഏറ്റെടുത്ത് ഒരു സമാധാനച്ചര്‍ച്ചയ്ക്ക് കളമൊരുക്കി. പക്ഷെ അവര്‍ക്കതില്‍ താല്‍പ്പര്യമില്ല. ഞാന്‍ ഭീമനായിതന്നെ നിന്ന് യുദ്ധം നോക്കി പഠിച്ചാല്‍ മതിയെന്ന് യുധിഷ്ഠിരന്‍ കല്‍പ്പിച്ചു. എങ്കില്‍ ശരിയെന്ന് ഞാനും വിചാരിച്ചു.

യുദ്ധം രൂക്ഷമായി വരുന്നു. ഈ യുദ്ധത്തില്‍ ആര് ജയിക്കും? ആര് തോല്‍ക്കും? കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്. ലോകക്കപ്പിന്റെ പേരില്‍ ചൂതാട്ടം നടത്തുന്നവര്‍ പോലും ഇതില്‍ ഒരു മുന്‍വിധി കാണാന്‍ കഷ്ടപ്പെടും. അത്രയ്ക്ക് തകര്‍ക്കുകയാണ് വഴക്ക്. ആര്‍ക്കും ക്ഷീണമില്ല. ഒരു നോട്ടം കൊണ്ട് പോലും ആരും വിട്ടുകൊടുക്കുന്നില്ല. ഇതൊന്നവസാനിപ്പിക്കാന്‍ എന്താ ചെയ്യാ? അംബാനിമാരെ ഒന്നിപ്പിച്ചതാരാണോ ആവോ? യു. എന്‍. ഒ യ്ക്ക് അല്ലെങ്കിലേ നേരമില്ല. ലോക സമാധാനത്തിന് വേണ്ടി ജീവന്‍വരെ ത്യജിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ ഒരാളുണ്ട്. ജമ്പന്‍. വിളിക്കാമെന്ന് വെച്ചാല്‍ ചെന്നിനായകത്തിന്റെ നമ്പര്‍ പോലും എന്റെ കയ്യിലില്ല. പോകുന്നതു വരെ പോട്ടെ...

യുദ്ധത്തിന്റെ പര്യവസാനത്തിലെത്താറായെന്ന് ചിലപ്പൊ തോന്നും. കാരണം ബഹളം ഒന്നൊതുങ്ങി. പക്ഷെ കാര്യമില്ല. അടുത്ത സെക്കന്റില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തുടങ്ങും. രസം ഇതൊന്നുമല്ല കേട്ടോ. ഇരു കൂട്ടരും എന്നെ പക്ഷം ചേര്‍ക്കും. അങ്ങനെയല്ലേ... ശരിയല്ലേ... എന്നൊക്കെ ചോദിച്ച് എന്റെ മുഖത്ത് നോക്കും. ഞാന്‍ ആരുടെ ഭാഗം നില്‍ക്കും. രണ്ട് പേരുടെ കയ്യിലും തെറ്റുണ്ട്. അവസാനം ഞാന്‍ രണ്ടു വള്ളത്തിനും ഇടയ്ക്കുള്ള സ്പെയ്സില്‍ നിന്നു. രണ്ട് കൂട്ടരുടെ ചോദ്യങ്ങള്‍ക്കും തലയാട്ടി.

അങ്ങനെ അക്ഷമയുടെ നെല്ലിപ്പലകയും കഴിഞ്ഞ് രംഗം ശാന്തമായി. ആരും തോറ്റില്ല. ആരും ജയിച്ചുമില്ല. നകുലനും സഹദേവനും വീടു മാറാന്‍ തീരുമാനിച്ചു. പക്ഷെ അതൊരു തോല്‍വിയല്ല ട്ടൊ. അഞ്ച് പേരും ഉപയോഗിച്ചിരുന്ന സാധനങ്ങളില്‍ അധികവും അവരുടേതായിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇട്ടുവെച്ചിരുന്ന പാത്രങ്ങള്‍ അവര്‍ കൊണ്ടുപോയി. എല്ലാം കടലാസുപൊതിയില്‍... ഇപ്പോള്‍ പേടിപ്പിക്കുന്ന ഒരു ശൂന്യതയാണവിടെ. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് സ്വര്‍ഗ്ഗാരോഹണത്തിനു തയ്യാറെടുക്കുന്ന ശാന്തത...

2010, ജൂൺ 16, ബുധനാഴ്‌ച

ഒരു ശനിയാഴ്ച മോഷണം

ജൂണിലെ ഒരു ശനിയാഴ്ച. അല്ല, മിക്ക ശനിയാഴിചയും ഇങ്ങനെതന്നെ. ഓഫീസ് മുഴുവന്‍ അന്തകാരത്തിലാഴുന്ന അഞ്ചാമത്തെ ശനിയാഴ്ചയാണിത്. രാവിലെ എല്ലാവരും എത്തിക്കഴിഞ്ഞെന്നു കണ്ടാല്‍ ഉടന്‍ കറണ്ട് പോകും. കുറച്ചു നേരത്തേക്ക് പിന്നേയും നിശബ്ദമാണ്. ടപ്പ്! ടപ്പ്! ടപ്പ്! ധൃതിയില്‍ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ വിരലുകളോടുന്ന ശബ്ദമേ കേള്‍ക്കൂ. കൂടെ കുറച്ച് നിശ്വാസങ്ങളും. പാവങ്ങള്‍... ഏന്തി വലിച്ച് അഞ്ച് മിനിറ്റ് കൂടി. പിന്നെ ആകെ കരച്ചിലിന്റെ ബഹളമാണ്. കരച്ചില്‍ അവസാനിക്കുന്നതിനു മുമ്പേ അവര്‍ മരിച്ചു കഴിഞ്ഞിരിക്കും.
എല്ലാവരും പതിവു പോലെ സിറ്റൌട്ടില്‍ പത്രം വായനയും ഉറക്കവും സാഹിത്യച്ചര്‍ച്ചകളുമൊക്കെയായി ഇരിക്കുകയാണ്. പതിവെന്ന് പറഞ്ഞത് വൈദ്യുതി ബോര്‍ഡ് കനിഞ്ഞു നല്‍കുന്ന ഒഴിവു സമയങ്ങളിലെ കാര്യമാണ്. മുറ്റത്തുകൂടി വരിവരിയായി പോകുന്ന ഉറുമ്പുകള്‍ വരെ ഞങ്ങളെ പരിഹാസത്തോടെ നോക്കുന്നുണ്ട്. “വല്യ കളിയൊന്നും വേണ്ട. അടുത്ത ആഴ്ചയ്ക്ക് മുമ്പ് നമ്മള്‍ ജനറേറ്റര്‍ വാങ്ങും”. എക്സിക്യൂട്ടീവ് എഡിറ്ററുടെ വാക്കുകളാണ്. ആരും ഒന്നും മിണ്ടിയില്ല. കാരണം ഇത് കേള്‍ക്കാന്‍ തുടങ്ങിട്ട് രണ്ട് മാസമായി.
ഇനി കറണ്ട് വരുന്നത് രണ്ട് മണിക്കോ മൂന്ന് മണിക്കോ ആയിരിക്കും. ശുഭ്രവസ്ത്രധാരിക്കും ചേടത്തിക്കുമൊഴികെ വേറെയാര്‍ക്കും ഇതില്‍ കാര്യമായ എതിര്‍പ്പുണ്ടെന്ന് തോന്നുന്നില്ല. ഞങ്ങള്‍ കുറച്ച് പേര്‍ മനസ്സറിഞ്ഞ് സന്തോഷിക്കുന്നുമുണ്ട്. പക്ഷെ ഇന്നെനിക്കൊരു പ്രത്യേക സന്തോഷമുണ്ട്. കറണ്ട് പോകുമെന്ന ഉറപ്പിലാണ് ഞാന്‍ രാവിലെ ഡയറിയെടുത്ത് ബാഗില്‍ വെച്ചത്. കഥയുടെ ബാക്കി എഴുതാമല്ലോ? പക്ഷെ പതിവിനെ തെറ്റിച്ചുകൊണ്ട് ഇന്ന് കറണ്ട് പോകാനല്‍പ്പം വൈകി.
ഇന്ന് ഓഫീസില്‍ മോല്‍ക്കോയ്മക്കാര്‍ ആരും ഇല്ല. ചേടത്തിയും എന്തോ ആവശ്യത്തിന് കോഴിക്കോട് പോയിരിക്കുകയാണെന്ന് ഡിസൈനര്‍ പറഞ്ഞു. ഇനിയുള്ളവര്‍ ഉപദ്രവകാരികളല്ല. എന്റെ കൂടെ ജോലി ചെയ്യുന്ന ചേച്ചിക്ക് ഒരാഗ്രഹം. ഫ്രിഡ്ജിലിരിക്കുന്ന ബ്രഡും ബട്ടറും കഴിക്കാന്‍. പുറത്ത് ഇരമ്പിപ്പെയ്യുന്ന മഴയാണ്. ഈ സമയത്ത് റോസ്റ് ചെയ്തെടുത്ത ചൂടുള്ള ബ്രഡ്. കൂടിയേക്കാമെന്ന് ഞാനും കരുതി. ഞങ്ങളുടെ കൂടെ റിസപ്ഷനിസ്റുമുണ്ട്. ബ്രഡും വെണ്ണയും ഓഫീസിലെ ഫ്രിഡ്ജില്‍ നിന്ന് മോഷ്ടിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ ഹോസ്റലില്‍ സിസ്റര്‍മാരുടെ തോട്ടത്തില്‍ കേറി മോഷ്ടിക്കുന്നത് ഒരു ശീലമാക്കിയത് ഉപകാരപ്പെട്ടു. ബ്രഡെന്ന് ആ വസ്തുവുനെ വിളിക്കാന്‍ പറ്റുമോന്നറിയില്ല. മഞ്ഞ നിറം കേറിയ ഒരു വസ്തു. ചെറുതായൊരു പൂപ്പലുണ്ട്. അതു സാരമില്ല. ഇരു വശത്തും വെണ്ണ തേച്ച് സ്റവില്‍ വെച്ച് റോസ്റ് ഉണ്ടാക്കി. കഴിക്കുന്നതിനിടെ റിസപ്ഷനിസ്റിന്റെ ഓര്‍മ്മ പുതുക്കല്‍. “ഇത് മൂന്ന് മാസം മുമ്പ് ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന വെണ്ണയാ”. ഞാനും ചേച്ചിയും മുഖത്തോട് മുഖം നോക്കി. എന്ത് പറയാന്‍. തീറ്റ തുടര്‍ന്നു.
ഓരോന്ന് വീതം കഴിച്ചു. അടുത്തതെടുത്തപ്പോഴാണ് എവിടെ നിന്നോ ചേടത്തി പ്രത്യക്ഷപ്പെട്ടത്. എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് പരുങ്ങി. “ഓ, നിങ്ങള്‍ ഫ്രിഡ്ജു തപ്പിയല്ലേ?” ചേടത്തിടെ ചോദ്യം. വായിലുള്ള ബ്രഡ് കഷ്ണം അറിയാതെ വിഴുങ്ങിപ്പോയി. റിസപ്ഷനിസ്റ് എങ്ങനെയോ സംഭവസ്ഥലത്തു നിന്ന് മുങ്ങി. പിന്നാലേ ചേച്ചിയും. അവസാനം ഞാന്‍ കെണിയില്‍. എന്തായാലും നനഞ്ഞു. ഇനിയിപ്പൊ പരുങ്ങിയിട്ടെന്ത് കാര്യം. വെളുക്കനെ ഒന്ന് ചിരിച്ച് രണ്ട് കയ്യിലും ബ്രഡുമായി ഞാന്‍ അടുക്കളയില്‍ നിന്നിറങ്ങി. കോഴിക്കോട് പോയ ചേടത്തി എവിടെ നിന്ന് പ്രത്യക്ഷപ്പെട്ടു എന്ന അത്ഭുതത്തിലാണ് പുറത്ത് അവരിപ്പോഴും. ഹും! എന്തായാലും പറ്റേണ്ടത് പറ്റി. ഇനി പറഞ്ഞിട്ടെന്താ?

2010, ജൂൺ 14, തിങ്കളാഴ്‌ച

എന്റെ മഴ



കാല്‍പ്പനികന്റെ സ്വപ്നങ്ങളാണ് മഴ. വീടിനകത്തിരുന്നാലും അവനെ നനയ്ക്കാന്‍ മഴയ്ക്കു സാധിക്കും. മഴ പല തരത്തിലാണെങ്കിലും മഴ സ്വപ്നങ്ങള്‍ മിക്കവര്‍ക്കും ഒരുപോലെയാണ്. വെളുപ്പാന്‍ കാലത്ത് പുറത്തിരമ്പിപ്പെയ്യുന്ന മഴയില്‍ തണുത്ത് വെറുങ്ങലിച്ച് ഒരു പുതപ്പിന് കീഴെ ഒളിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല.


വെള്ളം പണ്ടു മുതലേ എന്റെ സുഹൃത്താണ്. സാധാരണ കുളി എന്നു പറഞ്ഞാല്‍ എനിക്ക് നീരാട്ട് തന്നെയാണ്. ഡാന്‍സും പാട്ടും വെള്ളം കൊണ്ടുള്ള ഫൌണ്ടനുകളും എല്ലാം കഴിയുമ്പോള്‍ ഒരു നേരമാകും. ചിലപ്പോള്‍ ഒന്നും കൂടി മോട്ടര്‍ അടിക്കേണ്ടിയും വരും. അമ്മയ്ക്ക് കലിയിളകുമ്പോള്‍ ഊറിച്ചിരിച്ച് വീണ്ടും ഒരു പാട്ട് പാടാന്‍ തുടങ്ങിയിട്ടുണ്ടാകും ഞാന്‍. പക്ഷെ മഴക്കാലമായാല്‍ കഥ മാറി. ഒരു ബക്കറ്റ് വെള്ളം ധാരാളമാണ് കുളിക്കാന്‍. മാത്രമോ, രണ്ട് മിനിറ്റു കൊണ്ട് കുളിച്ച് ഓടിച്ചന്ന് അമ്മയെ കെട്ടിപ്പിടിക്കും. അമ്മയ്ക്കെപ്പോഴും നല്ല ചൂടായിരിക്കും.


മഴ മണങ്ങളും വ്യത്യസ്തമാണ്. പുതു മഴയ്ക്ക് പുതു മണ്ണിന്റെ മണം. നനഞ്ഞ് സ്കൂളില്‍ ചെന്നു കേറിയാലോ മഴയ്ക്ക് വിയര്‍പ്പിന്റെ മണമാണ്. കാലില്‍ ചളിയും ഡ്രസ്സില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ളവുമായി വീട്ടില്‍ വരുമ്പോള്‍ മഴയ്ക്ക് ഈറന്റെ മണമാണ്. അടുക്കളയില്‍ അമ്മ ഭക്ഷണമുണ്ടാക്കുമ്പോള്‍ ചോറു പുഴുങ്ങുന്ന മണമാണ് മഴയ്ക്ക്. കര്‍ക്കിടകത്തിലെ മഴയ്ക്കൊരു പ്രത്യേക സുഗന്ധമാണ്. മല്ലിയും കുടകപ്പാലരിയും വിഴലരിയും അയമോദകവും കരിംജീരകവും കരയാമ്പുവും കുരുമുളകും ചുക്കും നെയ്യും അങ്ങനെ എല്ലാം ചേര്‍ന്ന ഒരു ആയുര്‍വേദ മണം. ജനലഴികളില്‍ക്കൂടി വിദൂരതയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ മഴക്കൊരു വിഷാദ ഗന്ധമാണ്. ഏത് മണമായാലും മഴയെ സ്നേഹിക്കാന്‍ പ്രത്യേകിച്ചൊരു കാരണം വേണമെന്ന് തോന്നുന്നില്ല.


ഞാന്‍ പലപ്പോഴും മഴയോട് സംസാരിക്കാറുണ്ട്. എന്റെ കൂട്ടുകാര്‍ എന്നെ കളിയാക്കുമെങ്കിലും എനിക്കതൊരു ആശ്വാസവും സന്തോഷവുമാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമല്ല, ഇവിടം വെടിഞ്ഞവര്‍ക്കും മഴ ആസ്വദിക്കാന്‍ കഴിയുമെന്നെനിക്ക് തോന്നാറുണ്ട്. മഴയില്‍ നോക്കി സംസാരിക്കുമ്പോള്‍ എന്റെ കൂടെയില്ലാത്ത പലരേയും കാണാന്‍ കഴിയാറുണ്ട്. ഞാനവരോട് സംസാരിക്കാറുണ്ട്. പണ്ടാരോ പറഞ്ഞതു പോലെ “ആത്മാക്കളുടെ സന്തോഷമാണ് മഴ”യെന്ന് ഞാനും വിശ്വസിക്കുന്നു.

2010, ജൂൺ 1, ചൊവ്വാഴ്ച

സ്കൂള്‍ തുറന്നു... വീണ്ടും...



ഇന്ന് ജൂണ്‍ ഒന്ന്. പുതിയ ബാഗ്, പുതിയ കുട, പുതിയ പുസ്തകങ്ങള്‍, പുതിയ യൂണിഫോം. ഈ പുത്തനുണര്‍വിന്റെ നിറവില്‍ ഒരു പുതിയ മേച്ചില്‍പ്പുറം തേടി നടന്നകന്നവരാണ് ഒരിക്കല്‍ നമ്മളും. പുതു മഴയുടെ ലഹരിയില്‍ ഉയര്‍ന്നു വരുന്ന പുതു മണ്ണിന്റെ ഉന്മാദഗന്ധത്തെ ആസ്വദിക്കാത്തവര്‍ നമ്മളില്‍ ആരും തന്നെ ഉണ്ടാവുകയുമില്ല. ചാറ്റല്‍ മഴയുള്ള ദിവസം ടീച്ചര്‍ കാണാതെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കാന്‍...

സ്കൂള്‍... അന്നതൊരു കാരാഗ്രഹമായി തോന്നിയിരുന്നെങ്കിലും ഇന്നത്രയും നൈര്‍മല്യമേറിയ സ്ഥലം വേറെയില്ല എന്നതാണ് സത്യം. അവിടെ എല്ലാം നിഷ്കളങ്കമായിരുന്നു. കരച്ചിലും, വഴക്കും, പേടിയും, കുസൃതിയും, ശാസനയും, ലാളനയും അങ്ങനെ എല്ലാം. കൂട്ടത്തില്‍ മറ്റൊരു ലോകത്തെപ്പറ്റിയുള്ള തിരിച്ചറിവും...

രാവിലെ എണീക്കാന്‍ മടി. കുളിക്കാന്‍ അതിലേറെ മടി. തണുപ്പത്ത് മൂടിപ്പുതച്ച് ഉറങ്ങാന്‍ കഴിയാത്ത വിഷമം. യൂണിഫോം ഇടണത് വിഷമം. അമ്മയെ കാണാത്ത വിഷമം. എ. ബി. സി. ഡി.. തെറ്റാതെ ചൊല്ലാന്‍ വിഷമം. ഭക്ഷണം മുഴുവന്‍ കഴിക്കാന്‍ വിഷമം. അങ്ങനെ ലോകത്തെ ഏറ്റവും സങ്കീര്‍ണമായ വിഷമങ്ങളെല്ലാം നമുക്ക് മാത്രമായിരുന്നു.

പിന്നീടെപ്പഴോ നമ്മളറിയാതെ തന്നെ വിഷമങ്ങളുടെ രൂപവും മാറിമറിഞ്ഞു. പണ്ടു കണ്ടിരുന്ന വര്‍ണ്ണങ്ങള്‍ക്ക് പകരം മഴവില്ലുകള്‍ വിരിയാന്‍ തുടങ്ങി. പുഞ്ചിരികള്‍ പൊട്ടിച്ചിരികളായി... വഴക്കുകള്‍ പരിഭവങ്ങളായി... ശാസനകള്‍ കൊഞ്ചലുകളായി... കുസൃതികള്‍ കള്ളത്തരങ്ങളും.

പഠനത്തിന്റെ മുള്‍മുനയിലും, പരീക്ഷയുടെ ആലകളിലും, പ്രശ്നങ്ങളുടെ തീച്ചൂളയിലും സൌഹൃദമായിരുന്നു ഏക ആവേശം. എന്നും എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരുന്ന ആ സൌഹൃദങ്ങള്‍ മാത്രമാണ് ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാകുന്നതെന്ന് മനസ്സിലായത് വളരെ വൈകിയായിരുന്നു.

മഴവില്ലിന്റെ നിറം മങ്ങി വരുന്നതിനു മുന്‍പ് അതിനെ എത്തിപ്പിടിക്കാനുള്ള വ്യഗ്രതയാണ് പിന്നീട്. ജീവിതത്തെ കണ്ടെത്താനുള്ള ഓട്ടം. എങ്ങോട്ടൊക്കെയോ... ചിലര്‍ കാല്‍ തെറ്റി വഴിയില്‍ വീണു പോകും. കുറച്ചു പേര്‍ എഴുനേറ്റ് വീണ്ടും ഓടാന്‍ ശ്രമിക്കും. ബാക്കിയുള്ളവര്‍ മറ്റുള്ളവര്‍ ഓടുന്ന വഴിയില്‍ തന്നെ കിടക്കും. ഒരുമിച്ച് ഓട്ടം ആരംഭിച്ചവര്‍ വഴിയില്‍ വെച്ച് പിരിഞ്ഞു പോയത് അവരറിഞ്ഞില്ല. മറ്റു ചിലര്‍ ഓടി ആദ്യമെത്തി തിരിഞ്ഞു നോക്കുമ്പോഴാണ് പിന്നില്‍ ആരുമില്ലെന്ന് തിരിച്ചറിയുക... ഇന്ന് ഓട്ടം ആരംഭിച്ചവരുടെ ഒപ്പമാണ് ഞാനും. കൈയ്യില്‍ പലതും വാരിക്കൂട്ടി ഓടുന്നതിനിടെ ചിലതെല്ലാം വഴിയില്‍ കൊഴിഞ്ഞും പോകുന്നുണ്ട്. എങ്കിലും ഇന്നൊരാഗ്രഹം. ഓട്ടം നിര്‍ത്തി ഒന്ന് തിരിഞ്ഞു നോക്കാന്‍.

തിരക്കുകള്‍ക്കിടയിലും ഈ ദിവസം ഹൃദയത്തിന്റെ ഉള്ളിലെവിടെയോ ഒരു നെടുവീര്‍പ്പാണ്. ഒരു വിങ്ങലാണ്. പണ്ട് രണ്ട് മാസത്തെ അവധിക്ക് ശേഷം കാണുമ്പോള്‍ പറയാന്‍ ഒരു വര്‍ഷത്തെ വിശേഷമുണ്ടാകും. ഇതിപ്പൊ വര്‍ഷങ്ങളുടെ വിശേഷമുണ്ട്... പറയാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാവരേയും ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍... റോഡ് മുഴുവന്‍ സ്കൂളില്‍ പോകുന്ന കുട്ടികളാണ്. അവരുടെ ബഹളവും...