2013, ജൂൺ 5, ബുധനാഴ്‌ച

ഒളിത്താവളങ്ങൾ

കാണാതെ കണ്ട് അറിയാതെയറിഞ്ഞ്
നിന്നുദരത്തിലെന്നെ ഒളിപ്പിച്ചു വെച്ച്
കൊഞ്ചിയും തേങ്ങിയും ചവിട്ടിയും
അതെന്റെ ആദ്യ താവളമായി മാറിയിരുന്നു
                                     
കണ്ണിലൊളിപ്പിച്ച കുസൃതിയോടെ
അവളെന്നെക്കാട്ടി മോഹിപ്പിച്ച ആ
പുസ്തകത്താളിലെ മയിലപ്പീലിയിൽ 
ഒളിച്ചിരിക്കാനാഗ്രഹിച്ച് നടന്നിട്ടും
തോരാതെ പെയ്തൊരാ പെരുമഴയിലന്നു
നിന്റെ നനഞ്ഞപാവാട ശബ്ദവും,
വെളിച്ചെണ്ണമണമുള്ള മുടിത്തുമ്പിലെ- 
വെള്ളത്തുള്ളികളും കണ്മറയുന്നവരെ കണ്ടു ഞാൻ

ജനൽപ്പാളിയിലൂടെന്നെ എത്തിനോക്കിയ വിരലുകൾ
നിന്റെ പാദുകങ്ങളെ പിൻതുടർന്ന നാളുകൾ
കലാലയത്തിലെ ഒഴിഞ്ഞ ഇടനാഴികകൾ
വാചാലമായ നിന്റെ മൌനത്തിന് കാവലായി
വായനശാലയിലെ പുസ്തകങ്ങൾ
എനിക്കുവേണ്ടി കവിതകളെഴുതി
നിന്റെ കൊഞ്ചുന്ന ചിലങ്കകളെന്നെ പുളകമണിയിച്ചു
നോട്ടങ്ങളെന്നെ വാരിപ്പുണന്നു
നീ മറന്നു വെക്കുന്ന കടലാസുതുണ്ടുകൾ 
ഞാനെന്തിനോ വേണ്ടി എടുത്തുവെച്ചു
നിന്റെ ചിലങ്കയിലെ ഒരു മുത്തായി
മാറാ ഞാ കൊതിച്ചെങ്കിലും
കാലമെന്നെയീ മരുഭൂമിയിലെ കൂറ്റ 
കെട്ടിടങ്ങൾക്കിടയിലൊളിപ്പിച്ചു

നിന്റെ കൈവിട്ടോടിച്ചെന്നതിനിയുമറിയാത്ത
താവളങ്ങളിലേക്കാണെന്നറിഞ്ഞില്ല ഞാൻ
ഇനി നിന്റെയുദരത്തിലൊളിക്കാനാകില്ലെങ്കിലും
നിന്റെ മടിത്തട്ടിലൊളിക്കണമിനിയെന്നും