2015, ജൂലൈ 13, തിങ്കളാഴ്‌ച

ഒരു ചെറിയ ചിന്ത

ജീവിതം ഒരു പുഴപോലെയായിരുന്നെങ്കില്‍...
കുഞ്ഞു കുഞ്ഞു സ്വപ്ങ്ങളും പേറി ഒഴുകിയൊഴുകിയൊരു യാത്ര. ആ ഒഴുക്കിനിടയില്‍ പലവിധ ചവറുകളും കടലാസു തുണ്ടുകളും തടി കഷ്ണങ്ങളും കൂടെ യാത്രക്കൊരുങ്ങുന്നു. അങ്ങനെ പലതും പലരും...
ഒന്നിച്ചാണ് പിന്നീടുള്ള യാത്രയെന്ന് കരുതുമെങ്കിലും ചിലതെല്ലാം വഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. ദുര്‍ഘടമായ വഴികള്‍ വരുമ്പോള്‍ ചിലര്‍ നമ്മെ ഉപേക്ഷിച്ചും ചിലരെ നമ്മളുപേക്ഷിച്ചും. കുത്തനെയുള്ള മലകള്‍ക്കു മുകളില്‍ നിന്ന്  താഴേക്കുള്ള ഒഴുക്കില്‍ പാറകള്‍ക്കിടയില്‍ തടഞ്ഞു നിന്ന് തടി കഷ്ണം യാത്രയവസാനിപ്പിക്കുന്നു. കാട്ടു ചോലകളില്‍ വെച്ച് പുതിയൊരു സുഹൃത്തിനെ കിട്ടിയപ്പോള്‍ കടലാസു കഷ്ണവും വിട്ടു പിരിഞ്ഞു. എങ്കിലും അങ്ങകലെ ചുവന്നു തുടുത്ത ആ ലക്ഷ്യസ്ഥാനം ഒഴുക്കിന് ശക്തി പകര്‍ന്നുകൊണ്ടേയിരുന്നു.
നഷ്ടങ്ങള്‍ സംഭവിച്ചിട്ടും ആ കുഞ്ഞു സ്വപ്നങ്ങളുടെ നിറത്തിന് തിളക്കം കൂടിയതേയുള്ളൂ. ഒഴുക്കിനിടയില്‍ കടന്നു വരുന്ന തടസ്സങ്ങള്‍ വകവെയ്ക്കാതെ വഴിമാറിയൊഴുകി വീണ്ടും വീണ്ടും തുടരുന്ന ശക്തമായ യാത്ര. ആരോടും പരിഭവങ്ങളോ പിണക്കമോ ഇല്ലാതെ  നന്മ നിറഞ്ഞൊരു യാത്ര. എന്നിട്ടൊരിക്കലൊരു സായം സന്ധ്യയില്‍ സമുദ്രമെന്ന ലക്ഷ്യം ഭേദിച്ച് അതില്‍ മുങ്ങിക്കുളിച്ച് നൃത്തമാടുന്നു.
ശുഭപര്യവസായിയായ ഒരു തീരം തേടി ഓരോ ജീവിതവും...