2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

അങ്ങനെ ഒരു അവധിക്കാലത്ത്...

ഷാര്‍ജ ഇഡസ്ട്രിയല്‍ ഏരിയ 12. നാല് നിലയുള്ള കെട്ടിടത്തിലെ ഒന്നാമത്തെ ഫ്ലോറില്‍ റും നമ്പര്‍ വണ്ണിലിരുന്ന് അടുത്ത ബീര്‍ പൊട്ടിക്കാനുള്ള ആവേശത്തിലായിരുന്നു ഞാന്‍. ഗള്‍ഫിലെ ഈ അജ്ഞാതവാസക്കാലത്താണ് നാടിനെക്കുറിച്ചും അമ്മയുണ്ടാക്കി തരുന്ന ഭക്ഷണത്തിന്റെ രുചിയുമെല്ലാം ഓര്‍മ്മ വരിക. അവിയല്‍, പരിപ്പ് കുത്തിക്കാച്ചിയത്, ഉപ്പിലിട്ട നെല്ലക്ക, പുളിയിട്ട് വറ്റിച്ച മീന്‍കറി... ഹാ! വായില്‍ വെള്ളമൂറുന്നു. അമ്മയുണ്ടാക്കുന്ന ഓരോ കറിയും എടുത്തെടുത്ത് കുറ്റം പറഞ്ഞിരുന്ന പലരും ഉണക്ക റൊട്ടിയില്‍ സംതൃപ്തി കണ്ടു വരികയാണിവിടെ. നാടിന്റെ മണവും രുചിയുമെല്ലാം ഓര്‍ത്ത് അയവിറക്കി കൊണ്ടിരിക്കുമ്പോഴാണ് കുറച്ച് ദിവസത്തേക്ക് ലീവെടുത്ത് വരണമെന്ന് പറഞ്ഞ് അച്ഛന്റെ കോള്‍ വന്നത്. പ്രത്യേകിച്ചൊന്നുമില്ലെന്ന് പറഞ്ഞെങ്കിലും കാര്യമില്ലാതെ വരാന്‍ പറയില്ല. അഞ്ച് മാസമേ ആയിട്ടുള്ളൂ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയിട്ട്. എങ്കിലും എന്തിനാണെന്ന് ഞാന്‍ ചോദിച്ചില്ല.

ഇതിപ്പൊ ഈ വര്‍ഷം രണ്ടാമത്തെ പോക്കാണ്. നാട്ടില്‍ പോയിട്ടുള്ള കാര്യങ്ങളോര്‍ത്തപ്പോള്‍ ഇപ്പൊതന്നെ ഓടി തോന്നിപ്പോയി. ഇരുപ്പത്തിനാല് മണിക്കൂറും കൂട്ടുകാരുമൊത്ത് കറങ്ങി നടക്കലാണ് പ്രധാന ഹോബി. പിന്നെ കള്ളു കുടിച്ച് പൂസായി കാറില്‍ കിടന്നുറങ്ങുക, രാത്രി വൈകിവന്ന് വീടിന്റെ ഉമ്മറപ്പടിയില്‍ കിടന്ന് നേരം വെളുപ്പിക്കുക എന്നിങ്ങനെ വേറേയും കലാപരിപാടികളുണ്ട്.

ഞങ്ങള്‍ടെ നാടിനൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ആളുകള്‍ക്ക് ദിവസത്തില്‍ രണ്ട് പ്രാവശ്യം സുപ്രഭാത കീര്‍ത്തനം കേള്‍ക്കാം. ഒന്ന് വീടിനടുത്ത അമ്പലത്തില്‍ പുലര്‍ച്ചെ അഞ്ചിന് (പറഞ്ഞുകേട്ട അറിവാണ്). പിന്നെ പന്ത്രണ്ട് മണിക്കുള്ള എന്റെ സുപ്രഭാതവും. രാവിലത്തെ ബ്രേക്ഫാസ്റിന്റെ കാശ് വീട്ടുകാര്‍ക്ക് ലാഭം. പിന്നെ മാമന്റെ വീട്ടിലേക്കും മേമ്മമാരും മറ്റും വിളിക്കുന്ന സ്നേഹത്തിന്റെ വിരുന്നില്‍ പങ്കെടുക്കാന്‍ പോകുക. അവരുടെ സന്തോഷമല്ലേ നമുക്ക് വലുതെന്ന ഭാവത്തില്‍ അവരുണ്ടാക്കി തരുന്ന മട്ടനും ബീഫുമെല്ലാം ഒറ്റയിരിപ്പിന് അകത്താക്കുക. പിന്നെ നേരെ അടുത്തുള്ള ആശുപത്രിയിലേക്ക്. എന്തിനാണന്നല്ലേ? ദിവസവും രോഗികളെ പരിചരിച്ച് ബോറടിച്ചിരിക്കുന്ന പാവം കുറേ നേഴ്സുകള്‍ ഉണ്ടവിടെ. അവര്‍ക്കും വേണ്ടേ ഒരു ടൈം പാസ്. അങ്ങനെ ജീവിതം അടിച്ചുപൊളിച്ച് കഴിഞ്ഞിരുന്ന സമയത്താണ് പ്രവാസ ജീവിതം എന്നെ കൈക്കുള്ളിലാക്കിയത്.

അങ്ങനെ പതിനഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തി. അന്നു തന്നെ കറക്കവും ആരംഭിച്ചു. എത്തിയതിന്റെ പിന്നേന്ന് വീട്ടിലേക്ക് ചില്ലറ പാത്രങ്ങള്‍ വാങ്ങാന്‍ അമ്മ പറഞ്ഞത് പ്രമാണിച്ച് ടൌണിലെ കടയില്ലെത്തി. പുറത്ത് പൊള്ളുന്ന വെയിലില്‍ വിയര്‍ത്തൊലിച്ച് കുറച്ച് പണിക്കാര്‍ കാന വൃത്തിയാക്കുന്നുണ്ട്. ഒരു വീട്ടിലേക്കു വേണ്ട എല്ലാതരം പാത്രങ്ങളും ഉള്ള ഒരു ഹോള്‍സെയില്‍ ഷോപ്പാണ് മില്‍ട്ടന്‍ സ്റോഴ്സ്. എ. സി യിലിരുന്ന് ബോറടിക്കുന്ന ജോലിക്കാര്‍ക്ക് സമയം ചിലവിടുന്നതിനായി വലിയൊരു ഹോം തിയ്യറ്റര്‍ മുന്നില്‍തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഭംഗിയുള്ള സ്ഫടിക പാത്രങ്ങള്‍ നിരത്തി വെച്ച ഭാഗത്തേക്ക് ഞാന്‍ ചെന്നു. ഓരോന്നെടുത്ത് നോക്കുമ്പോഴും തൊടരുതെന്ന് ജോലിക്കാരുടെ നിര്‍ദ്ദേശം. അടക്കിപ്പിടിച്ചുള്ള കമന്റടികള്‍ വേറെ. എനിക്ക് കുറേശ്ശെ ദേഷ്യം വരുന്നുണ്ടെങ്കിലും എല്ലാരേയും നോക്കിച്ചിരിച്ച് പാത്രങ്ങള്‍ നോക്കി നടന്നു.

ഇളം നീല നിറത്തിലുള്ള ഡിന്നര്‍ സെറ്റില്‍ നിന്ന് ഒരു പ്ളേറ്റെടുത്ത് വെറുതെ തട്ടി നോക്കി. ‘ഇത് ഫ്യൂസ്ഡ് പ്ളേറ്റ്സാ. ഇറ്റലിയില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്തത്. അതുകൊണ്ട് പൊട്ടില്ല.’ പിന്നെ ഒന്നും ആലോചിച്ചില്ല. കടയിലുള്ളവര്‍ മുഴുവന്‍ ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ആര്‍ക്കും കാര്യം പെട്ടെന്ന് മനസ്സിലായില്ലെങ്കിലും പിന്നീടാണവര്‍ താഴെ ചിതറിക്കിടക്കുന്ന നീല സ്ഫടിക കഷ്ണങ്ങള്‍ കണ്ടത്. ഉടമസ്ഥനും മറ്റു ജോലിക്കാരും എന്നെ പൊതിഞ്ഞു. ഞാനേതോ തീവ്രവാദിയാണെന്ന് എനിക്കു തന്നെ തോന്നിപ്പോയി. അത്തരത്തിലായിരുന്നു അവരുടെ കണ്ണുകള്‍ എന്നില്‍ പതിച്ചത്. എന്റെ ഭാഗം എനിക്ക് ന്യായീകരിക്കണ്ടേ? ആള്‍ക്കൂട്ടത്തിനുള്ളിലേക്ക് ചൂണ്ടി ഞാന്‍ പറഞ്ഞു. ‘ആ കുട്ടിയാ പറഞ്ഞേ ഇത് പൊട്ടില്ലാന്ന്. അതുകൊണ്ടാ നിലത്തിട്ട് നോക്കിയത്.’ അവള്‍ അയാളുടെ നോട്ടത്തില്‍ ദഹിച്ചെന്ന് തോന്നുന്നു. പിന്നീടവിടെയെങ്ങും കണ്ടില്ല. കടയുടമസ്ഥന്‍ എന്നെ തിന്നാന്‍ റെഡിയായി നില്‍ക്കുകയാണ്. ഞാന്‍ വേറെ കുറേ പാത്രങ്ങള്‍ വാങ്ങാമെന്ന് പറഞ്ഞിട്ടും ഒരു രക്ഷയുമില്ല. അങ്ങനെ ഡിന്നര്‍സെറ്റിന്റെ പകുതി പണം നല്‍കി പ്രശ്നത്തില്‍ നിന്ന് ഊരേണ്ടി വന്നു.

ഇങ്ങനെ നൂലാമാലകളുമായി നടക്കുമ്പോഴാണ് അടുത്ത ഊരാക്കുടുക്കിലേക്കുള്ള ചുവട്. നാട്ടിലേക്ക് വരാന്‍ പറഞ്ഞതിന്റെ ഉദ്ദേശം തന്നെ എന്നെ പെണ്ണുകെട്ടിക്കാന്‍ വേണ്ടിയായിരുന്നുവെന്ന സത്യം ഞാന്‍ മനസ്സിലാക്കി! വീട്ടുകാര്‍ പെണ്‍കുട്ടിയെ കണ്ടു വെച്ചിട്ടുണ്ട്. കൂടുതലെന്തു പറയാന്‍. ഇനി അടുത്ത അഗ്നി പരീക്ഷ...

2011, ജൂൺ 8, ബുധനാഴ്‌ച

ലതയ്ക്കൊരു പ്രണയലേഖനം


ഇന്നലെ എനിക്കൊരു കത്തു കിട്ടി. കൂടെ കടലാസില്‍ പൊതിഞ്ഞ ഒരു വലിയ പാക്കറ്റും. കൈപ്പടയില്‍ എന്റെ വിലാസം കണ്ടിട്ട് നാളേറെയായി. തപാലില്‍പ്പെട്ടിക്കകത്ത് എത്ര ദിവസം കിടന്നിരിക്കും എനിക്കുള്ള ഈ കത്ത്. എന്റെ വിലാസത്തിലൊരു കഷ്ണം കടലാസ് അതിനകം കണ്ടിട്ട് തന്നെ വര്‍ഷങ്ങളായിക്കാണും. ഇന്നെല്ലാം ഇമെയില്‍ ആണല്ലോ? പ്രസാദകര്‍ വന്നാല്‍ ഉടന്‍ ചോദിക്കുക സാറിന്റെ ഇമെയില്‍ ഐഡി ഏതാണെന്നാണ്. അവര്‍ക്കു വേണ്ടിയാണ് kishore82@live.com എന്ന ഹോട്ട്മെയില്‍ ഐഡി ഞാന്‍ ക്രിയേറ്റ് ചെയ്തതും. ലേഖനങ്ങള്‍ക്കു വേണ്ടിയുള്ള കത്തുകളും, അഭിപ്രായങ്ങളുമെല്ലാം വരുന്നതും ഞാന്‍ കഥകളെഴുതി അയക്കുന്നതും മെയില്‍ വഴി തന്നെ. ഇന്റര്‍നെറ്റിന്റെ നീരാളിപ്പിടുത്തത്തില്‍ ഞാനും ഇരയാകാന്‍ നിന്നു കൊടുത്തു എന്ന് പറയുന്നതാകും ശരി.
ഇതിപ്പൊ ആരുടെ കത്താണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ചങ്ങനെ ഒരാളില്ല. പണ്ടെന്നോ എഴുതിയിരുന്ന ഒരു മാസികയുടെ അഡ്രസ്സാണ് പിന്നില്‍. കത്ത് കയ്യില്‍ കിട്ടിയെങ്കിലും തുറന്നു വായിച്ചിട്ടില്ല. എന്നിട്ടും എന്തെന്നില്ലാത്ത സന്തോഷം തോന്നി. നഷ്ടപ്പെട്ടുവെന്ന് കരുതിയ ഒരുപാട് ഓര്‍മ്മകള്‍ തിരികെ കിട്ടിയതുപോലെ...
പണ്ടൊക്കെ മാസികകളിലേക്ക് കവിതകളയക്കുമായിരുന്നു. പിറ്റേന്ന് മുതല്‍ ശിപായിക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്. എന്നു വെച്ചാല്‍ പോസ്റ്മാന്‍. ഇന്നത്തെ കുട്ടികള്‍ക്ക് ശിപായിയെന്ന് പറഞ്ഞാല്‍ അറിയില്ല. പക്ഷെ ഇവര്‍ ഭാഗ്യവാന്‍മാരാണ്. കാരണം ഇവര്‍ക്ക് പോസ്റ്മാനെ എങ്കിലും അറിയാം. അമ്പലത്തിലെ ആല്‍ത്തറയിലിരുന്നാണ് കാത്തിരിപ്പ്. തപാലില്‍ എനിക്കെന്തെങ്കിലും ഉണ്ടാകുമെന്നുറപ്പാണ്. ഒന്നുകില്‍ അയച്ച കവിത അവര്‍ തിരിച്ചയക്കും, അല്ലെങ്കില്‍ കവിതയടങ്ങിയ മാസിക... ആദ്യമൊക്കെ എന്നെ കാണുമ്പോള്‍ രാഘവേട്ടന്‍ പറയും. “എത്തിട്ടില്ല ട്ടൊ. വന്നാല്‍ ഉടന്‍ കൊണ്ടുതരാം.” പിന്നെ പിന്നെ ദിവസവും കണ്ടു മടുത്തെങ്കിലും ഒരു പുഞ്ചിരി ആ മുഖത്ത് മായാതെ ഉണ്ടാകുമായിരുന്നു. അതിനര്‍ത്ഥം ഇല്ല എന്നാണെന്നറിയാമെങ്കിലും രാഘവേട്ടന്റെ തപാലിനു വേണ്ടിയുള്ള കാത്തിരിപ്പ് ഞാന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.
തപാലിനെ ആശ്രയിച്ചായിരുന്നു അന്ന് വീടുകളില്‍ പ്രധാന കാര്യങ്ങള്‍ വരെ നിശ്ചയിച്ചിരുന്നത്. അന്നത്തെ ആളുകളുടെ ജീവിതത്തിലെ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകാന്‍ കത്തുകള്‍ക്ക് കഴിയുമായിരുന്നു. സിലോണിലെ പത്മിനിച്ചെറിയമ്മക്ക് ഇരട്ടക്കുട്ടികളാണെന്നറിയിച്ച കത്ത് കണ്ട് മുത്തശ്ശി കരഞ്ഞ് മൂന്ന് ദിവസം പട്ടിണി കിടന്നത്... അതെന്തിനാണെന്ന് ഞാനിപ്പഴും അത്ഭുതപ്പെടാറുണ്ട്. സ്കൂളില്‍ ഗോപാലന്‍ മാഷിന്റെ അടി കിട്ടാതെ എന്നെ രക്ഷിച്ചിരുന്നത് അച്ഛന്റെ കയ്പടയില്‍ സാബു എഴുതിതന്ന കത്തുകളായിരുന്നു. അടുത്ത വീട്ടിലെ ജാനുചേച്ചീടെ ആസ്മ ശമിപ്പിച്ചതു വരെ അവരുടെ മകന്റെ കത്താണ്. എന്തിനേറെ പറയുന്നു ഒരു യുദ്ധത്തിന് കൊടി പിടിക്കാന്‍തക്ക ശക്തിയുണ്ട് ഒരു കഷ്ണം വെള്ള കടലാസില്‍ കോറുന്ന മുനത്തുമ്പിന്...
ഒരു വേനലവധിക്ക് കോളേജിലെ നീണ്ട വരാന്തയില്‍ വെച്ച് ലതയ്ക്ക് കൊടുത്ത കത്താണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. എന്തെല്ലാം പൊല്ലാപ്പുകളായിരുന്നു അതേ ചൊല്ലി. ഓര്‍ക്കുമ്പൊ തന്നെയുണ്ട് ആ ഭീകരത. ആഗ്രഹിച്ച് മോഹിച്ച് ഒടുക്കം ആ കത്തവള്‍ക്കു കിട്ടാന്‍ മൂന്ന് വര്‍ഷം വേണ്ടി വന്നു. ഓരോ ദിവസവും അവള്‍ക്കു വേണ്ടി നെയ്തെടുത്ത ഓരോ കിനാവുകളായിരുന്നു അതു നിറയെ. പലപ്പോഴായി ഞാനെന്റെ ഹൃദയം കൊണ്ട് ചാലിച്ചെടുത്ത കവിതകള്‍...
അതൊരു യുദ്ധത്തില്‍ പരിണമിച്ചെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എനിക്ക് ബലി നല്‍കേണ്ടി വന്നത് എന്റെ പന്ത്രണ്ട് വര്‍ഷമാണ്. നാടു കടത്താനുള്ള തീരുമാനം വീട്ടുകാരുടേതായിരുന്നുവെങ്കിലും അതിനു കാരണക്കാരിയായ ലതയെ ഞാന്‍ വെറുത്തില്ല. അവള്‍ക്കു വേണ്ടി ഏഴു കടലും കടക്കാന്‍ ഞാനൊരുക്കമായിരുന്നു. എങ്കിലും പോകുന്നതിനു മുമ്പ് അവസാനമായി ഒന്നു കാണാന്‍ തീരുമാനിച്ചു. രാത്രി അവളുടെ വീട്ടുപടിക്കലെത്തിയത് ഓര്‍മ്മയുണ്ട്. പിന്നെ ഞാന്‍ കണ്ണു തുറക്കുന്നത് കണ്ണൂര് വല്യച്ഛന്റെ വീട്ടില്‍ വെച്ചാണ്. അവളുടെ ആങ്ങളമാരെ കുറ്റം പറയാനും പറ്റില്ല. നാലു പേര്‍ക്കു കൂടി ആകെയുള്ളതിനെ ജോലിയും കൂലിയുമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ കൊടുക്കും?

.........

വല്യച്ഛന്റെ വീട്ടില്‍ നിന്ന് നേരെ പോയത് ഡല്‍ഹിയിലെ ഒരു സുഹൃത്തിന്റെ അടുത്തേക്കാണ്. പിന്നീടുള്ള പന്ത്രണ്ട് വര്‍ഷം ഞാനെങ്ങനെ ജീവിച്ചെന്ന് ഒരു പിടിയുമില്ല. ഒരുപാട് യാത്രകള്‍ക്ക് വീണ്ടും വഴിവെച്ചെങ്കിലും കറങ്ങിത്തിരിഞ്ഞ് ഇവിടെ കരോള്‍ബാഗിനടുത്ത് താമസമുറപ്പിച്ചു. രണ്ട് വര്‍ഷമായി ഇവിടെത്തന്നെയാണ്. ഇതിനിടയില്‍ ഒരുപാട് സൌഹൃദങ്ങള്‍... ചിന്തകള്‍ കുറിച്ചിട്ട കുറച്ച് പുസ്തകങ്ങള്‍... ഇവയാണ് സമ്പാദ്യം.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ നാട്ടില്‍ നിന്ന് വന്നത് രണ്ട് കത്തുകളാണ്. സാബുവിന്റെ കത്തായിരുന്നു ഒരിക്കല്‍ വന്നത്. ഞാനിവിടെ എത്തി ഒരു വര്‍ഷം ആകുന്നതിനു മുമ്പാണ്. നാട്ടില്‍ അവനായിരുന്നു എല്ലാത്തിനും കൂടെ. പാടത്ത് തോട്ടയിട്ട് മീന്‍ പിടിക്കുന്നത് കാണാന്‍ കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ ഞാന്‍ പോകുമായിരുന്നു. സാബുവും അവന്റെ ചേട്ടന്റെ തോളില്‍ വരും. അന്നു തൊട്ടുള്ള കൂട്ടാണ് ഞങ്ങളുടേത്. സ്കൂളിലെ ആദ്യത്തെ ദിവസം ഞാന്‍ സ്ളേറ്റു മായ്ച്ചത് അവന്റെ മഷിത്തണ്ട് കൊണ്ടായിരുന്നു. ആല്‍മരത്തണലില്‍ ഇരുന്ന് സൊറ പറയാനും, പൊട്ടിയൊഴുകുന്ന ഓടയുടെ അരികു പിടിച്ച് വായനശാലയിലേക്ക് നടക്കാനും, പഞ്ചറായ സൈക്കിളില്‍ രാത്രിനാടകങ്ങള്‍ക്കു പോകാനും, മേലൂരിലെ വിപ്ളവത്തിന്റെ ആവേശത്തില്‍ കള്ളുഷാപ്പിനു മുന്നില്‍ ധര്‍ണ്ണ നടത്താനും എല്ലാം അവനുണ്ടായിരുന്നു കൂടെ. എന്റെ എല്ലാ കവിതകളും ആദ്യം വായിക്കുന്നതും തിരുത്തുന്നതും അവനായിരുന്നു. മൂന്ന് വര്‍ഷം ധൈര്യം സംഭരിച്ച് ലതയ്ക്കു കത്ത് കൊടുത്തത് അവന്റെ മാത്രം ബലത്തിലാണ്.
ഒരു നാടിന്റെ മുഴുവന്‍ വിശേഷങ്ങളുണ്ടായിരുന്നു ആ കത്തില്‍. അമ്പലത്തിലെ ആല്‍മരം വീണതും, ജോസേട്ടന്റെ പീടികയില്‍ വൈദ്യുതി വന്നതും, ഒളിച്ചോടിയ ജമീലയ്ക്ക് ആണ്‍കുഞ്ഞു പിറന്നതും, നാടകസമിതി പൊളിച്ച് പുതിയ ടെക്സ്റയില്‍ ഷോപ്പ് തുടങ്ങിയതും, എല്ലാം... കൂട്ടത്തില്‍ ഒരു വിശേഷം കൂടി. ലതയുടെ കല്യാണമാണെന്ന്... ദുരിതങ്ങള്‍ക്കിടയിലും പതറാതെ നിന്നിരുന്ന എന്റെ കണ്ണൊന്ന് നനഞ്ഞത് അന്നായിരുന്നു. അടുപ്പില്‍ നിന്ന് പാല്‍ തിളച്ചു പോയതു പോലെ.
പിന്നെ ഒരു കത്ത് കിട്ടിയത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് ഡല്‍ഹിക്ക് വരുന്ന ആരുടേയോ കയ്യില്‍ വല്യച്ഛന്‍ കൊടുത്തയച്ചതായിരുന്നു അത്.

കിഷോറേ...
നിന്റമ്മയെ മിനിഞ്ഞാനാണ് ആസ്പത്രിയില്‍ കൊണ്ടു പോയത്. കാര്യമായ അസുഖമൊന്നുണ്ടായിരുന്നില്ല. പക്ഷെ എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ? ഇന്ന് വെളുപ്പിനെ ആയിരുന്നു. നീ വരണം. ഒരു പിടി മണ്ണ് അവളുടെ ദേഹത്തിടാന്‍ നീ മാത്രേ ഉള്ളൂ.
എന്ന് സ്വന്തം,
വെല്ലിച്ചന്‍.
ഞാനന്ന് ആസ്ട്രേലിയയില്‍ വെച്ചു നടന്നിരുന്ന ഒരു ലിറ്ററേച്ചര്‍ മീറ്റില്‍ ആയിരുന്നു. തിരികെ വന്നപ്പോഴാണ് കത്തു കിട്ടിയത്. അപ്പോഴേക്കും അമ്മ മരിച്ച് ആറ് മാസം കഴിഞ്ഞിരുന്നു. അന്ന് തീരുമാനിച്ചതാണ് ഇനി നാട്ടിലേക്കില്ല എന്ന്. അതിനുശേഷം നാട്ടില്‍ നിന്ന് വരുന്നത് ഈ കത്താണ്.

..........

ബഹളം കേട്ടാണ് പെട്ടെന്ന് ശ്രദ്ധ മാറിയത്. താഴെ ഗല്ലികളില്‍ തളം കെട്ടികിടന്നിരുന്ന ചോരക്കറ പതുക്കെ പരന്നു തുടങ്ങിയിരുന്നു. ശ്യാംസുന്ദറിന്റെ ഡാബയില്‍ നല്ല തിരക്കാണ്. എന്നും ജോലി കഴിഞ്ഞ് പോകുന്ന ആളുകള്‍ ഇവിടെ വന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. സേവ് പുരി, പാനിപുരി, പാവ് ബാജി എന്നിങ്ങനെ ഒരുപാട് വിഭവങ്ങളുണ്ടവിടെ. കൂട്ടത്തില്‍ പുതിയ വിശേഷങ്ങളും കേള്‍ക്കാം. അതിന്റെ ബഹളമാണവിടെ. മെട്രൊ നഗരമാണെങ്കിലും ഇത്തരം ചെറിയ കടകള്‍ ഇവിടെ ധാരാളമുണ്ട്. ഡാബകള്‍ എന്നാണ് അവയെ പറയുന്നത്.
മേലൂരില്‍ ഗവണ്‍മെന്റ് ആസ്പത്രിക്കടുത്ത ചാക്കോമാപ്ളയുടെ തട്ടുകടയാണ് അത് കാണുമ്പൊ ഓര്‍മ്മ വരാ. വൈകുന്നേരമായാല്‍ അവിടെയും നല്ല തിരക്കാണ്. ആസ്പത്രിയിലെ ആളുകള്‍ക്കുള്ള ഭക്ഷണം അവിടുന്നായിരുന്നു എല്ലാവരും വാങ്ങിയിരുന്നത്. ഫാര്‍മസിയിലെ പെമ്പിള്ളേറെ കാണാന്‍ വൈകുന്നേരം ഞങ്ങളവിടെ പോയിരുക്കുമായിരുന്നു. ലതേടെ വീടും അവിടടുത്താണ്. കുട്ടനും, പത്രോസും, ശങ്കുവും, അപ്പുണ്ണിയും, ഷാജഹാനും, പിന്നെ ഞാനും സാബുവും. ആസ്പത്രിക്കടുത്ത ലേഡീസ് സ്റോറിലായിരുന്നു ജമീല ജോലിക്ക് പോയിരുന്നത്. അവളെ കാണാന്‍ വേണ്ടിയാണ് ഷാജഹാന്‍ ഞങ്ങള്‍ടെ കൂടെ ഇരുപ്പു തുടങ്ങിയത്. തമാശക്കാണെന്നാണ് വിചാരിച്ചതെങ്കിലും ഒരു ദിവസം ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവര്‍ ഒളിച്ചോടി. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ...

........

താഴെ കടയില്‍ നിന്ന് ശേഖര്‍ ഭക്ഷണപൊതിയുമായി മുകളില്‍ വന്നു. “സലാം സാബ്.” ഒരു സലാം. അതവന്റെ പതിവാണ്. അവകാശമെന്ന് വേണമെങ്കില്‍ പറയാം. ഭക്ഷണം മേശയില്‍ വെച്ചിട്ട് അവന്‍ താഴേക്കു തന്നെ പോയി. ജഗില്‍ നിന്ന് വെള്ളമെടുത്ത് കുടിച്ച് കിഷോര്‍ കത്തെടുത്ത് പൊട്ടിച്ചു.

ബഹുമാനപ്പെട്ട സര്‍,
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ‘മേലൂരിലെ പ്രണയലേഖനം’ എന്ന സാറിന്റെ നോവലിന്റെ അവസാനഭാഗം കഴിഞ്ഞ ലക്കമായിരുന്നല്ലോ? കഥയെ പറ്റിയുള്ള പ്രതികരണങ്ങളും അഭിപ്രായങ്ങളും കൊണ്ട് ഓഫീസ് നിറഞ്ഞിരിക്കുകയാണ്. ഫോണ്‍ കോളുകള്‍ വേറെ. എല്ലാവര്‍ക്കും സാറിന്റെ അഡ്രസ്സും ഫോണ്‍ നമ്പറുമാണ് ആവശ്യം. കത്തുകളില്‍ ചിലത് ഇതിനോടൊപ്പം കൊടുത്തയക്കുന്നു. സഹായസഹകരണങ്ങള്‍ക്ക് നന്ദി. സാറിന്റെ കഥകള്‍ ഇനിയും തുടര്‍ന്നു പ്രസ്ദ്ധീകരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.
വിശ്വസ്ഥതയോടെ.
എഡിറ്റര്‍.

പതിയെ കടലാസുപൊതിയെ ഒന്ന് സൂക്ഷിച്ചു നോക്കി. അതെടുത്ത് അലമാരക്കു കീഴെയുള്ള തട്ടില്‍ വെച്ചു. ദിവസങ്ങളും മാസങ്ങളും കടന്നു പോയത് പെട്ടെന്നായിരുന്നു. കവികളേയും എഴുത്തുകാരേയും ആദരിച്ചുകൊണ്ടുള്ള The Maureen Egen Writers Exchange Award 2010ന് കിഷോര്‍ അര്‍ഹനായി. ന്യൂയോര്‍ക്കിലെ ബിങ്ങ്ഹാംടണ്‍ യൂണിവേഴ്സിറ്റിയുടെ അതിഥിയായി യു. എസ്സിലേക്ക് പോകാനൊരുങ്ങുകയാണ് കിഷോര്‍. എയര്‍പോര്‍ട്ടില്‍ യാത്രയയക്കാന്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരിന്നു. എല്ലാവരോടുമായി മനസ്സില്‍ പറഞ്ഞു. ‘ഇനി ശിഷ്ട കാലം അവിടെ. തനിക്കാരുമില്ലാത്ത നാട്ടിലേക്ക് ഒരു തിരിച്ചുവരവില്ല.’
പുതിയ താമസക്കാര്‍ക്കു വേണ്ടി മുറി വൃത്തിയാക്കുകയാണ് ശേഖര്‍. കുറച്ച് കടലാസു കഷ്ണങ്ങളും ഒഴിഞ്ഞ പേനയും മാത്രമേ അവിടുള്ളൂ. അലമാരക്കടിയിലെ പൊതി അവനപ്പോഴാണ് ശ്രദ്ധിച്ചത്. എടുത്തപ്പോഴേക്കും അതഴിഞ്ഞു വീണു. മുറി നിറയെ കത്തുകള്‍. അവനതെല്ലാം വാരിപ്പെറുക്കി ചവറ്റുകൊട്ടയുടെ വിശപ്പകറ്റി കത്തിക്കാനായി പുറത്തേക്കു പോയി. വീണ കൂട്ടത്തില്‍ ഒരു കത്ത് മാത്രം കട്ടിലിനടിയില്‍ പെട്ടത് അവന്‍ കണ്ടില്ല. പോകാന്‍ മനസ്സു വരാതെ കട്ടിലിനടിയിലേക്ക് ഒളിച്ചിരുന്ന ഒരു കത്ത്. മറഞ്ഞു കിടക്കുന്ന ആ കത്തിനു പിന്നിലെ അഡ്രസ്സ് വ്യക്തമാണ്.
Letha K. A,
Karasseri House,
Near Gov. Hospital,
P. O. Meloor,
Chalakkudy.
................

2011, ജനുവരി 28, വെള്ളിയാഴ്‌ച

മുഖംമൂടികള്‍


കറുത്ത മുഖപടത്തിനുള്ളില്‍ ശ്വാസം-
മുട്ടിക്കുന്ന മടുപ്പിലും എനിക്കെന്തൊരാശ്വാസം.
ശൂന്യമായാ അഴികള്‍ക്കുള്ളിലെ ഹോമാഗ്നിയില്‍
വെന്തുരുകന്നതിനേക്കാള്‍ സുഖകരമാണിത്.

സൈറന്‍ മുഴങ്ങുമ്പോള്‍
ശവശരീരങ്ങള്‍ ഇഴഞ്ഞു നീങ്ങി
ഒരു കറുത്ത തുണികഷ്ണം
ദൂരെ ഞാന്‍ കണ്ടു
ഇന്നലെ ആരോ വലിച്ചെറിഞ്ഞ
മുഖം മൂടിയാണത്.
എനിക്കത് തൊടാനാകുന്നില്ല.
ഒരുപക്ഷെ ഞാനിരിക്കുന്ന കറങ്ങുന്ന കസേര
അവിടെത്താറായി കാണില്ല...
അതോ എന്റെ വെളുത്ത മുഖംമൂടി
അഴിഞ്ഞുവീഴാത്തതു കൊണ്ടോണോ?

നിശബ്ദതയില്‍ വീണു കത്തിയ
മാംസം കരിയുന്ന മണം
ഇവിടെ ദ്വാരപാലകര്‍ ഇരുമ്പുമണികള്‍
സേനയും സൈന്യാധിപനും അവര്‍ തന്നെ
പാപങ്ങള്‍ പുളഞ്ഞു ചാടുന്ന പുഴുക്കളും
പ്രായശ്ചിത്തങ്ങള്‍ ചേതനയറ്റ ശരീരങ്ങളും

എങ്കിലും...
മാറ്റിയെറിയപ്പെടുന്ന മുഖം മൂടികള്‍
പിന്നേയും ബാക്കി...

2011, ജനുവരി 25, ചൊവ്വാഴ്ച

ചന്ദ്രനിലെത്തിയ മലയാളി

(2009ല്‍ കേരളകൌമുദിക്ക് വേണ്ടി എഴുതിയത്)


കരിവണ്ടുകള്‍ കൂട്ടം കൂടി പ്രകാശരശ്മികള്‍ക്ക് തടസ്സമാകുന്നു. ചിറകടിയൊച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് അവസാനത്തെ പറവയും പറന്നകന്നു കഴിഞ്ഞു. വീണു പൊട്ടിയ കുപ്പിയിലെ മഷി പരന്ന് ചുറ്റിലും ഇരുളിന്റെ നനവ് പടരുന്നു. ദൂരെ നിലവിളക്കിന്റെ നേരിയ വെട്ടത്തില്‍ ജീര്‍ണ്ണിച്ചു തുടങ്ങിയെങ്കിലും നാമാവശേഷമാകാത്ത ഒരു മന കാണാം. ഒരു കാലത്ത് പ്രൌഡിയുടെ കൊടുമുടിയായി നിലകൊണ്ടിരുന്ന ചെമ്പകശ്ശേരി മന.

ഒരു യാത്രയുടെ ഒരുക്കത്തിലാണ് കിച്ചു, അല്ല Scientist ഡോ. കൃഷ്ണ കൂമാര്‍. തന്റെ ഔദ്യോദിക ജീവിതത്തിലെ അവസാന യാത്ര. കഴിഞ്ഞ മുപ്പത് വര്‍ഷം രാജ്യത്തിനായി നേടികൊടുത്ത പ്രശസ്തിയും പുരസ്കാരങ്ങളുമെല്ലാം ഈ അവസാനയാത്രയില്‍ നിഷ്പ്രഭമാകാന്‍ പോകുന്നു. കാരണം ഇതാണ് നാഴികക്കല്ല്. ഒരിക്കലും മലയാളിക്ക് എത്തിപിടിക്കാന്‍ കഴിയില്ലെന്ന് മുദ്രകുത്തിയ അമേരിക്കക്കൊരു തിരിച്ചടി. “ചന്ദ്രനിലേക്കൊരു യാത്ര!”

ഡോ. കൃഷ്ണയുടെ നേതൃത്വത്തില്‍ ഒരു യാത്ര. ഒപ്പം സഹപ്രവര്‍ത്തകരായ ഡോ. തോമസ് ജേക്കബും ഡോ. പ്രദീപ് വര്‍മ്മയും. കിച്ചു അവരുടെ സീനിയറാണെങ്കിലും കുറച്ച് കൂടുതല്‍ സ്വാതന്ത്യ്രം അവര്‍ക്ക് രണ്ട് പേര്‍ക്കും നല്‍കിയിരുന്നു. ഒരു കാറപകടത്തില്‍ രണ്ട് പെങ്ങമാരേയും കൈയ്യിലേല്‍പ്പിച്ച് യാത്ര പറഞ്ഞവരാണ് തോമസിന്റെ മാതാപിതാക്കള്‍. ചങ്ങനാശ്ശേരിക്കാരായ ജേക്കബും ലാലിയും. ചെറുപ്പത്തില്‍ തന്നെ ജീവിതത്തിന്റെ പല സങ്കീര്‍ണ്ണതകള്‍ക്കും ഉത്തരം കണ്ടെത്തേണ്ടി വന്നതുകൊണ്ടാകാം അയാള്‍ ഇത്ര സീരിയസ് ആയതെന്ന് തോന്നുന്നു. ഉത്തരവാദിത്വമുള്ളതു കൊണ്ട് അത്തരം ജോലികള്‍ കിച്ചു അവനെയാണ് ഏല്‍പ്പിക്കാറ്. എന്നാല്‍ പ്രദീപ് നേരെ മറിച്ചാണ്. വ്യവസായ പ്രമുഖന്‍ രാമവര്‍മ്മയുടേയും സുരഭി അന്തര്‍ജനത്തിന്റേയും ഏക മകന്‍. ജീവിതം എപ്പോഴും ഒരു കുട്ടിക്കളിയാണവന്. സമൂഹത്തെ പറ്റിയും സാമൂഹിക ക്രയവിക്രയങ്ങളെപ്പറ്റിയും ബോധവാനാണെങ്കിലും പ്രായോഗിക കാര്യങ്ങള്‍ക്ക് പരിജ്ഞാനം പോരാ.

എട്ട് മണിക്കാണ് പുറപ്പെടുന്നതെങ്കിലും അഞ്ചു മണി ആയപ്പോഴേ എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു. മനസ്സില്‍ ഒരല്‍പ്പം ടെന്‍ഷന്‍ ഉണ്ട്. അത് പോകുന്ന യാത്രയെ ഓര്‍ത്തോ സാങ്കേതിക കാര്യങ്ങളെപ്പറ്റിയോ അല്ല. പിന്നെ... ഓരോന്നോര്‍ത്ത് സമയം പോയതറിഞ്ഞില്ല. റോക്കറ്റില്‍ കേറി ഇരിപ്പുറപ്പിച്ചു. ടെയ്ക്ക് ഓഫിന്റെ സമയത്ത് എന്താണ് തന്റെ വികാരമെന്ന് കിച്ചുവിന് തിരിച്ചറിയാനായില്ല.

ഇപ്പോള്‍ താന്‍ അന്തരീക്ഷത്തിലാണ്. ഭൂമിയില്‍ നിന്ന് ഒരുപാടകലെ. കഴിഞ്ഞ കുറച്ച് നിമിഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലായിരുന്നുവെന്ന് വിശ്വസിക്കാനാവാത്ത അത്രയും ദൂരെ എത്തിക്കഴിഞ്ഞു. തോമസും പ്രദീപും സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പ്രദി ഇപ്പോഴും ഒരു സ്വപ്നലോകത്താണ്. അയാള്‍ക്ക് തന്റെ ആകാംക്ഷ മറച്ചു വെക്കാനാകുന്നില്ല. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രനില്‍ കാണുന്ന മുയലിനെ കണ്ടു പിടിക്കാനാണത്രേ അവന്റെ യാത്ര. ഗൌരവത്തിലിരുന്നിരുന്ന തോമസ്സിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല.

കിച്ചു അവരുടെ സംസാരത്തില്‍ നിന്ന് കാതുകളെടുത്തു. അപ്പോഴേക്കും ഓര്‍മ്മകളുടെ കവാടങ്ങളില്‍ എന്തോ തിരയുകയായിരുന്നു കിച്ചുവിന്റെ മനസ്സ്. മകള്‍ രേവതിയുടെ വലിയൊരാഗ്രഹമായിരുന്നു ചന്ദ്രനെ തൊടാന്‍. അച്ഛന്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് കാണാന്‍ നില്‍ക്കാതെ അവള്‍ അവളുടെ അമ്മയ്ക്കു പിറകെ പോയി. മകളെ ഒരു നോക്ക് കാണാന്‍ നില്‍ക്കാതെ, അവളെ എന്റെ കയ്യിലേല്‍പ്പിച്ച് പോയ എന്റെ അമ്മുവിന്റെ കൂടെ. തലച്ചോറില്‍ ദൈവം ഒളിപ്പിച്ചു വെച്ച കുസൃതി. നോടുവീര്‍പ്പില്‍ എല്ലാ വിഷമങ്ങളുമൊതുക്കി കിച്ചു കസേരയില്‍ ചാഞ്ഞു കിടന്നു.

യാത്രക്കൊടുവില്‍ അവരാ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിച്ചേര്‍ന്നു. ഭൂമിയുടെ ഭ്രമണപദത്തില്‍ നിന്ന് വഴി മാറി ഒരത്ഭുത ലോകത്ത്. റോക്കറ്റില്‍ നിന്ന് ശൂന്യതയിലേക്കിറങ്ങിയപ്പൊ താനും ശൂന്യമാണെന്ന് കിച്ചുവിന് മനസ്സിലായി. നിശബ്ദതയില്‍ പാറിപ്പറക്കുന്ന ഒരു പറ്റം പൂമ്പാറ്റകളെപ്പോലെ... കാലുകള്‍ നിലത്തുറയ്ക്കാതെ പറന്ന് നടക്കുന്നു. ശരീരവും മനസ്സും ശൂന്യമാക്കി അയാളും ആ അനന്തതയുടെ പരപ്പിലൂടെ ഒഴുകി നടന്നു. ചന്ദ്രനിലെത്തിയ ആദ്യ മലയാളി എന്ന സ്ഥാനം തനിക്ക് ലഭിച്ചു കഴിഞ്ഞു. ഈയൊരു നിമിഷത്തിനായിരുന്നോ കഴിഞ്ഞ രണ്ടര വ്യാഴവട്ടക്കാലം താന്‍ ജീവിച്ചത്? അമ്മുവിനോടും രേവതിയോടുമൊത്ത് ജീവിച്ച് കൊതി തീര്‍ന്നില്ല.

കൂടെയുള്ളവര്‍ ചുറ്റിലും പരന്ന് നടക്കുകയാണ്. അപരിചിതരായ കൂറേ പേര്‍ കൂടെ ഉള്ളതുപോലെ തോന്നുന്നു. തോമസ് വന്ന് പെട്ടെന്നെന്തിനോ അനുവാദം ചോദിക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല. ശ്രദ്ധിക്കാനും കഴിയുന്നില്ല. അമ്മുവിന്റേയും രേവതിയുടേയും ശബ്ദം ദൂരെ കേള്‍ക്കുന്നുണ്ട്. പതുക്കെ പതുക്കെ അവ വ്യക്തമായി വരുന്നു. കരിവണ്ടുകള്‍ വീണ്ടും കൂട്ടം കൂടി കാഴ്ചയെ മറയ്ക്കുന്നു. ചുറ്റിലുമുള്ള മൂകത്തയ്ക്ക് വിരാമം സംഭവിക്കുന്നു. വീണു ചിതറിയ കുപ്പിയിലെ മഷി പരന്ന് ഇരുട്ടിന്റെ നനവ് പടരുന്നു...